തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കണ്‍സ്യൂമര്‍ഫെഡില്‍ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി വന്‍ പിന്‍വാതില്‍ നിയമനത്തിന് കളമൊരുങ്ങുന്നു. ആയിരത്തിലധികം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഭരണസമിതിയുടെ നീക്കം സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും കര്‍ശനമായ എതിര്‍പ്പ് അവഗണിച്ചാണ് മുന്നോട്ട് പോകുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സ്വന്തക്കാരെയും സഖാക്കളെയും തിരുകിക്കയറ്റാന്‍ നടത്തുന്ന ഈ നീക്കം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്.

കോടികളുടെ സഞ്ചിത നഷ്ടമുള്ള കണ്‍സ്യൂമര്‍ഫെഡില്‍ ഇത്രയും പേരെ സ്ഥിരപ്പെടുത്തുന്നത് സ്ഥാപനം പൂര്‍ണ്ണമായും തകര്‍ന്നുപോകാന്‍ കാരണമാകുമെന്ന് സഹകരണ സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്‍വാതില്‍ നിയമനങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവുകള്‍ പോലും ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി ഈ നിയമന നീക്കത്തെ എതിര്‍ത്തത്. എന്നാല്‍, ഈ റിപ്പോര്‍ട്ടിന് പുല്ലുവില നല്‍കിക്കൊണ്ട് മന്ത്രി വി.എന്‍ വാസവന്‍ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചിരിക്കുകയാണ്. സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്ന് വിഷയം നേരിട്ട് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം.

1017 താത്കാലിക ജീവനക്കാരെയാണ് ഇപ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത്. പത്തു വര്‍ഷം പൂര്‍ത്തിയായെന്ന മാനുഷിക പരിഗണനയുടെ മറവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നോക്കുകുത്തിയാക്കിയാണ് ഈ അഴിമതി. കണ്‍സ്യൂമര്‍ഫെഡില്‍ മാത്രമല്ല, സീമാറ്റ് കേരള, സി-ഡിറ്റ്, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സമാനമായ രീതിയില്‍ സഖാക്കളെ തിരുകിക്കയറ്റാന്‍ തിടുക്കത്തിലുള്ള നീക്കങ്ങള്‍ നടക്കുകയാണ്. സഹകരണ വകുപ്പിന് കീഴിലുള്ള നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ അഞ്ച് പുതിയ തസ്തികകള്‍ വരെ സൃഷ്ടിച്ചുകഴിഞ്ഞു.

അനധികൃത നിയമനങ്ങളെക്കുറിച്ച് ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. മുന്‍ കോടതി ഉത്തരവുകള്‍ ലംഘിച്ച് പിന്‍വാതിലിലൂടെ പാര്‍ട്ടി കേഡര്‍മാരെ സംരക്ഷിക്കുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് പരമാവധി സ്വന്തക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ കയറ്റി ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഇതിന് പിന്നില്‍.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്ത് വ്യാപകമായി പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് തിരക്കിട്ട നീക്കം നടക്കുന്നുവെന്നതാണ് വസ്തുത. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കീഴില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും സി.പി.എം അനുകൂലികളെ തിരുകിക്കയറ്റാനുമാണ് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വലിയ വിവാദമായ അതേ ശൈലി തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

നിലവില്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളെയും പി.എസ്.സി പരീക്ഷകള്‍ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളെയും നോക്കുകുത്തിയാക്കിയാണ് പാര്‍ട്ടി ബന്ധമുള്ളവര്‍ക്കായി സര്‍ക്കാര്‍ വാതില്‍ തുറന്നിടുന്നത്. സഹകരണ വകുപ്പിന് കീഴിലുള്ള നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നാണ് അസിസ്റ്റന്റ് മാനേജര്‍ മുതല്‍ വാച്ച്മാന്‍ വരെയുള്ള അഞ്ച് തസ്തികകള്‍ തിരക്കിട്ട് സൃഷ്ടിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഈ നീക്കം. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള റാങ്ക് പട്ടിക മറികടന്ന് 14 ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, എല്‍.ഡി.ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലെല്ലാം പാര്‍ട്ടി നോമിനികളെ ഉറപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സീമാറ്റ് കേരളയില്‍ 11 പേരുടെ പട്ടിക ഇതിനോടകം മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് പരമാവധി സ്വന്തക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ കയറ്റുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ഇതിനിടെ, അനധികൃത നിയമനങ്ങളെക്കുറിച്ച് ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ മാനുഷിക പരിഗണനയില്‍ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച മുന്‍ കോടതി ഉത്തരവുകള്‍ ലംഘിക്കപ്പെടുന്നു എന്ന പരാതിയിലാണ് കോടതി ഇടപെടല്‍.

അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുനില്‍ക്കുമ്പോള്‍ പിന്‍വാതിലിലൂടെ പാര്‍ട്ടി കേഡര്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്.