കൊച്ചി: തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബു ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ, അദ്ദേഹത്തെ പിന്തുണച്ചും സി.പി.എമ്മിനെ വിമര്‍ശിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. അധികാര മോഹിയായ ഒരു രാഷ്ട്രീയക്കാരനെയല്ല, മറിച്ച് ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട ഒരു മനുഷ്യന്റെ അതിജീവനത്തെയാണ് ബാബുവില്‍ കാണാന്‍ കഴിയുന്നതെന്ന് രാഹുല്‍ തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്യക്തമാക്കി.

മാധ്യമ വിചാരണയും മാനസിക ട്രോമയും

2016-ലെ പരാജയത്തിന് ശേഷം കെ. ബാബു അനുഭവിച്ച മാനസിക പ്രയാസങ്ങളെക്കുറിച്ച് രാഹുല്‍ വിവരിക്കുന്നത് ഇങ്ങനെ:

'അതൊരു അധികാര നഷ്ടത്തിന്റെ വേദനയായിരുന്നില്ല. ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിച്ച ഒരു മനുഷ്യന് ആ ആള്‍ക്കൂട്ടം തന്നെ ഒരു പേടിയായി മാറിയ കാലമായിരുന്നു അത്. തന്നെ നോക്കുന്നവര്‍ 'കള്ളന്‍' എന്ന് വിളിക്കുമോ എന്ന ഭയം ബാബു ചേട്ടനെ വേട്ടയാടി. ആ ട്രോമയില്‍ വീട്ടില്‍ ഒതുങ്ങിക്കൂടിയ അദ്ദേഹത്തെ ഉമ്മന്‍ചാണ്ടി സാറാണ് കൈപിടിച്ച് വീണ്ടും സജീവമാക്കിയത്.'

സ്വരാജിനെ തോല്‍പ്പിച്ച 'ബാബു ചേട്ടന്‍'

2021-ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തരംഗത്തിനിടയിലും സി.പി.എമ്മിന്റെ 'സ്റ്റാര്‍ കാന്‍ഡിഡേറ്റ്' എം.സ്വരാജിനെ തോല്‍പ്പിച്ച് ബാബു നിയമസഭയിലെത്തിയത് സത്യത്തിന്റെ വിജയമാണെന്ന് രാഹുല്‍ പറയുന്നു. 'സി.പി.എമ്മിന്റെ 'മെസ്സി' എന്ന് വിശേഷിപ്പിക്കപ്പെട്ട സ്വരാജിനെ തോല്‍പ്പിച്ചത് കേവലം ഒരു തിരഞ്ഞെടുപ്പ് വിജയമായിരുന്നില്ല, മറിച്ച് തന്നെ കള്ളനെന്ന് വിളിച്ചവര്‍ക്കുള്ള ബാബുവിന്റെ മറുപടിയായിരുന്നു.'

പത്ത് വര്‍ഷം ഭരിച്ചിട്ടും തെളിവെവിടെ?

സി.പി.എമ്മിനെതിരെ രൂക്ഷമായ പരിഹാസമാണ് രാഹുല്‍ ഉന്നയിക്കുന്നത്. പത്ത് വര്‍ഷം സംസ്ഥാനം ഭരിച്ചിട്ടും, കെ. ബാബുവിനെതിരെ ഉന്നയിച്ച 'കോഴ' ആരോപണങ്ങളില്‍ ഒന്ന് പോലും തെളിയിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. കുടുംബത്തെയും സുഹൃത്തുക്കളെയും വരെ പൊതുവിചാരണ ചെയ്തിട്ടും സത്യം മറനീക്കി പുറത്തുവന്നു എന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

മാതൃകാപരമായ പിന്മാറ്റം

മരിക്കുന്നത് വരെ ഔദ്യോഗിക പദവികളില്‍ തൂങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ബാബു ഒരു പാഠമാണെന്ന് രാഹുല്‍ കുറിപ്പില്‍ പറയുന്നു. വിജയസാധ്യത ഉണ്ടായിട്ടും മാറിനില്‍ക്കാനുള്ള തീരുമാനം മാതൃകാപരം. പുതിയ തലമുറയ്ക്കും അര്‍ഹരായവര്‍ക്കും വഴിമാറിക്കൊടുക്കാനുള്ള രാഷ്ട്രീയ മാന്യത. ബോര്‍ഡ് വെച്ച കാറില്‍ തന്നെ മരിക്കണം എന്ന് വാശിപിടിക്കുന്നവര്‍ ഇത് കണ്ടു പഠിക്കണം.

'ബാബു ചേട്ടാ, നിങ്ങള്‍ അഴിമതിക്കാരനല്ലെന്ന് കുറ്റബോധത്തോടെ ഈ നാട് ഇന്ന് സമ്മതിക്കുന്നുണ്ട്' എന്ന വൈകാരികമായ വരികളോടെയാണ് രാഹുല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ട വിഷമത്തില്‍ നില്ക്കുമ്പോഴും വ്യകതിപരമായി സന്തോഷം നല്കിയ വിജയങ്ങളില്‍ ഒന്നായിരുന്നു തൃപ്പൂണിത്തറയില്‍ ബാബു ചേട്ടന്റെ വിജയം.

സംസ്ഥാനത്ത് ആകെ LDF ജയിച്ച തിരഞ്ഞെടുപ്പില്‍, സിപിഎം ഏറ്റവും ആഘോഷിക്കുന്ന അവര്‍ സ്റ്റാര്‍ ക്യാന്‍ഡിഡേറ്റ് എന്ന് കരുതുന്ന സീറ്റിംഗ് MLA കൂടിയായ

ശ്രീ എം സ്വരാജിനെ ബാബു ചേട്ടന്‍ തോല്പ്പിച്ചു എന്നുള്ളത് ആയിരുന്നില്ല എന്റെ സന്തോഷത്തിന്റെ കാരണം.

2016 ല്‍ പരാജയപ്പെട്ട ദിവസം തൊട്ട് 2021 വരെയുള്ള ആ മനുഷ്യന്റെ ജീവിതത്തെ പറ്റി നല്ല ബോധ്യം എനിക്കുണ്ട്. അത് MLA അല്ലാത്തതിന്റെ അധികാര നഷ്ട ബോധമല്ല, മറിച്ച് ചെയ്യാത്ത തെറ്റിന്റെ പേരില്‍ വേട്ടയാടപ്പെട്ട ഒരു മനുഷ്യന്റെ മാനസികാവസ്ഥയാണ് ആ മനുഷ്യനെ ബാധിച്ചത്. ആള്‍ക്കൂട്ടത്തില്‍ ജീവിച്ച ഒരു മനുഷ്യനു ആ ആള്‍ക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറി. ആരെങ്കിലും ഒന്ന് നോക്കിയാല്‍ അത് താന്‍ ചെയ്യാത്ത തെറ്റില്‍ തന്നെ ക്രൂശിക്കുകയാണോ ആണോ എന്നുവരെ ആ മനുഷ്യന് തോന്നിയ കാലം.

വീട്ടില്‍ ഒതുങ്ങിക്കൂടിയ ആ മനുഷ്യനെ സജീവമാക്കാന്‍ ഉമ്മന്‍ ചാണ്ടി സാര്‍ ഒരുപാട് പരിശ്രമിച്ചു. ഒടുവില്‍ 2021 ല്‍ ബാബു ചേട്ടന്‍ വീണ്ടും മത്സരത്തിന് ഇറങ്ങിയപ്പോള്‍ ക്രൂരമായി അദ്ദേഹത്തെ വ്യക്തിപരമായി വേട്ടയാടിയിട്ടും, തൃപ്പൂണിത്തുറ പോലെ ഒരു ഇടത്പക്ഷ മണ്ഡലത്തില്‍, ഒരു ഇടത് തരംഗത്തില്‍, അവരന്നു പ്രസംഗിച്ചത് പോലെ അവരുടെ മെസ്സിയെ തോല്‍പ്പിച്ച് ബാബു ചേട്ടന്‍ വീണ്ടും നിയമസഭയിലെത്തി.

'കള്ളന്‍ ബാബു' എന്നും 'കോഴ ബാബു ' എന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചും, കുടുംബത്തെയും കൂട്ടുകാരെയും വരെ പൊതു വിചാരണ നടത്തിയും മാധ്യമങ്ങളിലൂടെ താറടിച്ചും നടന്ന CPM അതിനു ശേഷം 10 വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും അവര്‍ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും തെളിയിക്കാന്‍ കഴിഞ്ഞില്ല.

അതല്ലെങ്കിലും സത്യം മാത്രമല്ലെ അത്യന്തികമായി ജയിക്കു. ഇന്ന് ബാബു ചേട്ടന്‍ വീണ്ടും അത്ഭുതമാവുകയാണ്. തനിക്ക് വീണ്ടും മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ 'ഞാന്‍ ഇനി പാര്‍ലമെന്ററി രംഗത്തേക്ക് ഇല്ല' എന്ന അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്. ജനം പല കുറി തോല്‍പ്പിച്ചാല്‍ പോലും 'ഞാന്‍ കൂടി മത്സരിച്ചില്ലെങ്കില്‍ ഈ നാട് എങ്ങനെ മുന്നോട്ട് പോകും' എന്ന് തെറ്റിദ്ധരിക്കുന്ന പലര്‍ക്കും ബാബു ചേട്ടന്‍ മാതൃകയാണ്. മരിക്കുന്നത് ബോര്‍ഡ് വെച്ച കാറില്‍ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം.

ചെറുപ്പക്കാരും മധ്യവയസ്‌കരും അവസരം കിട്ടാത്ത ജനകീയരായ മുതിര്‍ന്ന ആളുകളും അടക്കം പുതിയ ആളുകള്‍ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്. ഏറ്റവും അനിവാര്യരായ, പാര്‍ട്ടി ഫേസ് ആയ പ്രധാന നേതാക്കള്‍ ഒഴികെ മറ്റു പലര്‍ക്കും ഇത്തവണ മാറി നില്ക്കണമെന്ന് ചിന്തിക്കാന്‍, തൃപ്പുണിത്തറയില്‍ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടന്റെ പിന്മാറ്റം ആവേശം നല്കട്ടെ....

ബാബു ചേട്ടാ, നിങ്ങള്‍ അഴിമതിക്കാരനല്ല, തോറ്റുപോയവനുമല്ല എന്ന് കുറ്റബോധത്തോടെ ഇന്ന് ഈ നാട് പറയുന്നുണ്ട്....

നിറയെ സ്‌നേഹം, അഭിമാനം?