- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാവുകള്‍ സംരക്ഷിക്കാന്‍ സ്വകാര്യ അഗ്‌നിശമന ഏജന്‍സികളെ നിയോഗിച്ച് അതിസമ്പന്നര്‍; സാമ്പത്തികം ഇല്ലാത്തവന്റെ വീട് വെണ്ണീറാകും; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമെന്ന് ആരോപണം; ലോസ് ഏഞ്ചല്‍സ് കാട്ടൂതീക്കിടെ ഒരു സൈബര്‍ വിവാദം
ബംഗ്ലാവുകള്‍ സംരക്ഷിക്കാന്‍ സ്വകാര്യ അഗ്‌നിശമന ഏജന്‍സികളെ നിയോഗിച്ച് അതിസമ്പന്നര്‍
ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ആഞ്ജലസില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുകയാണ്. അതിശൈത്യവും കനത്തശീതക്കാറ്റുംകാരണം മിസൗറി, കാന്‍സസ്, കെന്റക്കി, വെര്‍ജീനിയ, മേരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് യു.എസിന്റെ തെക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയെ കാട്ടുതീ വിഴുങ്ങിയത്. പാലിസേഡ്‌സ്, ഈറ്റണ്‍ എന്നീ അതിവേഗം പടര്‍ന്ന രണ്ടുവലിയ കാട്ടുതീയില്‍ വലിയ ഭൂപ്രദേശം എരിഞ്ഞമര്‍ന്നു.
ചൊവ്വാഴ്ച രാവിലെയാണ് പസഫിക് പാലിസേഡ്സില്‍ തീ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ഇവിടെ തീയണയ്ക്കുന്ന കാര്യത്തിലും ഉളളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമുള്ളതായി ആരോപണം ഉയരുകയാണ്. നിങ്ങള്‍ സമ്പന്നന്‍ ആണെങ്കില്‍ സ്വകാര്യ അഗ്‌നിശമന ഏജന്‍സികള്‍ക്ക് വന്‍ തോതില്‍ പ്രതിഫലം നല്‍കി നിങ്ങളുടെ വീട്ടിലെ തീ അണയ്ക്കാന്‍ കഴിയും. അതേ സമയം തൊട്ടയല്‍പ്പക്കത്ത് താമസിക്കുന്ന വ്യക്തി വലിയ സാമ്പത്തിക സ്ഥിതി ഇല്ലാത്ത വ്യക്തിയാണെങ്കില്‍ അയാളുടെ വീട് വെന്ത് വെണ്ണീറായി മാറുന്ന കാഴ്ചയാണ് നഗരത്തില്‍ കാണാന്‍ കഴിയുന്നതെന്നാണ് ചിലര്‍ കുറ്റപ്പെടുത്തുന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളുമായും ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള സ്വകാര്യ അഗ്‌നിശമന ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ജീവനക്കാരുമായി ചെറിയ വാഹനത്തില്‍ എത്തുന്ന അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് പോലും പ്രതിദിനം മൂവായിരം ഡോളറാണ് പ്രതിഫലം. 20 പേര്‍ അടങ്ങുന്ന സംഘത്തിന് പതിനായിരം ഡോളറാണ് ഒരു ദിവസം നല്‍കേണ്ടത്. തങ്ങളുടെ ആഡംബര വസതികള്‍ സംരക്ഷിക്കുന്നതിന് വേണ്ടി എത്ര രൂപ നല്‍കാനും പല കോടീശ്വരന്‍മാരും തയ്യാറാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപന ഉടമകളും മാധ്യമങ്ങളോട് പറഞ്ഞത്.
ഒരു മണിക്കൂറിന് രണ്ടായിരം ഡോളര്‍ വരെ വാങ്ങുന്ന സ്ഥാപനങ്ങളും ഉണ്ടെന്നും പറയപ്പെടുന്നു. ഇത്തരം വസതികളില്‍ പലയിടങ്ങളിലും കൂറ്റന്‍ നീന്തല്‍ക്കുളങ്ങള്‍ ഉള്ളതും തീയണയ്ക്കാന്‍ ഏറെ സഹായകരമായി മാറുന്നു. അതേ സമയം തങ്ങള്‍ പണക്കാരുടെ വീടുകള്‍ മാത്രം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം സ്വകാര്യ അഗ്‌നിശമന സ്ഥാപനങ്ങള്‍ നിഷേധിക്കുകയാണ്. ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള കെട്ടിടങ്ങള്‍ മാത്രമാണ് തങ്ങള്‍ ഏറ്റെടുക്കുന്നതെന്നാണ് അവര്‍ പറയുന്നത്.
അതേ സമയം തീയണയ്ക്കാനുള്ള യു.എസ്. അഗ്നിരക്ഷാ സേനയുടെ ഏറ്റവും ശക്തനായ പോരാളിയാവുകയാണ് കാനഡയില്‍ നിന്ന് എത്തിച്ച സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനം. ഒരേസമയം കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനമാണ് സൂപ്പര്‍ സ്‌കൂപ്പറുകള്‍. കാട്ടുതീ അണയ്ക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ളതാണ് സി.എല്‍.-415 എന്ന ഈ വിമാനം. ലോസ് ആഞ്ജലിസില്‍ എത്തിയിരിക്കുന്ന സൂപ്പര്‍ സ്‌കൂപ്പര്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 16,000 ഗാലണ്‍ വെള്ളമാണ് തീപടരുന്ന പ്രദേശങ്ങള്‍ക്ക് മുകളില്‍ തളിക്കുന്നത്.
ഹെലികോപ്ടറുകളെക്കാളും എയര്‍ ടാങ്കറുകളെക്കാളും പ്രവര്‍ത്തന ക്ഷമതയും എളുപ്പവുമാണ് സൂപ്പര്‍ സ്‌കൂപ്പറിന്റെ പ്രവര്‍ത്തനം. ജലാശയങ്ങളില്‍ അടിഭാഗം മുട്ടുംവിധം താഴ്ന്നുപറന്ന്, ടാങ്കുകളില്‍ വലിയതോതില്‍ വെള്ളം നിറച്ച്, പ്രത്യേകതരം പതയുമായി കൂട്ടിക്കലര്‍ത്തി തീയുള്ള പ്രദേശങ്ങള്‍ക്ക് മുകളിലൂടെ പറന്ന്, ഈ വെള്ളം വലിയ അളവില്‍ താഴേക്ക് തളിക്കുന്നതാണ് സൂപ്പര്‍ സ്‌കൂപ്പറിന്റെ രീതി. ജലാശയങ്ങള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വിമാനത്തിന്റെ വേഗതയ്ക്ക് അനുസൃതമായാണ് എതിര്‍ദിശയില്‍ ഘടിപ്പിച്ചിട്ടുള്ള ടാങ്കുകളിലേക്ക് വെള്ളം നിറയുന്നത്.
അതായത്, ജലാശയത്തിന് മുകളിലൂടെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് സൂപ്പര്‍ സ്‌കൂപ്പര്‍ സഞ്ചരിക്കുക. ഈ വേഗതയ്ക്ക് അനുസൃതമായാണ് വിമാനത്തിലെ ടാങ്കുകളില്‍ വെള്ളം നിറയുക. ഹെലികോപ്ടറുകളെയോ എയര്‍ ടാങ്കറുകളെ പോലെയോ സൂപ്പര്‍ സ്‌കൂപ്പറിന് എവിടെയും വിമാനം ലാന്‍ഡ് ചെയ്യിക്കേണ്ടി വരുന്നില്ല. പറക്കലിന്റെ ഇടയില്‍ തന്നെ വെള്ളം നിറയ്ക്കലും, അതും മറ്റുള്ളവയേക്കാള്‍ വേഗത്തിലും കൂടുതലും നടക്കുന്നു. ടാങ്ക് നിറയ്ക്കാന്‍ 12 സെക്കന്‍ഡ് മതിയാവും സൂപ്പര്‍ സ്‌കൂപ്പറിന്.
ഇതുകൂടാതെ ഹോസ് ഉപയോഗിച്ചും വെള്ളം നിറയ്ക്കാം. ടാങ്ക് നിറച്ചാല്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് തീപിടിച്ച ഇടത്തെത്തും. ഒറ്റയടിയ്‌ക്കോ, നാല് ഡോറുകള്‍ വഴി വിവിധ ഘട്ടങ്ങളിലൂടെയോ പൈലറ്റിന് വെള്ളം തളിക്കാം. അതുകൊണ്ടുതന്നെ, കാട്ടുതീ അണയ്ക്കുന്നതിന് ഏറ്റവും ഫലവത്തായ മാര്‍ഗമാണ് സൂപ്പര്‍ സ്‌കൂപ്പറുകളുടെ ഉപയോഗം എന്നാണ് വിലയിരുത്തല്‍.