ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചു. അലാസ്‌കയില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പ്രസിഡന്റ് പുടിന്‍ മോദിയുമായി പങ്കുവെച്ചതായാണ് വിവരം. വിവരങ്ങള്‍ കൈമാറിയതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനോട് നന്ദി പറഞ്ഞു. യുക്രൈനിലെ സംഘര്‍ഷം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാവൂ എന്ന ഇന്ത്യയുടെ വ്യക്തവും സ്ഥിരവുമായ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. നയതന്ത്രത്തെയും ചര്‍ച്ചയെയുമാണ് ഇന്ത്യ പിന്തുണക്കുന്നതെന്നും ഇന്ത്യ അറിയിച്ചു.

ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും വിലയിരുത്തലുകളും പങ്കുവെച്ചുള്ളതായിരുന്നു ഫോണ്‍ സംഭാഷണമെന്നാണ് റിപ്പോര്‍ട്ട്. 2022 ഫെബ്രുവരി മുതല്‍ തുടരുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് പുടിനെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പുട്ടിനുമായുള്ള സംഭാഷണത്തെക്കുറിച്ച് മോദി പിന്നീട് എക്‌സില്‍ പോസ്റ്റ് ചെയ്തു. അലാസ്‌കയില്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന് സുഹൃത്ത് പുടിനോട് നന്ദിയുണ്ടെന്നും യുക്രെയ്ന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിനായി ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്യുകയും ഇക്കാര്യത്തില്‍ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും മോദി അറിയിച്ചു. ഇരു നേതാക്കളും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും തന്ത്രപരമായ പങ്കാളിത്തം എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താമെന്നും ചര്‍ച്ച ചെയ്തു. വ്യത്യസ്ത മേഖലകളിലെ സഹകരണം തുടര്‍ന്നും വളരണമെന്ന് ഇരുവരും സമ്മതിച്ചു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍, ഉഭയകക്ഷി സഹകരണത്തിലെ നിരവധി വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ശക്തമായ സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഒന്നിലധികം മേഖലകളില്‍ ഗുണം ചെയ്യുമെന്ന് ഇരുവരും പറഞ്ഞു. ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും വരും ദിവസങ്ങളില്‍ കൂടുതല്‍ ഏകോപനം ഉറപ്പാക്കുന്നതിനും ഇരു നേതാക്കളും സമ്മതിച്ചു. അലാസ്‌ക ഉച്ചകോടിക്ക് മൂന്ന് ദിവസത്തിന് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം നടന്നത്.

യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപും പുടിനും അലാസ്‌കയില്‍ മൂന്നുമണിക്കൂറോളം അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ അന്തിമ കരാര്‍ രൂപപ്പെട്ടില്ലെങ്കിലും വലിയ പുരോഗതിയുണ്ടായെന്ന് ട്രംപ് അറിയിച്ചിരുന്നു. യുക്രൈനും യൂറോപ്പും ഇടപെട്ട് ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കരുതെന്ന് പുടിനും വ്യക്തമാക്കി. ചര്‍ച്ചയുടെ വിശദാംശങ്ങളിലേക്ക് ഇരുനേതാക്കളും കടന്നില്ല. ട്രംപിനൊപ്പം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുത്തു. പുടിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവും പങ്കെടുത്തു. ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരു രാഷ്ട്രനേതാക്കളും പരസ്പരം കാണുന്നത്.