- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തം; ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്; സര്‍ക്കാറിനും മുന്നണിക്കും എതിരായ ആരോപണങ്ങളെല്ലാം തള്ളുന്നു; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി; മുന്‍ നിശ്ചയിച്ച അന്വേഷണം തുടരുമെന്നും പിണറായി വിജയന്‍
അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തം
ന്യൂഡല്‍ഹി: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കൊണ്ട് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിന്റെ ആരോപണങ്ങളില്‍ ഉദ്ദേശ്യം വ്യക്തമാണെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷിക്കുമെന്ന് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണ്. അതില്‍ തൃപ്തനല്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: പി.വി. അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന സംശയമുണ്ടായിരുന്നു. ഒരു എം.എല്‍.എ. എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതില്‍ അദ്ദേഹം തൃപ്തനല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. നേരത്തെ സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
പാര്‍ട്ടിക്കും എല്‍.ഡി.എഫിനും സര്‍ക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അന്‍വര്‍ ഇന്നലെ പറഞ്ഞിട്ടുള്ളത്. എല്‍.ഡി.എഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയുന്നതും കേട്ടു. ഉദ്ദേശ്യം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്ന് പറഞ്ഞു. എല്‍.ഡി.എഫില്‍നിന്ന് വിട്ടുനില്‍ക്കുന്നുന്നുവെന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ പങ്കെടുക്കില്ലെന്നും സ്വയം അറിയിച്ചു. അദ്ദേഹം പറഞ്ഞതിന് വിശദമായി മറുപടി പറയേണ്ടതുണ്ട്. അക്കാര്യങ്ങളിലേക്ക് പിന്നീട് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്കും സര്‍ക്കാരിനും എല്‍.ഡി.എഫിനും എതിരെ അന്‍വര്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും തള്ളിക്കളയുന്നു. അത് പൂര്‍ണ്ണമായും എല്‍.ഡി.എഫിനേയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണമായേ കണക്കാക്കാനാകൂ. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണസംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. അത് കൃത്യമായി നിഷ്പക്ഷമായി തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം കൂടിയാണ്. അന്‍വറിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി രംഗത്തുവരാനാണ് പാര്‍ട്ടിയും തീരുമാനിച്ചിരിക്കുന്നത്. അന്‍വറിന്റെ ഭാഗത്തേക്ക് പ്രവര്‍ത്തകര്‍ പോകാതിരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും റിയാസിനെയും ല്ക്ഷ്യമിട്ടുള്ള അന്‍വറിന്റെ ആരോപണങ്ങള്‍ ഫലത്തില്‍ മുഖ്യമന്ത്രിക്ക് സിപിഎം ഉള്‍പ്പാര്‍ട്ടി രാഷ്ടീയത്തില്‍ ഗുണകരമായി മാറുന്നതായി.
അതേസമയം സി.പി.എം നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി നിലമ്പൂര്‍ എം.എല്‍.എ പി വി അന്‍വര്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശിയും ചേര്‍ന്നാണെന്ന് അന്‍വര്‍ പറഞ്ഞു. നേതാക്കളുടെ സീനിയോറിറ്റി മറികടന്നാണ് മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്.
റിയാസ് മന്ത്രിയായതില്‍ തെറ്റില്ല. എത് പൊട്ടനും മ?ന്ത്രിയാകാമെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് പി.വി അന്‍വര്‍ മറുപടി നല്‍കി . പിണറായിയെ നിയന്ത്രിക്കുന്നത് ശശിയും റിയാസുമാണ്. പിണറായിസമാണ് ഇപ്പോള്‍ സി.പി.എമ്മിലുള്ളത്. മറ്റ് നേതാക്കള്‍ക്ക് പിണറായിയെ പേടിയാണ്. തെറ്റ് ചൂണ്ടിക്കാട്ടാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല. പുനഃപരിശോധനക്ക് നേതാക്കള്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴും താന്‍ എല്‍.ഡി.എഫില്‍ തന്നെയാണ്. കണ്‍വീനര്‍ പറഞ്ഞാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കും. സ്വര്‍ണ പൊട്ടിക്കലുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി-ബി.ജെ.പി ബന്ധത്തിനും തനിക്ക് നല്‍കാന്‍ തെളിവുകളില്ല. കോണ്‍ഗ്രസിന്റെ വാതില്‍ തുറക്കാനല്ല താന്‍ വന്നതെന്നും പി.വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ആരെയും കണ്ടിട്ടല്ല താന്‍ ഇതിന് ഇറങ്ങിയത്. ജലീലിന്റെ പിന്തുണ ഇല്ലെങ്കില്‍ വേണ്ട. താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയും സമൂഹവും പരിശോധിക്കട്ടെ. പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. നേതൃത്വത്തെ ചോദ്യം ചെയ്യും. ഇനിയും കാര്യങ്ങള്‍ പറയും.പൂരം കലക്കിയത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമായി. ഇനി അതില്‍ ഒരു അന്വേഷണ പ്രഹസനത്തിന്റെ കാര്യമില്ലെന്നും അന്‍വര്‍ പറഞ്ഞു.