- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
'ഇനിയും ജീവനോടെ ആരുമില്ല'; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണം; ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി: മുഖ്യമന്ത്രി
കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു,
തത്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കുമെന്നും പുനരധിവാസ പക്രിയ ഫലപ്രദമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സ്വീകരിച്ച അനുഭവം നമുക്ക് ഉണ്ട്. ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും. ക്യാംപുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണം ക്യാംപ്. ക്യാംപിനകത്തേക്ക് ക്യാമറയുമായി മാധ്യങ്ങള്‍ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യമായ മെഷിനറി എത്തിക്കാന്‍ പറ്റാത്തത് രക്ഷാപ്രവര്‍ത്തിന് വെല്ലുവിളികയായിരുന്നു. എന്നാല്‍ ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയായതോടെ യന്ത്രസംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ തല്‍ക്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കാനാണ് തീരുമാനം. പുനരധിവാസം പ്രക്രിയ ഫലപ്രദമായി സ്വീകരിക്കും. ക്യാംപ് വിവിധ കുടുംബങ്ങള്‍ താമസിക്കുന്ന ഇടമാണ്. അതിനാല്‍ സ്വകാര്യത സംരക്ഷിക്കണം. ക്യാംപിനകത്തേക്ക് ക്യാമറയുമായി കടക്കരുത്. ക്യാംപുകളില്‍ ബന്ധുക്കളെ കാണാന്‍ വരുന്നവര്‍ക്ക് പുറത്ത് റിസപ്ഷന്‍ പോലുള്ള സംവിധാനം ഒരുക്കും" മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നല്‍കാനാവും. പെട്ടെന്ന് സ്‌കൂളിലേക്ക് പോകാനാവില്ല. മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവര്‍ക്കും കൗണ്‍സിലിങ് നല്‍കും. കൂടുതല്‍ പേരെ ദൗത്യത്തിന്റെ ഭാഗമാക്കും. ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ അതിന് തയ്യാറല്ല. അവര്‍ക്ക് ഭക്ഷണം എത്തിക്കുമെന്നും മഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലേത് മഹാ ദുരന്തമാണ്. പകര്‍ച്ചവ്യാധി തടയാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകള്‍ അംഗീകരിക്കണം. മൃതദേഹം തിരിച്ചറിയാനുള്ള സ്ഥലത്ത് ആളുകള്‍ തള്ളിക്കയറരുത്. ചത്ത മൃഗങ്ങളെയും കൃത്യമായി സംസ്‌കരിക്കും. 12 മന്ത്രിമാര്‍ വയനാട്ടിലുണ്ട്. എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ-വനം-ടൂറിസം-എസ്സി എസ്ടി മന്ത്രിമാര്‍ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കും. ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഗ്രാമങ്ങളിലായി 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. 270ലേറെ പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിന് പിന്നാലെ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം ആരംഭിക്കാനായെങ്കിലും മുണ്ടക്കൈയില്‍ ദൗത്യമാരംഭിക്കാന്‍ വൈകി. മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതോടെ മറുകരയിലേക്കെത്താന്‍ വഴിയില്ലാതായി. ആദ്യദിനത്തില്‍ ഹെലികോപ്ടര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്താണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഉറ്റവരെ അവസാനമായെങ്കിലും ഒരു നോക്ക് കാണണമെന്ന ആഗ്രഹത്തോടെ മേപ്പാടിയിലെ ആരോഗ്യ കേന്ദ്രത്തില്‍ കൂടിനില്‍ക്കുന്നവര്‍ അനവധിയാണ്. ദുരന്തമേഖലയില്‍ നിന്നും, നിലമ്പൂര്‍ മേഖലയില്‍ പുഴയില്‍ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങള്‍ ഇവിടെയാണെത്തിക്കുന്നത്. ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള അവസരമൊരുക്കുന്നതും ഇവിടെയാണ്.



