- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂവി വിളികള്‍ക്കിടയിലും കൂസല്‍ ഇല്ലാതെ പുഞ്ചിരിച്ച് ആത്മവിശ്വാസത്തോടെയുള്ള നടത്തം; ജയിലിലേക്ക് കയറിയപ്പോഴും പുഞ്ചിരിമായാതെ ചുവട് വയ്പ്പ്; തടവറയിലും വിവിഐപി പരിഗണന; പിണറായിയുടെ കളരിയില്‍ രാഷ്ട്രീയം പഠിച്ച പിപി ദിവ്യക്ക് ജയില്‍ വാസം പോലും വല്ലഭന് പുല്ലും ആയുധമെന്ന പോലെ
കണ്ണൂര്‍: കോളേജ് ഫുട്‌ബോള്‍ ടീമിന് വേണ്ടി പന്തുമായി മുന്നേറുമ്പോള്‍ ആത്മവിശ്വാസമായിരുന്നു പിപി ദിവ്യയുടെ മുഖത്ത്. പിന്നീട് എസ് എഫ് ഐ രാഷ്ട്രീയത്തിലൂടെ കണ്ണൂരിലെ സിപിഎം മുഖമായി. പിണറായി വിജയന്റെ വിശ്വസ്ത ടീമില്‍ ഇടം നേടി മൂന്ന് ടേമില്‍ ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചെത്തി. ഹാട്രിക് വിജയത്തില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവുമെത്തി. ഇതോടെ കണ്ണൂരിലെ സിപിഎം പ്രമുഖയായി പിപി ദിവ്യ. ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച മുഖവുമായി ദിവ്യ രാഷ്ട്രീയ പടവുകള്‍ ഒന്നൊന്നായി കയറി. അവസാനം നവീന്‍ ബാബുവിനെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ച് തളര്‍ത്തി. അങ്ങനെ ആ ജീവന്‍ പൊലിഞ്ഞു. പിന്നെ 15 ദിവസം ദിവ്യയ്ക്ക് ഒളി ജീവിതമായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം എതിരായപ്പോള്‍ കീഴടങ്ങാന്‍ കാറില്‍ കയറി. അവിടെ നിന്നും എത്തിയത് ജയിലില്‍. ഈ വഴിയില്‍ പോലും ദിവ്യയുടെ മഖുത്ത് ആത്മവിശ്വാസവും പുഞ്ചിരിയും ഉണ്ടായിരുന്നു. പിണറായി വിജയന്റെ അതേ കളരിയിലെ രാഷ്ട്രീയ പഠനം ദിവ്യയെ എന്തും നേരിടാനുള്ള മാനസിക കരുത്ത് നല്‍കിയെന്നതിന് തെളിവ്. ഒരു സാധു മനുഷ്യന്റെ ജീവനെടുത്ത കുറ്റത്തിന് ജയിലിലേക്ക് പോകുമ്പോഴും മുഖത്തുള്ള പുഞ്ചിരി എല്ലാ സംവിധാനങ്ങളേയും വെല്ലുവിളിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്ന് ദിവ്യ പറഞ്ഞു വയ്ക്കുന്നതിന് തുല്യമാണ്.
ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് അംഗമായി തുടരാന്‍ നിയമപരമായി തടസ്സങ്ങളില്ല. നവീന്റെ മരണം ഉയര്‍ത്തിയ വിവാദങ്ങളെ തുടര്‍ന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ രാജിവച്ചിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് അംഗം എന്ന സ്ഥാനം രാജിവച്ചിട്ടില്ല. 1994 ലെ കേരള പഞ്ചായത്തിരാജ് നിയമത്തില്‍ ജനപ്രതിനിധികളുടെ അയോഗ്യത പ്രതിപാദിക്കുന്ന വകുപ്പ് 35 പ്രകാരം, അയോഗ്യരാകണമെങ്കില്‍ കോടതി ശിക്ഷിക്കണം. രേഖാമൂലം അറിയിപ്പു നല്‍കാതെ തുടര്‍ച്ചയായി ജില്ലാ പഞ്ചായത്തിന്റെയോ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയോ 3 യോഗങ്ങളില്‍നിന്നു വിട്ടുനിന്നാലും അയോഗ്യതയ്ക്കു സാധ്യതയുണ്ട്. നിയമപോരാട്ടം നീണ്ടുപോകുകയും അതു യോഗങ്ങളില്‍ പങ്കെടുക്കാന്‍ തടസ്സമാകുകയും ചെയ്താല്‍ ഇത്തരമൊരു പരാതി ഭാവിയില്‍ ഉയര്‍ന്നേക്കാം. അല്ലാത്ത പക്ഷം ജില്ലാ പഞ്ചായത്ത് അംഗമായി ദിവ്യ തുടരും. ആ കാലാവധി പൂര്‍ത്തിയായാല്‍ രക്ഷിക്കാന്‍ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണഭൂതനായ നേതാവുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തന്റെ രാഷ്ട്രീയ ഭാവി കൂമ്പടയില്ലെന്ന അമിത ആത്മവിശ്വാസം ദിവ്യയ്ക്ക് ഇപ്പോഴുമുണ്ട്. ആ ചിരിയാണ് അറസ്റ്റിലാകുമ്പോഴും മുഖത്ത് നിറഞ്ഞതെന്ന് വ്യക്തം.
36ാം വയസ്സിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനില്‍നിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ദിവ്യയുടെ ജയം. മുന്‍പുള്ള ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു. അന്ന് സുമേഷായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് സുമേഷ് എംഎല്‍എയായി. അതുകൊണ്ട് തന്നെ അടുത്ത നിയമസഭയില്‍ താനും എംഎല്‍എയാകുമെന്ന് ദിവ്യ കരുതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയോടെ വനിതാ ജയിലില്‍ ഒട്ടേറെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്ന ദിവ്യ ഇന്നലെ രാത്രി അവിടെയെത്തിയത് റിമാന്‍ഡ് തടവുകാരി എന്ന നിലയിലാണ്. ചിരിച്ചുകൊണ്ട്, കുറ്റബോധം ഒട്ടുമില്ലാത്ത ശരീരഭാഷയോടെയായിരുന്നു പ്രതിയായുള്ള ജയിലിലേക്കുള്ള വരവും. ഒക്ടോബര്‍ 14ന് എഡിഎം ജീവനൊടുക്കിയ ക്വാര്‍ട്ടേഴ്‌സില്‍നിന്നു വെറും 200 മീറ്റര്‍ അകലെയുള്ള സെന്‍ട്രല്‍ ജയില്‍ വളപ്പിലാണ് ഈ വനിതാ ജയില്‍. ഇവിടെ വിവിഐപി പരിഗണനകളോടെ ദിവ്യ അന്തിയുറങ്ങി. കൊതുകു പോലും ശല്യപ്പെടുത്താതിരിക്കാനുള്ള മുന്‍കരുതല്‍ ജയില്‍ അധികൃതര്‍ ദിവ്യയ്ക്കായി ഒരുക്കി. അങ്ങനെ ജയിലിലും ദിവ്യ സുഖവാസം കാണുകയാണ്.
ദിവ്യ ഇന്നലെ കൂക്കിവിളികള്‍ക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍നിന്നു പുറത്തിറങ്ങുമ്പോഴും ഒട്ടും കൂസലില്ലാത്ത ഭാവത്തിലായിരുന്നു ദിവ്യ. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ദിവ്യ പൊതുമധ്യത്തിലെത്തുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ എപ്പോഴും സംസാരിക്കാറുള്ള ദിവ്യ ആദ്യമായി മൗനം പാലിച്ചു. ചുവപ്പുകോട്ടയില്‍ തീപ്പൊരി പ്രസംഗത്തിലൂടെ വളര്‍ന്നുവന്ന ദിവ്യയുടെ രാഷ്ട്രീയ ഭാവി ഇനി ഇരുളടഞ്ഞതാണ്. രാഷ്ട്രീയത്തില്‍ ശരവേഗത്തിലായിരുന്നു ദിവ്യയുടെ വളര്‍ച്ച. പി.കെ.ശ്രീമതി, കെ.കെ.ശൈലജ, എന്‍.സുകന്യ എന്നിവരുടെ പിന്‍ഗാമിയായി വന്ന ദിവ്യ എസ്എഫ്‌ഐയിലൂടെയാണ് വളര്‍ന്നത്. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ വൈസ് ചെയര്‍മാനായതോടെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടു.
മുതിര്‍ന്ന നേതാക്കളുടെ തണലില്‍ വളര്‍ച്ച വേഗമായി. ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് ഉയര്‍ന്നതും വളരെ വേഗം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളുണ്ട് ഇപ്പോള്‍. പിണറായി വിജയന്റെ പിന്തുണയായിരുന്നു ഇതിനെല്ലാം കാരണമായതും. അങ്ങനെ കാരണഭൂതനെ പോലും അമ്പരപ്പിച്ച് മുന്നേറിയ ദിവ്യ ജയിലിലായി. എഡിഎമ്മിന്റെ മരണം കഴിഞ്ഞുള്ള ആദ്യ 3 ദിവസം ദിവ്യ ഇരിണാവിലെ സ്വന്തം വീട്ടിലായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാവുകയും ചെയ്തതോടെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറി. സിപിഎം പെരിങ്ങോം ഏരിയ പരിധിയിലുള്ള ആലപ്പടമ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലാണ് ദിവ്യ കഴിഞ്ഞതെന്നു പറയുന്നു. എന്നാല്‍, ഇക്കാര്യം പെരിങ്ങോം ഏരിയ സെക്രട്ടറി നിഷേധിച്ചു. വടശ്ശേരിയിലെ ഒരു വീട്ടില്‍നിന്നാണ് ഇന്നലെ രാവിലെ പയ്യന്നൂരിലെത്തിയതെന്നും പറയുന്നുണ്ട്. തിങ്കളാഴ്ച പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ദിവ്യ ചികിത്സ തേടിയെന്നു പ്രചാരണമുണ്ടായെങ്കിലും ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തു നിന്നാണു പൊലീസ് അവരെ കസ്റ്റഡിയിലെടുത്തത്. പൊലീസുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് അവര്‍ എത്തിയതെന്നും പറയുന്നു. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷം കനത്ത പൊലീസ് സുരക്ഷയോടെ ദിവ്യയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതിനിടെ, ദിവ്യയ്ക്ക് പിന്തുണ അറിയിക്കാന്‍ സിപിഎമ്മിന്റെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മജിസ്‌ട്രേറ്റിന്റെ വസതിയ്ക്കു മുന്നിലെത്തിയിരുന്നു. ദിവ്യയ്ക്ക് ഇനിയും സിപിഎം സംരക്ഷണം നല്‍കുമെന്നതിന്റെ സൂചന കൂടിയായി ഇത്.
ദിവ്യ ഇന്നു തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരും. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തേ പുറത്താക്കിയിരുന്നു. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍. 38 പേജുള്ള ഉത്തരവില്‍ കോടതിയും ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ മാസം 15ന് പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് യോഗത്തില്‍ പി.പി. ദിവ്യ പരസ്യ വിമര്‍ശനം നടത്തിയതില്‍ മനം നൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ദിവ്യയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. ദിവ്യയ്ക്കു വേണ്ടി അഭിഭാഷകന്‍ കെ. വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ. അജിത്കുമാറും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ്. റാല്‍ഫുമാണ് കോടതിയില്‍ ഹാജരായത്.