- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയര്‍ലന്റില്‍ മലയാളികള്‍ തല്ലുകൊള്ളാന്‍ കാരണം ഹണി റോസും റിമി ടോമിയും ബേസില്‍ ജോസഫുമാണോ? പാട്ടും ബഹളവും ഇന്‍സ്റ്റഗ്രാം റീല്‍സുകാരും ചേര്‍ന്ന് പബ്ലിക് ഗ്രൗണ്ടിലെത്തിയതിന് വലിയ വില നല്‍കേണ്ടി വന്നെന്ന അജ്ഞാത എഴുത്ത് വൈറലായി; മറുനാടന്‍ ചൂണ്ടിക്കാട്ടിയ പബ്ലിക് ന്യുയിസന്‍സ് ഇപ്പോള്‍ ഓരോ പ്രവാസിയും ചര്‍ച്ച ചെയ്യുന്ന നിലയിലേക്ക്; സൂക്ഷിച്ചാല്‍ യുകെയിലും അടി കൊള്ളാതിരിക്കാം
അയര്‍ലന്റില്‍ മലയാളികള്‍ തല്ലുകൊള്ളാന്‍ കാരണം ഹണി റോസും റിമി ടോമിയും ബേസില്‍ ജോസഫുമാണോ?
ലണ്ടന്‍: കഴിഞ്ഞ രണ്ടു മാസമായി തുടര്‍ച്ചയായി വിദേശ ഇന്ത്യക്കാര്‍ അയര്‍ലന്റില്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന ആറു വയസുകാരിയിലേക്ക് വരെ എത്തിയതോടെയാണ് അയര്‍ലന്റ് ഇനി സുരക്ഷിതമാണോ എന്ന ചോദ്യം ഉയരുന്നത്. കോട്ടയം സ്വദേശിയായ അനുപ എന്ന മലയാളി നഴ്സിന്റെ മകളാണ് വീട്ടു മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ ഇന്ത്യയിലേക്ക് മടങ്ങൂവെന്ന ആക്രോശവുമായി എത്തിയ കൗമാര സംഘം മുഖത്തടിച്ചു ആക്രമിക്കാന്‍ ശ്രമിച്ചത്. കുട്ടി ഇപ്പോഴും ഭയ ചകിതയാണെന്നും ഇനി മുറ്റത്തിറങ്ങി കളിക്കാന്‍ ഉള്ള ധൈര്യം പോലും ഇല്ലെന്നാണ് ഇപ്പോള്‍ കുട്ടിയുടെ കുടുംബം പരാതിപ്പെടുന്നത്.
ആക്രമത്തിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങൂ എന്ന ആക്രോശം കൗമാരക്കാര്‍ വരെ ഉപയോഗിക്കുന്നു എങ്കില്‍ അത് ഐറിഷ് സമൂഹത്തില്‍ എത്രമാത്രം വെറുപ്പ് പടര്‍ന്നു എന്ന സൂചനയായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ഭരണാധികാരികള്‍ ശക്തമായ നിയമം മൂലം ഇത്തരം അക്രമങ്ങള്‍ക്ക് എതിരെ നടപ്പാക്കുമെങ്കില്‍ കൂടിയും സമൂഹത്തില്‍ പടര്‍ന്ന വെറുപ്പ് എങ്ങനെ സംഭവിച്ചു, അതിനെന്ത് പരിഹാരം കാണാനാകും എന്നതാണ് വിദേശത്തേക്ക് അതി ഭീമമായ കുടിയേറ്റം നടക്കുന്ന സാഹചര്യത്തില്‍ ഓരോ കുടിയേറ്റ സമൂഹവും ശ്രദ്ധിക്കേണ്ടത് എന്ന ചിന്തയും ഇപ്പോള്‍ കുടിയേറ്റക്കാരില്‍ തന്നെ പടരുകയാണ്.
അയര്‍ലന്റില്‍ ഓരോ അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ഐറിഷുകാര്‍ ഉള്‍പ്പെടെ രംഗത്തെത്തി പ്രതിഷേധ പ്രകടനം ഒക്കെ നടത്തുന്നുണ്ടെങ്കിലും അക്രമം ഇനി ഉണ്ടാകില്ല എന്ന ഉറപ്പ് അത്തരം പ്രതിഷേധ ശേഷവും ആര്‍ക്കും ഉറപ്പു നല്‍കാനാകുന്നില്ല. കാരണം ഒരു സംഘടനയോ സംഘടിത പ്രസ്ഥാനമോ അല്ല അക്രമങ്ങള്‍ക്ക് പിന്നില്‍ എന്നും വംശീയ വിദ്വേഷം മനസില്‍ കയറിക്കൂടിയ പ്രാദേശിക വികാരത്തില്‍ നിന്നുമാണ് ഈ അക്രമങ്ങള്‍ ഉണ്ടാകുന്നത് എന്നതാണ് കൂടുതല്‍ ഭയപ്പെടേണ്ടതും പെരുമാറ്റ രീതികള്‍ കൊണ്ട് ചെറുക്കപ്പെടേണ്ടതും. ഇപ്പോള്‍ ഐറിഷ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വരെ അക്രമങ്ങള്‍ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും അടുത്ത അക്രമം എപ്പോള്‍, ആരാകും ഇര എന്ന ചോദ്യം ഓരോ ഐറിഷ് മലയാളിയിലും ഉയരുകയാണ്.
ആയിരങ്ങളില്‍ നിന്നും ലക്ഷത്തിലേക്ക് വളര്‍ന്ന മലയാളി കുടിയേറ്റം സംഘടിത രൂപമായപ്പോള്‍
തൊഴില്‍ ലഭ്യതയും കര്‍ക്കശ നിയമവും കാലാവസ്ഥയും ഒക്കെ ചേര്‍ന്നു അയര്‍ലന്റ് മലയാളികള്‍ക്ക് അത്ര ഇഷ്ടപ്പെട്ട സ്ഥലം ആയിരുന്നില്ല എന്നതിനാല്‍ ഏതാനും വര്‍ഷം മുന്‍പ് പോലും ആയിരക്കണക്കിന് മലയാളികള്‍ മാത്രമാണ് ഈ ചെറു രാജ്യത്തേക്ക് എത്തിയിരുന്നത്. എന്നാല്‍ ബ്രിട്ടനില്‍ കുടിയേറ്റം കര്‍ക്കശ ഉപാധികളിലേക്ക് നീങ്ങുകയും വിദ്യാര്‍ത്ഥി വിസക്കാരെ പരമാവധി നിരുത്സാഹപ്പെടുത്തുകയും ചെയ്യപ്പെട്ടതോടെ 2020നു ശേഷം അനിയന്ത്രിതമായ കുടിയേറ്റം അയര്‍ലന്റിലേക്ക് നടന്നത് വഴി ഇപ്പോള്‍ ഒരു ലക്ഷത്തിലേറെ മലയാളികള്‍ എങ്കിലും ഇവിടെ എത്തിയിട്ടുണ്ട് എന്നാണ് ഊഹകണക്കുകള്‍.
നിര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാരിനും ഇന്നും ഓരോ വിദേശ രാജ്യത്തും എത്ര മലയാളികള്‍ പോകുന്നു എത്ര പേര്‍ തിരിച്ചു വരുന്നു എന്ന കാര്യത്തില്‍ ഒന്നും ഒരു പിടിയും ഇല്ലാത്തതും ഇത്തരം ഊഹകണക്കുകളെ ആശ്രയിക്കാനും കാരണമാകുകയാണ്. മലയാളികള്‍ കൂടിയതോടെ ചെറു രാജ്യമായ അയര്‍ലന്റില്‍ സ്വാഭാവികമായും എവിടെ ചെന്നാലും മലയാളി സാന്നിധ്യം കാണപ്പെടാന്‍ തുടങ്ങിയതും മലയാളികള്‍ക്ക് കൂടുതല്‍ സംഘടനാ ബോധം നല്‍കിയ ഘടകമാണ്.
നാലോ അഞ്ചോ പേര്‍ ചേര്‍ന്നാല്‍ ഉടന്‍ സംഘടന വേണമെന്ന മലയാളിയുടെ രക്തത്തില്‍ കലര്‍ന്ന ചിന്ത അയര്‍ലന്റിലും ഉണ്ടായതും പല കൂട്ടായ്മകള്‍ക്കും സാമ്പത്തിക ലക്ഷ്യം കൂടി കടന്നു വന്നതും ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന ഘടകമാണ് എന്നും ഐറിഷ് മലയാളികള്‍ തന്നെ ഇപ്പോള്‍ വിലപിക്കുന്നു. ബ്രിട്ടനില്‍ മത പരമായ ചട്ടക്കൂടില്‍ കൂടുതല്‍ മലയാളികള്‍ ഒതുങ്ങിയപ്പോള്‍ അയര്‍ലന്റില്‍ മതത്തിനൊപ്പം പൊതു കൂട്ടായ്മകളും രൂപപ്പെട്ടതും മിക്കതിലും യുവ രക്തങ്ങള്‍ ആധിപത്യം സ്ഥാപിച്ചതും ആഘോഷങ്ങള്‍ക്ക് ഹരം പകര്‍ന്ന ഘടകമാണ്. ബ്രിട്ടനില്‍ ഇന്നും പഴയ തലമുറക്കാര്‍ തന്നെ സംഘടനാ രംഗത്ത് മുന്നില്‍ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ പക്വതയാര്‍ന്ന കുടിയേറ്റ സമൂഹമായി മലയാളികള്‍ രൂപപ്പെട്ടിട്ടുമുണ്ട്.
മത വിശ്വാസം ഇല്ലാത്തവരെ പ്രകോപിക്കണോ എന്ന വലിയ ചോദ്യം
ബ്രിട്ടനില്‍ അടക്കം പ്രാദേശിക വാസികളുടെ സൈ്വര്യ ജീവിതത്തിനു ഹാനികരമാകും വിധം മത സംഘടനകളും കൂട്ടായ്മകളും പൊതു പരിപാടികളും പെരുന്നാളുകളും ഒക്കെ സംഘടിപ്പിക്കുന്നതിനു തുടക്ക കാലം മുതല്‍ മാധ്യങ്ങള്‍ അടക്കം നടത്തിയിട്ടുള്ള ചെറുത്തു നില്‍പ്പുകള്‍ ഒരു പരിധി വരെ കുടിയേറ്റ കൂട്ടായ്മയുടെ ശക്തി പ്രകടനം ഇല്ലാതാക്കുകയും അതുവഴി പ്രാദേശിക സമൂഹത്തിനു മുന്നില്‍ ഇത്രയധികം ആളുകള്‍ ഇവിടെയുണ്ട് എന്ന ചിന്തയ്ക്ക് വഴി തെളിക്കാതിരിക്കാനും സാധിച്ചിട്ടണ്ട്. വെയ്ല്‍സിലെ ചെറു ഗ്രാമത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പേ പള്ളിയില്‍ എത്തിയ രണ്ടു മലയാളികളുടെ രണ്ടു പ്രീമിയം കാറുകള്‍ അടിച്ചു തകര്‍ത്തത് പോലെയുള്ള ഒറ്റപ്പെട്ട അക്രമങ്ങള്‍ ഇന്നും ബ്രിട്ടനില്‍ നടക്കുന്നുണ്ടെകിലും അതിനു വ്യാപകമായ പിന്തുണ പൊതു സമൂഹത്തില്‍ പടര്‍ത്താനായിട്ടില്ല .
ജനങ്ങളില്‍ 37 ശതമാനം പേരും ഇപ്പോഴും മത വിശ്വാസികള്‍ അല്ലെന്ന കാരണം കൊണ്ട് തന്നെ അമിതമായ മത വിശ്വാസ പ്രകടനം പോലും പ്രാദേശിക ജനസമൂഹത്തില്‍ വെറുപ്പായി പടരും എന്ന ചിന്ത യുകെ മലയാളികളില്‍ വളരെ ഉയര്‍ന്ന നിലയില്‍ പടര്‍ന്നിട്ടുള്ളതും പക്വതയാര്‍ന്ന തീരുമാനങ്ങള്‍ ഉണ്ടാകാന്‍ പ്രധാന കാരണമായിട്ടുണ്ട്. സ്റ്റേഡിയം വാടകയ്ക്ക് എടുത്തും പതിനായിരങ്ങളെ ഉള്‍ക്കൊല്ലുന്ന വമ്പന്‍ ഹാളുകള്‍ എടുത്തും ഒക്കെ മത പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും തുറസായ സ്ഥലങ്ങളിലേക്ക് അത്തരം അധികം ചടങ്ങുകള്‍ യുകെയില്‍ ഇപ്പോഴും എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇതിനൊപ്പം തുറസായ സ്ഥലങ്ങളില്‍ റീല്‍സുകളും വിഡിയോകളും എടുക്കുന്ന ചെറുപ്പക്കാര്‍ പൊതു സമൂഹത്തില്‍ അസഹ്യമായ കാഴ്ചയും അയര്‍ലണ്ടില്‍ വ്യാപകമാണ്. പൊതു നിരത്തില്‍ കൂടി ഫോണിലൂടെ വലിയ ശബ്ദത്തില്‍ വര്‍ത്തമാനം പറഞ്ഞു നടക്കുന്ന ന്യൂ ജെന്‍ ചെറുപ്പക്കാരുടെ കാഴ്ച മലയാളികള്‍ ഏറെക്കുറെ പേറ്റന്റ് എടുത്തത് അയര്‍ലന്‍ഡിലും യുകെയിലും ഒരുപോലെ പൊതു ശല്യമായി മാറിയിട്ടുണ്ട് എന്നതും ഇത്തരം അക്രമ വാര്‍ത്തകള്‍ എത്തുമ്പോള്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ട പ്രധാന വിഷയമാണ്. എന്നാല്‍ നിര്‍ഭാഗ്യകരം എന്ന് പറയേണ്ടി വരുന്ന നിലയില്‍ ഒരു മലയാളി സംഘടനാ പോലും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉള്ള പക്വതയിലേക്ക് വളര്‍ന്നിട്ടില്ല എന്നതിന് അയര്‍ലന്റും യുകെയും ഒക്കെ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി മലയാളി കുടിയേറ്റ കാഴ്ചക്ക് ഒപ്പമുണ്ട്.
തുറസായ സ്ഥലങ്ങളിലേക്ക് പാട്ടും കൂത്തുമായി ആയിരങ്ങള്‍ ഒറ്റയടിക്ക് ഒഴുകി എത്തിയത് പ്രകോപനത്തിന് പ്രധാന കാരണമായി
എന്നാല്‍ അയര്‍ലന്റില്‍ അടുത്തിടെ നടന്നത് നേരെ തിരിച്ചാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി പൊതു മൈതാനങ്ങളില്‍ ആര്‍ക്കും പ്രവേശനം ലഭിക്കും വിധം ആയിരക്കണക്കിനാളുകള്‍ രാവും പകലും തടിച്ചു കൂടുന്ന ആഘോഷ പരിപാടികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ പരിപാടികളിലേക്ക് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളായ ഹണി റോസ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ബേസില്‍ ജോസഫ്, ലക്ഷ്മി ജയന്‍ എന്നിവരൊക്കെ ഇടവേളയില്ലാത്ത വിധം വന്നു പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ പരിപാടികളുടെ കരാറിന് യുകെയില്‍ നിന്നും വരെ ആളുകളെ എത്തിക്കേണ്ടി വന്നു. ജനങ്ങള്‍ ഇടിച്ചു കയറിയതോടെ സ്‌പോണ്‍സര്‍മാരായി കേരളത്തില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങള്‍ എത്തി തുടങ്ങിയതോടെ ഒരു കൂട്ടര്‍ നടത്തുന്നതിലും വലിയ കാഴ്ചപ്പൂരങ്ങള്‍ തങ്ങള്‍ക്ക് നടത്തണം എന്ന മട്ടിലാണ് മൈതാന കാഴ്ചകള്‍ വളര്‍ന്നത്.
സൗന്ദര്യ മത്സരങ്ങളും തട്ടുകടകളും വളക്കടയും സോപ്പ്, ചീപ്പ്, കണ്ണാടി വരെ എന്തും മൈതാന കാഴ്ചകള്‍ ആയപ്പോള്‍ പുലര്‍ച്ചെ എട്ടുമണിക്ക് ഗേറ്റ് ഓപ്പണ്‍ ആകുമ്പോള്‍ തന്നെ രണ്ടായിരം പേര്‍ക്ക് എങ്കിലും ഭക്ഷണം വിളമ്പാന്‍ ഊട്ടു പുരകളും തയ്യാറായ കാഴ്ചയും അയര്‍ലന്റ് കാണാന്‍ തുടങ്ങിയത് അടുത്തിടെ മാത്രമാണ്. സ്വാഭാവികമായും ഇത്രയധികം ജനങ്ങള്‍ എവിടെ നിന്നും എന്ന് ഒരു പ്രദേശ വാസിയ്ക്ക് തോന്നിയെങ്കില്‍ അതിനു അവരെ എങ്ങനെ കുറ്റപ്പെടുത്തും എന്ന ചോദ്യം ഉയരേണ്ടത് ഓരോ മലയാളിയുടെ മനസിലുമാണ്.
രണ്ടു പതിറ്റാണ്ടിലേറെ യുകെയില്‍ മലയാളികള്‍ ശക്തമായ സമൂഹം ആയിട്ടുണ്ടെങ്കിലും ഒരു വള്ളംകളിയും ചെണ്ട പൂരവും ഏതാനും വടംവലി മത്സരങ്ങളും മാത്രമാണ് ഇതിന് അപവാദമായി പറയാനുള്ളത്. എന്നാല്‍ ഈ പരിപാടികളില്‍ പരിധി വിട്ട ഒച്ചയും ബഹളവും പ്രകോപനപരമായ കാഴ്ചകളും കുറവാണ് എന്നതും യുകെ മലയാളികള്‍ക്ക് അകാരണമായി പൊതു ഇടത്തില്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി നല്‍കിയിട്ടുണ്ട് എന്ന വിലയിരുത്തലിന് പ്രധാന കാരണമാണ്.
മാത്രമല്ല യുകെയില്‍ കുറേക്കൂടി കുടിയേറ്റ സമൂഹത്തിന്റെ സാന്നിധ്യവും മലയാളികളേക്കാള്‍ വലിയ കൂട്ടായ്മകള്‍ പൊതു ഇടങ്ങളില്‍ നടത്തുന്ന കുടിയേറ്റ സമൂഹങ്ങള്‍ ഉണ്ടെന്നതും ബ്രിട്ടീഷ് പൊതു സമൂഹം ഒരു പരിധി വരെ ഈ കാഴ്ചകളോട് സമരസപ്പെട്ടിരിക്കുന്നു എന്നതുമൊക്കെ തുറന്ന ആക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒരു പരിധി വരെ കാരണമാണ്. എന്നിട്ടും കലാപ സാധ്യതയുള്ള അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ കുടിയേറ്റക്കാരും അവരുടെ ബിസിനസ് സ്ഥാപനങ്ങളും നോട്ടമിട്ടുള്ള അക്രമങ്ങളും ഉണ്ടാകുന്നുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. ഇന്നും ആളുകള്‍ തടിച്ചു കൂടുന്ന ഒട്ടുമിക്ക മലയാളി പരിപാടികളും വാടകക്ക് എടുക്കുന്ന ഹാളുകളുടെ സ്വകാര്യതയില്‍ തന്നെയാണ് എന്നത് പക്വത വന്ന മലയാളി സമൂഹത്തിന്റെ നേര്‍സാക്ഷ്യമായി യുകെ മലയാളികള്‍ക്ക് പറയാനാകും.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അജ്ഞാത നാമധാരിയുടെ മെസേജ്
അയര്‍ലന്‍ഡ് നല്‍കുന്ന പാഠം.
സ്വന്തമായൊരു ചരിത്രവും സംസ്‌കാരവും ഉള്ളവര്‍, എല്ലാവരോടും സ്‌നേഹത്തോടും മാന്യമായും പെരുമാറിയിരുന്ന ശാന്തരായ ഒരു ജനവിഭാഗം, അതായിരുന്നു അയര്‍ലന്‍ഡുകാര്‍.
അതുകൊണ്ടുതന്നെ അവര്‍ ജോലിക്കും മറ്റുമായി മാന്യമായി അവിടേക്ക് വന്നവര്‍ മുതല്‍ സ്വന്തം രാജ്യം നശിപ്പിച്ച് നാറാണക്കല്ലാക്കിയിട്ട് അനധികൃതമായി അഭയാര്‍ത്ഥികളായി എത്തിയവര്‍ വരെയുള്ള എല്ലാവരെയും അവര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും എത്തിയ അഭയാര്‍ത്ഥികളെ ഏറ്റവും കൂടുതല്‍ സ്വീകരിച്ച് ഗവര്‍മെന്റ് തലത്തില്‍ തന്നെ ഏറ്റവും അധികം സംരക്ഷണം കൊടുക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നും അയര്‍ലന്‍ഡ് തന്നെയായിരുന്നു ....... അതിഥിയും അഭയാര്‍ത്ഥിയുമായി വന്നവരുടെ കൊള്ളരുതായ്മകള്‍ സഹിച്ച് സഹിച്ച് അള മുട്ടിയപ്പോള്‍ അവസാനം അവരില്‍ ഒരു വിഭാഗം പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നതാണ് അയര്‍ലണ്ടിലെ പുതിയ സംഭവവികാസങ്ങള്‍.
ആ രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ഭക്ഷണവും വസ്ത്രവും താമസവും കരണ്ടും വെള്ളവും മരുന്നും ചികിത്സയും എല്ലാം കൊടുത്തിട്ടും അതിന്റെ ഒരു നന്ദിയും കാട്ടാതെ ആ രാജ്യത്ത് ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അവിടുത്തെ സ്ത്രീകള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ പോലും വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക അഭയാര്‍ത്ഥികളും ജിഹാദികളും ഒരുഭാഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മറുഭാഗത്ത് ജോലിക്കും മറ്റുമായി അവിടേക്ക് കുടിയേറിയവര്‍ അവിടുത്തെ സംസ്‌കാരവുമായി ഒത്തുചേര്‍ന്ന് ജീവിക്കുന്നതിനു പകരം അവിടെ കേരളവും ഗുജറാത്തും പഞ്ചാബും ഉത്തര്‍പ്രദേശും ഉണ്ടാക്കാന്‍ ശ്രമിച്ചു.
റോഡിലും റസ്റ്റോറന്റിലും മറ്റു പൊതു ഇടങ്ങളിലും ഉറക്കെ സംസാരിക്കുന്നത് പോലും സംസ്‌കാര ശൂന്യതയായി കാണുന്ന അയര്‍ലന്‍ഡ്കാര്‍ക്ക് മുന്നില്‍ അവിടെ കേറിച്ചെന്നവര്‍ ഒച്ചയും ബഹളവുമായി പൊതു ഇടങ്ങളിലും ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ക്കു പുറമേ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ബാന്‍ഡ് മേളത്തിന്റെ ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പള്ളിപ്പെരുന്നാളും റാസയും എഴുന്നുള്ളിപ്പും ക്രിസ്മസ് കരോളും , ഉത്തരേന്ത്യന്‍ ഹിന്ദുക്കളുടെ വക ഹൈന്ദവ ആഘോഷങ്ങളുടെ രഥ യാത്രകളും കാവിക്കൊടിയും ബാന്‍ഡ് മേളങ്ങളും ശംഖ് വിളികളും. മുസ്ലിം അഭയാര്‍ത്ഥികളുടെ വക റോഡിലെ ഗതാഗതം തടഞ്ഞു കൊണ്ടുള്ള നിസ്‌കാരവും ബാങ്ക് വിളികളും, ഇടയ്ക്ക് മലയാളികളുടെ വക ഓണാഘോഷവും ചെണ്ടയും പുലികളിയും ......കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ച മലയാള സെലിബ്രിറ്റികളുടെ സന്ദര്‍ശനവും അവര്‍ക്ക് നല്‍കുന്ന പൊതുയിടങ്ങളിലെ സ്വീകരണങ്ങളും ഈ വര്‍ഷം അസഹ്യമായി മാറിയിരുന്നു.
ഇന്ത്യക്കാര്‍ അവരില്‍ മലയാളികള്‍ പലരും അവിടം മറ്റൊരു രാജ്യമാണമെന്നത് മറന്നുകൊണ്ട് തനി സ്വഭാവം കാട്ടി...... എന്തിന് ചില ഓഫീസുകളില്‍ എല്ലാവര്‍ക്കുമായി ഉണ്ടാക്കി വെക്കുന്ന സാന്‍വിച്ചുകള്‍ പോലും മറ്റുള്ളവര്‍ക്ക് ഉണ്ടോയെന്ന് നോക്കാതെ നമ്മുടെ ആളുകള്‍ ആവശ്യത്തില്‍ കൂടുതല്‍ എടുത്തുകൊണ്ടുപോയി തിന്ന് ബാക്കി വേസ്റ്റ് ആക്കി മാറ്റിയപ്പോള്‍ ജോലിയെല്ലാം കഴിഞ്ഞ് സ്വസ്ഥമായി വന്നിരുന്ന കഴിക്കാന്‍ ചെല്ലുമ്പോള്‍ കാലിപാത്രം കണ്ട സായിപ്പും അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും അവന്റെ ഉള്ളില്‍ അത് അമര്‍ഷമായി മാറുന്നുണ്ടായിരുന്നു. അങ്ങിനെ എല്ലാം കണ്ട് അന്തംവിട്ട അയര്‍ലണ്ട് സായിപ്പുമാര്‍ ഇതെല്ലാം തങ്ങളുടെ സംസ്‌കാരത്തിന്റെ മേലെയുള്ള കടന്നുകയറ്റമായി തെറ്റിദ്ധരിച്ചു.
നന്ദികെട്ട ഇസ്ലാമിക അഭയാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഗവര്‍മെന്റ് നല്‍കുന്ന അമിത പരിഗണനയും തദ്ദേശിയ അയര്‍ലണ്ട്കാര്‍ക്ക് സഹിക്കാവുന്നതില്‍ അപ്പുറമായി മാറിയതോടെ ഭരിക്കുന്ന സര്‍ക്കാരിനെതിരെ ശക്തമായ വികാരം രൂപപ്പെട്ടിരുന്നു ഒപ്പം കഴിഞ്ഞയിടെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ തദ്ദേശീയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത വാര്‍ത്ത പുറത്തുവന്നതോടെ തുടങ്ങിയ പ്രശ്‌നങ്ങള്‍ അയര്‍ലണ്ട്കാരുടെ അടക്കിവെച്ചിരുന്ന അമര്‍ഷമെല്ലാം തങ്ങളുടെ രാജ്യത്തേക്ക് കടന്നു കയറിയവര്‍ക്കെതിരെയുള്ള മണ്ണിന്റെ മക്കള്‍ വാദമായി മാറി !
കഴിഞ്ഞദിവസം ട്രെയിന്‍ ഇറങ്ങി നടക്കുന്നതിനിടയില്‍ സിവില്‍ ഡ്രസ്സില്‍ ആയിരുന്ന മലയാളിയായ വൈദികനെ തടഞ്ഞുവെച്ച് ചില അയര്‍ലന്‍ഡ് യുവാക്കള്‍ കയ്യേറ്റത്തിന് ശ്രമിച്ചപ്പോള്‍ കണ്ടുനിന്ന അയര്‍ലണ്ട്കാരില്‍ ഒരാള്‍ പോലും അവരെ തടയാന്‍ ശ്രമിച്ചില്ല എന്നത് മാറിയ അയര്‍ലന്‍ഡ്കാരുടെ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് 20 വര്‍ഷത്തിലേറെയായി അവിടെ കുടുംബമായി താമസിക്കുന്ന മലയാളി വനിത പറയുമ്പോള്‍ ആ സഹോദരിയുടെ വാക്കുകളില്‍ നിരാശ മാത്രമല്ല സ്വന്തം നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള ഭാരതീയരോടുള്ള അമര്‍ഷവുമുണ്ട്.
ഞായറാഴ്ച ലഭിക്കുന്ന അധിക വേതനത്തോടെയുള്ള എക്‌സ്ട്രാ ഡ്യൂട്ടി ഒപ്പിക്കുന്നത് സംബന്ധിച്ച് രണ്ട് സ്റ്റാഫുകളായ മലയാളികള്‍ സ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കം മാനേജരുടെ മുന്നിലെത്തി അവസാനം അവിടെ കിടന്നു പരസ്പരം പച്ചതെറി പറഞ്ഞുകൊണ്ട് മുടിക്ക് കുത്തിപ്പിടിച്ച് നാട്ടിലേതുപോലെ തല്ലു കൂടിയപ്പോള്‍ കണ്ടുനിന്ന അവിടുത്തെകാരെല്ലാം വിലയിരുത്തിയത് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ചായിരുന്നു എന്നവര്‍ പറയുന്നു.
ഇതു മാത്രവുമല്ല മലയാളികളുടെ ഈഗോയും തമ്മിലടിയും അങ്ങ് അയര്‍ലണ്ടിലുമുണ്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടിലെ ഒരു പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരുന്ന ഫുഡ് സ്റ്റാളുകള്‍ക്കെതിരെ അയര്‍ലണ്ട് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന തുടര്‍ന്ന് ഫുഡുകളെല്ലാം നശിപ്പിച്ച് കളയേണ്ടതായി വന്നത് അയര്‍ലണ്ടില്‍ വലിയ വാര്‍ത്തയായിരുന്നു. ആ പരാതിയുടെ പിന്നില്‍ മലയാളി സംഘടനകളുടെ ഇടയിലുള്ള പടലപിണക്കമായിരുന്നു. അതായിരുന്നു ഫുഡ് സ്റ്റാളുകള്‍ക്കെതിരെയുള്ള അന്വേഷണത്തിനും പരാതിക്കും കാരണമായത്......... ഒപ്പം കൂനിന്മേല്‍ കുരുവെന്നപോലെ മലയാളിയായ മുന്‍ ഡബ്ലിന്‍ മേയര്‍ ബേബി പേരപ്പേഡിനെതിരെ ഉണ്ടായ അഴിമതി ആരോപണം സര്‍ക്കാരിലും ഫിനഗേല്‍ പാര്‍ട്ടിയിലും പ്രശ്‌നങ്ങളായതു മറ്റൊരു നാണക്കേടായി മാറിയിരിക്കുകയാണ്.
തന്നെ വര്‍ഷങ്ങളായി നേരിട്ട് അറിയാവുന്നവരുടെ മുന്നില്‍ മാത്രമേ തനിക്ക് സുരക്ഷിതത്വമുള്ളൂ. അല്ലാത്തവരുടെ മുന്നില്‍ ചെന്നുപെട്ടാല്‍ ഞാന്‍ 20 വര്‍ഷമായി ഇവിടെ താമസിക്കുന്നതാണോ അതോ കഴിഞ്ഞമാസം ബോട്ട് കയറി അനധികൃതമായി വന്നതാണോ എന്നവര്‍ക്ക് അറിയില്ലല്ലോ എന്ന് പറയുമ്പോള്‍ ആ സഹോദരിയുടെ വാക്കുകളില്‍ ഭീതിയുമുണ്ടായിരുന്നു.
ഇന്ന് അയര്‍ലണ്ട്കാര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവരുടെ ജാതിയോ മതമോ ഒന്നു നോക്കുന്നില്ല ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും സിഖായാലും അവരെല്ലാം അവരുടെ രാജ്യത്തേക്ക് അനധികൃതമായി കടന്നു കയറി അവരുടെ സ്വസ്ഥത നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന പൊതു ശല്യങ്ങളായിട്ടാണ് മൊത്തത്തിലവര്‍ കാണുന്നത്.
ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അയര്‍ലണ്ട് പ്രധാനമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചിരിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതുന്നുവെങ്കിലും കുടിയേറ്റക്കാര്‍ക്ക് എതിരെ അയര്‍ലന്‍ഡ് ജനത നടത്തിയ കൂറ്റന്‍ റാലി ആശങ്ക നല്‍കുന്നതു തന്നെയാണ്.
അതുകൊണ്ട് തിരിച്ചുള്ള ഒരു പലായനത്തിന് വഴിയൊരുക്കാതെ തല്‍ക്കാലം തദ്ദേശീയര്‍ക്കെതിരെ പ്രതിഷേധമോ പ്രതികരണമോ നടത്താതെ തങ്ങളിലേക്ക് തന്നെ ഒതുങ്ങി അവരെ സ്‌നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകുന്നത് തന്നെയാണ് അവിടെയുള്ള ഭാരതീയര്‍ക്ക് തല്‍ക്കാലം നല്ലത്.
നമ്മള്‍ ഏത് രാജ്യത്ത് ചെല്ലുന്നുവോ അവിടെയെല്ലാം നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളും സ്വകാര്യമാക്കി മാറ്റി, നാം ആയിരിക്കുന്ന രാജ്യത്തെ സംസ്‌കാരത്തോട് യോജിച്ചു പോകുന്ന ജീവിതരീതി പിന്‍തുടരുന്നത് തന്നെയാണ് ലോകത്തെവിടെയായാലും നല്ലത് എന്നത് അയര്‍ലന്‍ഡ് നമുക്ക് കാട്ടിത്തരുന്നു.