തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും അധികം തള്ളിമറിച്ചതായിരുന്നു ആരോഗ്യ രംഗത്തെ തള്ളുകളെ കുറച്ച്. ഈ തള്ളുകള്‍ക്ക് തുടക്കമിട്ടവര്‍ തന്നെ ഇപ്പോള്‍ തള്ളിപ്പറയുന്ന അപൂര്‍വ്വ കാഴ്ച്ചക്കാണ് കേരളം സാക്ഷിയാകുന്നത്. ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കയാണ് മുന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍.

ആരോഗ്യ മേഖലയില്‍ കേരളം ഒന്നാമതെന്ന തള്ള് അപകടകരമെന്ന് രാജീവ് സദാനന്ദന്‍ വിമര്‍ശിച്ചു. ആരോഗ്യ സംവിധാനം ഇപ്പോഴും പ്രാകൃത അവസ്ഥയിലാണ്. ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ കഴിയാത്തതും നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാക്കത്തും നാണക്കേടാണന്നും രാജീവ് സദാനന്ദന്‍ കുറ്റപ്പെടുത്തി. ചികിത്സാച്ചെലവിന്റെ ഭൂരിഭാഗവും കേരളത്തിലെ ജനങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ചിലവാക്കേണ്ടി വരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ പരിപാടിയില്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യവകുപ്പിനെതിരെ ദീര്‍ഘകാലം ആരോഗ്യ സെക്രട്ടറി ആയിരുന്ന രാജീവ് സദാനന്ദന്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന്ത. അമീബിക് മസ്തിഷ്‌ക ജ്വരം അടക്കം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തിലാണ് രാജീവിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയായ രാജീവ് പിണറായി വിജയനുമായി അടക്കം വളരെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ്.

സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി രാജീവ് സദാനന്ദനെ നിയമിച്ചിരുന്നു. നിപ രോഗബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്ത് രാജീവ് സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അന്ന് അതിന്റെ പേരില്‍ കൈയടി വാങ്ങായ ഉദ്യോഗസ്ഥനാണ് ഇപ്പോല്‍ അതേ കാരണം പറഞ്ഞ് സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതും.

വീണ ജോര്‍ജ്ജ് ആരോഗ്യമന്ത്രിയായ ശേഷം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതിനിടെ കൃത്യമായ കണക്കുകള്‍ പോലും ശേഖരിക്കാതെ ആരോഗ്യ വകുപ്പ്. കഴിഞ്ഞ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആറുപേര്‍ മരിച്ചെങ്കിലും രണ്ടുപേരുടെ മരണം മാത്രമാണ് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ രോഗം ബാധിച്ച് 38 പേര്‍ ഗുരുതരാവസ്ഥയിലാകുകയും എട്ടുപേര്‍ മരിക്കുകയും ചെയ്‌തെങ്കില്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ആറുപേര്‍ മരിക്കുകയും 34 പേര്‍ രോഗബാധിതരാകുകയും ചെയ്തു.

ഒരു മാസത്തിനിടെ അമീബിക് മസിഷ്‌ക ജ്വരം ബാധിച്ച് ആറു പേര്‍ മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍, ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഈവര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്.

18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് ആശങ്ക പടര്‍ത്തുന്നതിനിടെ മരണവും രോഗബാധിതരുമായി ബന്ധപ്പെട്ട കണക്കുകളിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ പോലും ആരോഗ്യ വകുപ്പ് മുന്‍കൈയെടുക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമാകുന്നത്. രോഗം പടരുന്നതിനിടെ സ്ഥിതിഗതി ആരോഗ്യ വകുപ്പ് ഗൗരവമായി എടുക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.

അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച് നിയമസഭാ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, വിദഗ്ധരുമായി ചേര്‍ന്ന് ഉന്നതതല അവലോകന യോഗം കൂടിയിട്ടുണ്ടെന്നും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെ്ന്നും പരിഭ്രാന്തരാകേണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മറുപടി. രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് 2016 ല്‍ ആലപ്പുഴയിലാണ് ഈ മാരകരോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്്. അതിനുശേഷം കേസുകള്‍ അപൂര്‍വ്വമായിരുന്നെങ്കിലും, സമീപകാലത്ത് മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ കൂടുതല്‍ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗം ബാധിച്ച മിക്കവാറും ആളുകള്‍ മലിനമായ കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവരാണ്.

മലിനജലം മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറില്‍ എത്തുകയും അണുബാധ ഉണ്ടാക്കുകയും തുടര്‍ന്ന് മരണകാരണമാകുകയുമാണ്. അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച് പത്തുവര്‍ഷമായിട്ടും മാരകരോഗത്തെ ഗൗരവമായി കാണാതെ പോകുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ഒരു മാസത്തിനിടെ രോഗം ബാധിച്ച് അഞ്ചുപേര്‍ മരിച്ചിട്ടും കേരളത്തില്‍ മരണനിരക്ക് കുറവാണെന്ന വാദമുയര്‍ത്തി കുളങ്ങളില്‍ ക്ലോറിന്‍ കലക്കിയൊഴിക്കുക മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്.

പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ മുതല്‍ നിരവധി വിവാദങ്ങളാണ് ആരോഗ്യ വകുപ്പിലുണ്ടായത്. അതില്‍ ഭൂരിഭാഗവും ചികിത്സാപ്പിഴവും മാരകമായ പകര്‍ച്ചവ്യാധികളുടെ കടന്നുകയറ്റവും സംബന്ധിച്ചായിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപകമായ ചികിത്സാപ്പിഴവുകളാണ് ഉണ്ടായത്.