ന്യൂഡല്‍ഹി: ലോക്സഭയിലെ വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വിഷയത്തില്‍ യുഡിഎഫ് അണികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ സമസ്ത നേതാക്കള്‍ അടക്കം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് വിശദീകരണം പുറത്തെത്തിയിരിക്കുകയാണ്. അടുത്തബന്ധുവിന്റെ ചികിത്സാര്‍ഥം പ്രിയങ്ക വിദേശത്താണെന്നാണ് വിവരം. യാത്ര, ലോക്സഭ സ്പീക്കറെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെയും അറിയിച്ചിരുന്നു. സ്പീക്കര്‍ക്ക് രേഖാമൂലം കത്തു നല്‍കിയിരുന്നെന്നും പാര്‍ലമെന്ററി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

വഖഫ് ഭേദഗതി ബില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച സമയത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭയിലുണ്ടായിരുന്നില്ല. അല്‍പസമയത്തിനുശേഷം സഭയിലെത്തിയ രാഹുല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രിയങ്കയുടെ അസാന്നിധ്യം വാര്‍ത്തയായി.

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രിയങ്ക വിദേശത്തേക്ക് പോയത്. സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. അനുമതി ലഭിച്ചതിന് ശേഷമായിരുന്നു യാത്ര. വിഷയം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെ അറിയിക്കുകയും ചെയ്തതിരുന്നു. അതിനാല്‍ വിപ്പ് ലംഘനത്തിന്റെ വിഷയം ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് പാര്‍ലമെന്റി കമ്മിറ്റി(സിപിസി) നല്‍കുന്ന വിശദീകരണം.

ലോക്‌സഭയില്‍ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നില്ല. എക്സിലൂടെ മാത്രമാണ് രാഹുല്‍ ഗാന്ധി ബില്ലിനെതിരെ സംസാരിച്ചത്. 'വഖഫ് ഭേദഗതി ബില്‍ മുസ്ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു'- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചിരുന്നത്.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്ത സംഭവത്തില്‍ വെട്ടിലായത് കോണ്‍ഗ്രസും മുസ്‌ലിം ലീഗുമാണ്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നേതാക്കള്‍ സംസാരിച്ചല്ലോയെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒഴിഞ്ഞുമാറി. സാദിഖലി തങ്ങളും വിഷയത്തില്‍ പ്രതികരിച്ചില്ല. അതേസമയം, മുനമ്പത്തെ പ്രശ്‌നം വഖഫ് ബില്‍ പാസായാലും അവസാനിക്കില്ലെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു.ബില്ലിന് മുന്‍കാല പ്രാബല്യം ഇല്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ 10 മിനിറ്റ് കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വഖഫ് ബില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. പാലമെന്റില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ശ്രദ്ധേയമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തിന്റെ പേരില്‍ ന്യൂനപക്ഷ ഐക്യവും സൗഹൃദവും നഷ്ടപ്പെടാന്‍ പാടില്ല. വിഷയത്തില്‍ സഭകളുമായി ചര്‍ച്ചയ്ക്ക് തയാറാണ്. മുനമ്പത്ത് സംസ്ഥാന സര്‍ക്കാരാണ് പരിഹാരം ഉണ്ടാക്കേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

അതേസമയം, വഖഫ് ബില്ലിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന പ്രിയങ്കയുടെയും ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന രാഹുലിനെതിരെയും മയപ്പെട്ട നിലപാടുമായി സിപിഎം.സഭക്ക് അകത്തും പുറത്തും ശക്തമായ നിലപാട് എടുത്തയാളാണ് രാഹുലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇന്നലത്തെ സംഭവത്തിന്റെ പേരില്‍ മാത്രം രാഹുലിനെ അളക്കാനാവില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ ചര്‍ച്ചയില്‍ പങ്കെടുത്താത് വലിയ കാര്യമല്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രതികരണം.

അതേസമയം പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ചു സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ രംഗത്തുവന്നു. 'കോണ്‍ഗ്രസ് വിപ്പു പോലും കാറ്റില്‍ പറത്തി സഭയില്‍ നിന്നു വിട്ടു നിന്ന പ്രിയങ്ക ഗാന്ധി നിരാശപ്പെടുത്തി. രാജ്യത്തെ സംഘ്പരിവാര്‍ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവര്‍ക്ക് നാലര ലക്ഷം ഭൂരിപക്ഷം നല്‍കിയത്. തത്തമ്മേ പൂച്ച എന്ന മട്ടില്‍ പെരുന്നാള്‍ ആശംസ പറഞ്ഞാല്‍ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കില്‍ അതു ഭോഷ്‌കാണെന്നും'- സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

ഇന്നലെ 12മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് വഖഫ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. 390 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേര്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു. തുടര്‍ന്ന് മറ്റുഭേദഗതികള്‍ വോട്ടിനിട്ടു.