തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുത്തത് മലയോരത്തെ പ്രതിഷേധം തിരിച്ചറിഞ്ഞ്. താമരശ്ശേരി രൂപത നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ രാഷ്ട്രപതിയുടെ അംഗീകാരം ബില്ലിന് അനിവാര്യതയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടും നിര്‍ണ്ണായകമായി. വന്യജീവികളെ കൊല്ലാനുള്ള കരട് ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് പ്രത്യേക യോഗം ചേര്‍ന്നാണ്. 1972ലെ കേന്ദ്ര നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നത്. സ്വകാര്യഭൂമിയിലെ ചന്ദനം വനംവകുപ്പ് വഴി മുറിച്ചു മാറ്റുന്നതും വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതും ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും.

സംസ്ഥാനത്ത് ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങള്‍ ജനങ്ങളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന സാഹചര്യത്തിലും വ്യാപക കൃഷിനാശം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലുമാണ് സര്‍ക്കാരിന്റെ നടപടി. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ 1972ലെ കേന്ദ്ര നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കരട് ബില്ലിലാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയും ബില്ലില്‍ ഉണ്ടാകും. കേന്ദ്ര നിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിന് കൊണ്ടുവരണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണം. ഈ സാഹചര്യത്തില്‍ കേരള നിയമസഭ ബില്ല് പാസാക്കി, ഗവര്‍ണറുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്ക് അയയ്ക്കുകയും രാഷ്ട്രപതി ബില്‍ അംഗീകരിച്ച് വിജ്ഞാപനം ഇറക്കുന്നത് വരെ നടപടി ക്രമം നീളും. മലയോര ജനതയുടെ വോട്ടില്‍ കണ്ണുവച്ചാണ് പിണറായി സര്‍ക്കാരിന്റെ ഈ നീക്കം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനപ്രീതി മലയോരത്ത് ഉയര്‍ത്താനാണ് ശ്രമം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടാന്‍ കഴിയും. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ അനുസരിച്ച്, കാട്ടാനയാക്രണത്തില്‍ മാത്രം കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. വന്യജീവി ആക്രമണങ്ങളില്‍ നിയമം നടപ്പാക്കുന്നതില്‍ പ്രയോഗിക പ്രശ്‌നം ഉണ്ടെങ്കിലും മലയോര ജനതയെ ഒപ്പം നിര്‍ത്തുകയാണ സര്‍ക്കാര്‍ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഇത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കും. കേരളത്തില്‍ ക്രൈസ്തവരെ ഒപ്പം നിര്‍ത്താന്‍ ബിജെപിയും കണിഞ്ഞു ശ്രമിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി കൂടിയാണ് പിണറായി സര്‍ക്കാരിന്റെ നീക്കം.

അക്രമകാരികളായ വന്യ മൃഗങ്ങളെ കൊല്ലുന്നതിനു വേണ്ടിയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയും വലിയ സമ്മര്‍ദ്ദം സംസ്ഥാനം കേന്ദ്രത്തില്‍ ചെലുത്തിയെങ്കിലും ആനുകൂല നിലപാട് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കേരളം നിയമ ഭേദഗതിയുമായി എത്തുമ്പോള്‍ രാഷ്ട്രപതിയുടെ തീരുമാനം നിര്‍ണ്ണായകമാകും. ഇതിനു പുറമെ സ്വകാര്യ ഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതും വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലും മന്ത്രിസഭായോഗം അംഗീകരിച്ചത് മലയോരത്തിന്റെ ആവശ്യം കൂടി മനസ്സിലാക്കിയാണ്.

വില്‍പ്പന നടത്തുന്നതിന്റെ വില കര്‍ഷകന് ലഭിക്കുന്ന രീതിയിലാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. രണ്ട് ബില്ലുകളും തിങ്കളാഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്കും വന്യജീവി ആക്രമണ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്കും വലിയ ആശ്വാസം പകരുന്ന തീരുമാനമാണ് മന്ത്രിസഭായോഗം കൈക്കൊണ്ടത്െന്ന് സര്‍ക്കാര്‍ പറയുന്നു.