- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിണറായിസത്തെയും മരുമോനിസത്തെയും തകര്‍ക്കും!' യുഡിഎഫില്‍ ഇരിപ്പിടമുറപ്പിച്ച് അന്‍വര്‍ ബേപ്പൂരില്‍ റിയാസിനെ നേരിടുമെന്ന് ചര്‍ച്ച; മുന്നണി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് അന്‍വര്‍; ബേപ്പൂരിലെ ബോര്‍ഡുകള്‍ സിപിഎമ്മിന് വെല്ലുവിളി; നിലമ്പൂരാന് 'നിലമ്പൂര്‍' കാടിറങ്ങും
കോഴിക്കോട്: യുഡിഎഫ് ആവശ്യപ്പെട്ടാല്‍ ഏതുമണ്ഡലത്തിലായാലും മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് അംഗമായി അംഗീകരിച്ച പശ്ചാത്തലത്തില്‍, മുന്നണി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് പി.വി. അന്‍വര്‍ അറിയിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതിനേക്കാള്‍ മുന്‍ഗണന 'പിണറായിസവും മരുമോനിസവും' അവസാനിപ്പിക്കുന്നതിനാണെന്ന് അദ്ദേഹം ഒതായിയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യുഡിഎഫിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും നേതാക്കളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ മുന്‍ എംഎല്‍എയായിരുന്നു അന്‍വര്‍. പക്ഷേ ഇനി നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കില്ല.
അന്‍വര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമാണ്. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ സിറ്റിങ് മണ്ഡലമായ ബേപ്പൂര്‍, കെ.ടി.ജലീലിന്റെ തവനൂര്‍, ലിന്റോ ജോസഫിന്റെ തിരുവമ്പാടി തുടങ്ങിയവയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. പിണറായിസത്തിനും 'മരുമോനിസ'ത്തിനുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി ബേപ്പൂരില്‍ മത്സരിക്കാന്‍ തയാറാണെന്ന് നേരത്തെ അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായതിനാല്‍ ഇതു വിട്ടുനല്‍കുന്നതിന് കോണ്‍ഗ്രസിലും വലിയ എതിര്‍പ്പുണ്ടാകില്ല. ബേപ്പൂരില്‍ അന്‍വറിന് സ്വാഗതമേകുന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. തദ്ദേശത്തില്‍ ഈ മേഖലയില്‍ എല്ലാം കോണ്‍ഗ്രസ് മുന്‍തൂക്കം ഉണ്ടാക്കിയിട്ടുണ്ട്. മുന്നണി ധാരണപ്രകാരം തവനൂര്‍ കോണ്‍ഗ്രസും തിരുവമ്പാടി മുസ്ലിം ലീഗും മത്സരിക്കുന്ന സീറ്റുകളാണ്. തവനൂരില്‍ ഇത്തവണ കെടി ജലീല്‍ മത്സരിക്കാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് അന്‍വറിന് സ്വാഗതമോതി ബേപ്പൂരില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. അതു തന്റെ അറിവോടെയല്ലെന്നും മത്സരിക്കാനായി പല മണ്ഡലങ്ങളില്‍നിന്നു ക്ഷണമുണ്ടെന്നും അന്‍വര്‍ പ്രതികരിച്ചു.
മത്സരിക്കേണ്ടാ എന്നാണ് പറയുന്നതെങ്കില്‍ മത്സരിക്കില്ല. നിയമസഭാതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുക എന്നതിനേക്കാള്‍ പിണറായിസത്തെയും മരുമോനിസത്തെയും തകര്‍ക്കുകയാണു ലക്ഷ്യമെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമായി ചേര്‍ക്കുന്ന തീരുമാനം അറിഞ്ഞ് ഒതായിയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പി.വി. അന്‍വര്‍ പറഞ്ഞു. യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും നേതാക്കള്‍ക്ക് നന്ദിപറയുന്നതായും അന്‍വര്‍ അറിയിച്ചു. അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലേറെ സീറ്റ് നേടും. ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പടെയുള്ളവരുമായുണ്ടായിരുന്ന വിഷയങ്ങളെല്ലാം അവസാനിച്ചു.
തൊഴിലാളിസമരങ്ങളോട് മുഖംതിരിച്ചുനിന്ന സര്‍ക്കാരാണ് കേരളത്തിലേത്. വര്‍ഗീയപ്രസ്താവനകള്‍ നടത്തിയ വെള്ളാപ്പള്ളിയെ കൂടെക്കൊണ്ടുനടക്കുകയാണ് പിണറായി. ബിഡിജെഎസിനെ ഘടകക്ഷിയാക്കാനാണ് ശ്രമം. ബിജെപിയുമായി മുഖ്യമന്ത്രിയുണ്ടാക്കിയ ബന്ധം പിഎംശ്രീ പോലെയുള്ള വിഷയങ്ങളിലൂടെ പുറത്തുവന്നു. വിശ്വാസികളല്ലാത്തവരെ ആരാധനാലയങ്ങളുടെ ചുമതല ഏല്‍പ്പിച്ചതിന്റെ ഫലമാണ് ശബരിമലയില്‍ കണ്ടത്. കേരളത്തിലെ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരും തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായി വോട്ട് ചെയ്‌തെന്നും അന്‍വര്‍ പറഞ്ഞു.
യുഡിഎഫിന്റെ ക്ഷണം സ്വീകരിച്ചതിന് പിന്നാലെ പി വി അന്‍വര്‍ ഇന്നും പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ആവര്‍ത്തിച്ചിരുന്നു. നേരത്തെ ബേപ്പൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി വി അന്‍വറിനെ പ്രദേശത്ത് എത്തിച്ച് പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍കൂടി ഉയര്‍ന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാന്‍ പി വി അന്‍വറിനെ യുഡിഎഫ് കളത്തിലിറക്കുമോ എന്നത് ചര്‍ച്ചാ വിഷയമായിരിക്കയാണ്.




