- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുന്നതെല്ലാം പൊള്ളും..! ഫീസുകള്‍ കൂട്ടാന്‍ ഒരുങ്ങി സര്ക്കാന്; നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഉത്തരവ് ഉടന്‍; പിടിച്ചുപറിക്ക് കളമൊരുങ്ങുന്നു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ അവലോകനങ്ങള്‍ വന്നു കഴിഞ്ഞു. ധനകാര്യ വകുപ്പിനെതിരെയാണ് കടുത്ത വിമര്‍ശനം എല്‍ഡിഎഫിലെ കക്ഷികള്‍ ഉന്നയിച്ചത്. സര്‍ക്കാറിന്റെ സേവന പ്രവര്‍ത്തനങ്ങളെല്ലാം പാളിയതാണ് തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചതെന്നാണ് ഉയര്‍ന്ന ആരോപണം. ഇതോടെ, വരുമാനം ഉണ്ടാക്കാന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനുള്ള നീക്കങ്ങളെല്ലാം അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. ഈ ആഴ്ച്ചയില്‍ തന്നെ നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ വേണ്ടി ഫീസുകള്‍ വര്‍ധിപ്പിച്ചു കൊണ്ട് ഉത്തരവിറങ്ങും.
ഫീസുകള്‍ പരിഷ്ക്കരിക്കുന്നതിനും നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനുമുളള നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍. സെക്രട്ടറിമാര്‍ക്ക് നിരക്കു വര്‍ധനവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം. പദ്ധതികള്‍ വെട്ടിച്ചുരുക്കി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. മില്‍മ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും തീരുമാനമുണ്ട്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തില്‍ അടക്കം മാറ്റംവരുത്തി തിരുത്തലിനുള്ള നീക്കങ്ങള്‍ ഇടതുമുന്നണി ആരംഭിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും സാമ്പത്തികമായി അവഗണിക്കുന്നു എന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വികാരം. ഇതോടെയാണ് തനതു വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
തനത് വരുമാനം വര്‍ധിപ്പിക്കുക മാത്രമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗങ്ങളിലൊന്നായി സര്‍ക്കാര്‍ കാണുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം വര്‍ധിപ്പിക്കുകയാണു മന്ത്രിസഭ എടുത്ത തീരുമാനം. റവന്യൂ ഓഫീസുകളുടെ പരിഷ്കരണത്തിനും നോണ്‍ ടാക്സ്, റവന്യൂ വര്‍ധനാ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കന് തീരുമാനിച്ചു. ഇതിനുള്ള ശിപാര്‍ശകള്‍ ഓരോ വകുപ്പിന്റെയും സെക്രട്ടറിമാര്‍ ഈ മാസം 26നു മുമ്പ് ഉത്തരവിറക്കണമെന്നാണ് മന്ത്രിസഭ നല്കിയ നിര്‍ദേശം. ഇക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച മേഖലകളില്‍ ഇത്തവണ നികുതി നിരക്ക് വര്‍ധന വരുത്തില്ല. വിദ്യാര്‍ഥികള്‍, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ധന ബാധകമാക്കില്ല. സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തില്‍ മാറ്റംവരുത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇതിന് പണം കണ്ടെത്താന്‍ നിലവിലെ പദ്ധതികള്‍ വെട്ടിച്ചുരുക്കാനാണ് മന്ത്രിസഭാ തീരുമാനം. നടപ്പ് പദ്ധതികളുടെ മുന്‍ഗണനാക്രമം തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
നിലവിലെ പദ്ധതികളടക്കം വെട്ടിച്ചുരുക്കും. നടപ്പുപദ്ധതികളുടെ മുന്‍ഗണന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിവിധ ചര്‍ച്ചകള്‍ നടത്തും. മില്‍മ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അംഗീകാരം നല്കി. 2021 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളപരിഷ്കരണം നടപ്പാക്കുക.
കഴിഞ്ഞ വര്‍ഷം ബജറ്റില്‍ ഇന്ധന സെസും മറ്റു നികുതി, ഫീസ് വര്‍ധനകളും നടപ്പില്‍വരുത്തിയിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വീതം കൂടി. ഭൂമി ന്യായവില 20% വര്‍ധിച്ചു. 500 മുതല്‍ 999 രൂപ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 20 രൂപയും 1000 രൂപയിലേറെ വിലയുള്ളതിന് 40 രൂപയും സാമൂഹിക സുരക്ഷാ സെസ് പ്രാബല്യത്തില്‍ വരുത്തിയിരുന്നു.
കെട്ടിട നികുതിയും ഉപനികുതികളും അഞ്ച് ശതമാനം വര്‍ധിച്ചു. കാറുകളടക്കം സ്വകാര്യ വാഹനങ്ങള്‍ക്കുള്ള ഒറ്റത്തവണ നികുതിയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തരം വര്‍ധനവുകള്‍ വരുത്തിയെങ്കിലും അതുകൊണ്ടും കാര്യമായ പ്രയോജനം ഖജനാവിന് ഉണ്ടായില്ലെന്നതാണ് വസ്തുത.