- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരംകിട്ടിയപ്പോൾ 'വയറി'നെതിരെയും കേന്ദ്ര ഇടപെടൽ; ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പരാതിയിൽ എടുത്ത കേസെടുത്ത പൊലീസ് എഡിറ്റർമാരുടെ വീട്ടിൽ പരിശോധന നടത്തി; നടപടിയിൽ എതിർപ്പ് ശക്തം; അമിതാധികാര പ്രയോഗവും അതിരുവിട്ടതുമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് തലവേദനയായി മാറിയ ഓൺലൈൻ മാധ്യമ സ്ഥാപനമാണ് 'ദ വയർ'. കേന്ദ്രത്തെ വെട്ടിലാക്കുന്ന പല വെളിപ്പെടുത്തലുകളും ഈ സ്ഥാപനം നടത്തിയിട്ടുണ്ട്. ഇതുവരെ കേന്ദ്ര നടപടികളെയെല്ലാം അതിജീവിച്ച സ്ഥാപനത്തിനെതിരെ കിട്ടിയ അവസരത്തിൽ പകപോക്കൽ സമീനപനവുമായി ബിജെപി രംഗത്തുവന്നു.
ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പരാതിയിൽ എടുത്ത കേസെടുത്ത പൊലീസ് രാജ്യത്തെ മുതർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, എം കെ വേണു, സിദ്ധാർഥ് ഭാട്ടിയ, ഡെപ്യൂട്ടി എഡിറ്റർ ജാൻവി സെൻ, ബിസിനസ് ഹെഡ് മിഥുൻ കിഡംബി എന്നിവരുടെ വസതികളും സ്ഥാപനത്തിന്റെ ഓഫീസും ഡൽഹി ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തു.
ഇത് പകപോക്കലാണ് 'വയർ ' പ്രസ്താവനയിറക്കി. വീടുകളിൽനിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഡൽഹി ഓഫീസിലെ കംപ്യൂട്ടറുകളിൽനിന്ന് ഹാർഡ് ഡിസ്ക് പിടിച്ചെടുത്തതിനു പുറമെ അഭിഭാഷകരിലൊരാളെ ബലമായി പൊലീസ് ഓഫീസിൽനിന്ന് പുറത്താക്കി. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഹാഷ് വാല്യൂ രേഖപ്പെടുത്തണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ലന്നും 'വയർ ' ചൂണ്ടിക്കാട്ടി.
അതേസമയം മുൻ ജീവനക്കാരൻ ദേവേഷ് കുമാറിനെതിരെ 'വയർ 'നൽകിയ പരാതിയിൽ കേസെടുക്കാൻ തയാറായിട്ടില്ല. മാളവ്യക്ക് ഫേസ്ബുക്കിൽനിന്നും ഇൻസ്റ്റഗ്രാമിൽനിന്നും ബിജെപി വിരുദ്ധ ഉള്ളടക്കം നീക്കാൻ കഴിയുന്ന 'എക്സ്ചെക്കർ' പദവി ഉണ്ടെന്ന് വാർത്ത നൽകിയതിന്റെ പേരിലാണ് സ്ഥാപനം നടപടി നേരിടുന്നത്. വയർ വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. മാളവ്യക്ക് 'എക്സ്ചെക്കർ' പദവിയുണ്ടെന്ന് ഇൻസ്റ്റഗ്രാമിലെ സീനിയർ എക്സിക്യൂട്ടീവും സുഹൃത്തുമായ ഫിലിപ്പീൻസ് സ്വദേശി വെളിപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ദേവേഷ് കുമാറാണ് വയറിനെ സമീപിച്ചത്.
വിവരങ്ങളടങ്ങിയ ഇയാളുടെ ഇ- മെയിലും റിപ്പോർട്ടർക്ക് നൽകി. ഈ മെയിലാണ് സ്ഥാപനത്തെ കുടുക്കിയതെന്ന് വയർ സ്ഥാപകൻ സിദ്ധാർഥ് വരദരാജൻ വെളിപ്പെടുത്തി. ദേവേഷ് കുമാർ നൽകിയ രേഖകൾ വ്യാജമായിരുന്നു. അതേസമയം വയർ വാർത്താ പോർട്ടലിന്റെ മേധാവികളുടെ വീടുകളിൽ ഡൽഹി പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട. പരിശോധന അമിതാധികാര പ്രയോഗവും അതിരുവിട്ടതുമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആരോപിച്ചു.
സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ഡപ്യൂട്ടി എഡിറ്ററും മലയാളിയുമായ എം.കെ.വേണു, ഡപ്യൂട്ടി എഡിറ്റർ ജാൻവി സെൻ അടക്കമുള്ളവരുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഡൽഹി പൊലീസ് തിടുക്കം കാണിച്ചുവെന്നും ഗിൽഡ് ചൂണ്ടിക്കാട്ടി. ഫോണുകൾ, കംപ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവ പിടിച്ചെടുത്ത രീതിയിലും ആശങ്ക രേഖപ്പെടുത്തി. ഡിജിറ്റൽ ഫയലുകളിൽ മാറ്റം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള 'ഹാഷ് വാല്യു' പോലും ഉടമകൾക്കു പൊലീസ് നൽകിയില്ല. മാധ്യമപ്രവർത്തകരായതിനാൽ ഫോണുകളിൽ രഹസ്യസ്വഭാവമുള്ള വിവരങ്ങളുണ്ടാകാമെന്നും പൊലീസ് നടപടി വഴി ആ രഹസ്യസ്വഭാവം നഷ്ടപ്പെടാമെന്നും ഗിൽഡ് ആശങ്ക രേഖപ്പെടുത്തി.
വാർത്തയുമായി ബന്ധപ്പെട്ട് വീഴ്ച 'ദ് വയർ' അംഗീകരിച്ചതാണ്. തെറ്റു തുറന്നുപറഞ്ഞിട്ടും നടത്തിയ പൊലീസ് പരിശോധനയിൽ ഇന്ത്യൻ വിമൻസ് പ്രസ് കോർ (ഐഡബ്ല്യുപിസി) ആശങ്ക രേഖപ്പെടുത്തി. മാധ്യമപ്രവർത്തനം ഉത്തരവാദിത്തത്തോടു കൂടി ചെയ്യണമെന്നതിൽ സംശയമില്ല. എന്നാൽ, അതിനിടയിൽ വരുന്ന തെറ്റുകൾ കൈകാര്യം ചെയ്യാൻ പൊലീസ് നടപടിയല്ല വേണ്ടതെന്നും ഐഡബ്ല്യുപിസി ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി, സംഗീതജ്ഞൻ ടി.എം.കൃഷ്ണ തുടങ്ങിയവരും പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ, പ്രസ് അസോസിയേഷൻ അടക്കം 7 സംഘടനകൾ സംയുക്ത പ്രസ്താവന പുറത്തിറക്കി.
മറുനാടന് മലയാളി ബ്യൂറോ