തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയില്‍ അതിവേഗ നീക്കവുമായി പോലീസ്. യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് പരാതി നല്‍കിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി അടിയന്തരമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് മൊഴിയെടുക്കുന്നത്.

പരാതിയില്‍ ഇന്ന് തന്നെ കേസെടുക്കുമെന്നാണ് സൂചന. ഉടന്‍ തന്നെ രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എംഎല്‍എ ഓഫീസ് പൂട്ടി പുറത്തുപോയ രാഹുല്‍ എവിടെയെന്ന് വ്യക്തമല്ല. കേസെടുത്ത് പരാതിയിലെ വിവരങ്ങള്‍ കിട്ടിയാലുടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍ക്കാനാണ് നീക്കം. ഇതിനുവേണ്ടി ഹൈക്കോടതി അഭിഭാഷകരെ ബന്ധപ്പെട്ടതായി സൂചനയുണ്ട്. സത്യം ജയിക്കുമെന്ന പോസ്റ്റ് മാത്രമാണ് രാഹുലിന്റെ ഇതുവരെയുള്ള പ്രതികരണം.

ഗര്‍ഭച്ഛിദ്രം, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കല്‍, ലൈംഗിക പീഡനം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് യുവതി പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതിക്കാരിയായ യുവതി ഇന്ന് വൈകുന്നേരം 4.15-ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. 4.50-ന് പരാതി രേഖാമൂലം കൈമാറിയ ശേഷം മടങ്ങുകയായിരുന്നു. ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാനാണ് യുവതി ശ്രമിച്ചതെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അവിടേക്ക് എത്തിക്കുകയായിരുന്നു. തെളിവുകള്‍ ഉള്‍പ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

മിന്നല്‍ വേഗത്തില്‍ നീക്കം

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നേരത്തെ മാധ്യമവാര്‍ത്തകളുടെയും ചാറ്റുകളുടെയും അടിസ്ഥാനത്തില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ച ആരും മൊഴി നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ അന്വേഷണം വഴിമുട്ടി. ഈ സമയത്താണ് ഗര്‍ഭച്ഛിദ്രം, വിവാഹ വാഗ്ദാനം നല്‍കി ചതിക്കല്‍, ലൈംഗിക പീഡനം തുടങ്ങിയ അതീവ ഗുരുതര ആരോപണങ്ങളുമായി അതിജീവിത നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

യുവതിയുടെ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയതോടെയാണ് കാര്യങ്ങള്‍ അതിവേഗം മാറിയത്. നിലവിലെ സ്വമേധയാ എടുത്ത കേസല്ല, യുവതിയുടെ പുതിയ പരാതിയില്‍ ഇന്ന് തന്നെ കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെ, ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുകയായിരുന്നു. തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശമുണ്ടായതായാണ് സൂചന.

യുവതിയുടെ പരാതിയില്‍ ഇന്ന് തന്നെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്.

രാഹുല്‍ എവിടെ?

പാലക്കാട്ടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും രാഹുല്‍ പിന്മാറി. രാഹുലിന്റെ എംഎല്‍എ ഓഫീസ് അടച്ചിട്ട നിലയിലാണ്.

രാഹുലിന്റെ ഫോണും സ്വിച്ച് ഓഫാണ്. പാലക്കാട്ടെ ഓഫീസിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ഫേസ്ബുക്കില്‍,

'കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം

കാലം നിയമപരമായി തന്നെ

പോരാടും.

നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.

സത്യം ജയിക്കും'- ഇട്ട പോസ്റ്റ് മാത്രമാണ് രാഹുലിന്റെ പ്രതികരണം