തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ വേദിയിലായിരുന്നു സംഭവം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലെ വരിയുള്‍പ്പെടുന്ന കപ്പുമായാണ് മുഖ്യമന്ത്രി സത്യാഗ്രഹ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. 'Love you to moon and back' എന്ന അതിജീവിതയുടെ വാക്കുകളായിരുന്നു കപ്പിലുണ്ടായിരുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ വൈകാരിക കുറിപ്പുമായി അതിജീവിത രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നല്‍കിയ അതിജീവിതയായിരുന്നു ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ദൈവത്തിന് നന്ദിയെന്നും വേദനകള്‍ക്കും വഞ്ചനകള്‍ക്കും ഇടയില്‍ ദൈവം അംഗീകരിച്ചുവെന്നും അതിജീവിത പ്രതികരിച്ചിരുന്നു. ഇരുട്ടില്‍ എന്താണ് നടന്നതെന്ന് നീ കണ്ടു.

ലോകം കേള്‍ക്കാതെ പോയ നിലവിളികള്‍ നീ കേട്ടു, ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടര്‍ത്തി മാറ്റിയപ്പോഴും നീ തുണയായെന്നും യുവതി പറഞ്ഞിരുന്നു. ഈ കുറിപ്പിലാണ് 'Love you to moon and back' എന്ന വാചകവും അതിജീവിത എഴുതിയിരുന്നത്.

അതേസമയം, ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകള്‍ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.