ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് ഉദ്യോഗാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തെ അപലപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംവിധാനത്തിന്റെ കൂട്ട പരാജയമാണിതെന്നും ഓരോ പൗരന്റെയും സുരക്ഷ സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച സംവിധാനത്തിന്റെ കൂട്ടായ പരാജയമാണ്. സുരക്ഷിതമല്ലാത്ത നിര്‍മാണത്തിലും മോശം നഗരാസൂത്രണത്തിലും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയിലും സാധാരണ പൗരന്‍ ജീവന്‍ നഷ്ടപ്പെടുത്തി വില കൊടുക്കുകയാണ്. സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സര്‍ക്കാരുകളുടെ ഉത്തരവാദിത്തവുമാണ്.

ഉദ്യോഗാര്‍ഥികള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത് നിര്‍ഭാഗ്യകരമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മഴക്കിടെ വൈദ്യുതാഘാതമേറ്റ് ഒരു വിദ്യാര്‍ഥി മരിച്ചിരുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളോട് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കനത്ത മഴക്ക് പിന്നാലെയാണ് ഡല്‍ഹി ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഒരു മലയാളി വിദ്യാര്‍ഥിയും മുങ്ങി മരിച്ചിരുന്നു. മൂന്ന് പേരാണ് സംഭവത്തില്‍ ആകെ മരിച്ചത്. എറണാകുളം മലയാറ്റൂര്‍ സ്വദേശിയാണ് മരിച്ച നെവിന്‍.

ലൈബ്രറിയില്‍ ഉണ്ടായിരുന്ന 45 ഉദ്യോഗാര്‍ഥികളില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഉദ്യോഗാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഓടകള്‍ വൃത്തിയാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കോച്ചിങ് സെന്ററിന് മുമ്പില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പൊലീസ് കെട്ടിട ഉടമയെയും കോഓര്‍ഡിനേറ്ററെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.