മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തിനെതിരായ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു. വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത്. താനൂരില്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഞങ്ങളെയൊക്കെ അപമാനിച്ച് നിരത്തിലിറങ്ങി നടക്കാമെന്ന് കരുതേണ്ട എന്ന മുദ്രവാക്യവുമായാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ഇത് കൂടാതെ യൂത്ത് ലീഗ് പരാതിയും നല്‍കിയിട്ടുണ്ട്.

യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാക്കാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പിഡിപി നേതാവ് അഷ്‌റഫ് വാഴക്കാലയും പരാതി നല്‍കിയിട്ടുണ്ട്. തൃക്കാക്കര എ.സിപിക്കാണ് പരാതി നല്‍കിയത്. പ്രസംഗം കൃത്യമായ വര്‍ഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊലീസ് മേധാവിക്ക് പരാതി നല്‍കി.

കേരളത്തിലെ വിഷജന്തുക്കളുടെ അപ്പോസ്തലനാണ് വെള്ളാപ്പള്ളി നടേശണെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ വിമര്‍ശിച്ചു. മതവും ജാതിയും പറഞ്ഞ് മനുഷ്യമനസ്സുകളില്‍ വിഷം നിറക്കുന്ന നടേശനെതിരെ നമ്മള്‍ മറ്റെല്ലാം മറന്ന് ഒന്നിക്കണം. വെള്ളാപ്പള്ളി ഈ വിഷം ചീറ്റല്‍ തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു വിടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് മോശമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തെ പോലൊരാള്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന അങ്ങേയറ്റം പ്രതിഷാധാര്‍ഹമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എ.പി.അനില്‍ കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതിനുള്ള ആസൂത്രിതമായ പ്രസ്താവനയാണിത്. ബിജെപിയെ പ്രീണിപ്പിക്കുന്നതില്‍ വെള്ളാപ്പള്ളിക്ക് വലിയ ലക്ഷ്യമുണ്ടെന്നും അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കേണ്ട സമയം അതിക്രമിച്ചുവെന്നും എ.പി.അനില്‍ കുമാര്‍ പറഞ്ഞു.

മലപ്പുറം ജില്ലക്കെതിരെയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്ന് അദ്ദേഹം പറഞ്ഞു. ചുങ്കത്തറയില്‍ നടന്ന എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ കണ്‍വെന്‍ഷനിലാണ് വിദ്വേഷ പ്രസംഗം.

''നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാന്‍ സാധിക്കുന്നില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എന്തുപറ്റി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം?. ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്‌കൂളുണ്ടോ...എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങള്‍. വോട്ടും മേടിച്ച് പോയാല്‍ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം പോലും കാണിക്കാറില്ല'' വെള്ളാപ്പള്ളി പറഞ്ഞു.