- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണാ ജോര്‍ജ് പഠിച്ച ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേ? ആരോഗ്യമന്ത്രിക്ക് ഓഫിസ് അധികനാള്‍ ഉണ്ടാകില്ല; ആശാ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ സഭയില്‍ ആരോഗ്യ മന്ത്രിക്കെതിരെ ആഞ്ഞടിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; എസ്.യു.സി.ഐയുടെ നാവായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാറിയെന്ന് വീണ ജോര്‍ജ്ജ്
വീണാ ജോര്‍ജ് പഠിച്ച ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേ?
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചൊല്ലി നിയമസഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ പോര്. കേരളത്തിലാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനമെന്ന വാദം കള്ളമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് മുഖ്യമന്ത്രിയെ വിളിച്ച രാഹുല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരെ മൈന്‍ഡ് ചെയ്തില്ലെന്നും ആരോപിച്ചു. എസ്.യു.സി.ഐയുടെ നാവായി യൂത്ത് കോണ്‍ഗ്രസ് നേതാവായ എം.എല്‍.എ മാറിയെന്ന് മന്ത്രി വീണ ജോര്‍ജ് തിരിച്ചടിച്ചു.
കോവിഡ് സമയത്തു സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കേരളത്തിന്റെ രക്ഷക്കായി പ്രവര്‍ത്തിച്ച ആശമാര്‍ 23 ദിവസങ്ങളായി വെയിലത്തും മഴയത്തും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് രാഹുല്‍ നോട്ടീസ് നല്‍കി പറഞ്ഞു. 7000 രൂപ മാത്രമാണ് അവര്‍ക്കു കിട്ടുന്നത്. അതുപോലും മൂന്നു മാസം മുടങ്ങിയപ്പോഴാണു സമരം. 700 രൂപ ദിവസവേതനമുള്ള സംസ്ഥാനത്ത് ആശമാര്‍ക്ക് കിട്ടുന്നത് 232 രൂപ. അവര്‍ക്ക് 700 രൂപ പ്രതിഫലം നല്‍കുമെന്ന് എല്‍.ഡി.എഫിന്റെ 2021ലെ പ്രകടനപത്രികയില്‍ പറഞ്ഞതാണ്. ഇവര്‍ നല്‍കിയ ആ വാഗ്ദാനത്തിനു വേണ്ടിയാണ് ആ സാധുമനുഷ്യര്‍ ഇപ്പോള്‍ സമരമിരിക്കേണ്ടി വരുന്നത്.
കൃമികീടമെന്നും ഈര്‍ക്കില്‍ പാര്‍ട്ടിയെന്നും ബക്കറ്റ് പിരിവുകാരെന്നും വിളിച്ചില്ലേ? എന്നു തൊട്ടാണ് ഇവര്‍ക്ക് ബക്കറ്റുപിരിവ് അയിത്തമായത്. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് കേന്ദ്രമാണെങ്കില്‍ എന്തിനാണ് ഹരിയാനയിലെയും ബംഗാളിലെയും സി.ഐ.ടി.യുക്കാര്‍ ആശാമാരുടെ ശമ്പളം 26000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം ചെയ്തത്? ആരോഗ്യമന്ത്രി ഇത്രയും ദിവസങ്ങളായിട്ടും ആ വനികളോടൊന്നു സംസാരിക്കാന്‍ തയാറായില്ല.
അവര്‍ മന്ത്രിയെ കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍, വീട്ടില്‍ വരേണ്ടതില്ല ഓഫിസ് സമയത്ത് വന്നാല്‍ മതി എന്ന് ആവശ്യപ്പെട്ടു. ഈ മന്ത്രിയും ഞാനും സ്പീക്കറുമൊക്കെ വീടുവീടാന്തരം കയറി വോട്ട് ചോദിച്ചവരല്ലേ? നമ്മള്‍ വോട്ട് ചോദിക്കാന്‍ പോകുമ്പോള്‍ ഓഫിസ് സമയത്താണോ വോട്ട് ചോദിക്കാന്‍ പോകുന്നത്. വോട്ട് ചോദിക്കാന്‍ പോകുമ്പോള്‍ കൊച്ചുവെളുപ്പാന്‍ കാലത്തും പാതിരാത്രിയിലും പോകാം. പക്ഷേ വോട്ട് കിട്ടി ജയിച്ചശേഷം ആ സാധുമനുഷ്യര്‍ക്ക് ഒരാവശ്യം വരുമ്പോള്‍ ഓഫിസ് സമയത്ത് വരണമെന്നു പറഞ്ഞാല്‍ ആരോഗ്യമന്ത്രിക്ക് ആ ഓഫിസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം ഓണറേറിയം വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് വീണ ജോര്‍ജ് മറുപടി നല്‍കി. സമരക്കാരുമായി കഴിഞ്ഞ15ന് വിശദമായി ചര്‍ച്ച നടത്തി. വീട്ടില്‍ വന്നപ്പോള്‍ അധിക്ഷേപിച്ചു എന്ന എസ്.യു.സി.ഐ നേതാവിന്റെ അതേ കള്ളം ആണ് പാലക്കട് എം.എല്‍.എ ആവര്‍ത്തിക്കുന്നത്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ വാക്കൗട്ട് പ്രസംഗം നീണ്ടുപോയതിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കര്‍ എ.എന്‍. ഷംസീറും പോരടിച്ചു. പറയാനുള്ളത് പറയുമെന്ന് പ്രതിപക്ഷ നേതാവും സമയം കഴിഞ്ഞാല്‍ കട്ട് ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.