തിരുവനന്തപുരം: സഖാവിന്റെ വാക്കുകള്‍ക്ക് അല്‍പം നിയന്ത്രണം പാലിക്കേണ്ടത് നല്ലതാണന്ന് തോന്നുന്നു.... മാറാടുകള്‍ ആവര്‍ത്തിക്കും എന്നു പറയാനും പാടില്ലായിരുന്നു... റെജി ലൂക്കോസ് കഴിഞ്ഞ ദിവസം രാത്രി ഫെയ്‌സ് ബുക്കില്‍ ഇട്ട പോസ്റ്റായിരുന്നു ഇത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു ഈ തിരിച്ചറിവ് റെജി ലൂക്കോസിന് ഉണ്ടായത്. ഇന്ന് രാവിലെ ബിജെപി ആസ്ഥാനത്ത് പത്ര സമ്മേളനത്തിന് എത്തിയവര്‍ ഞെട്ടി. ചാനലുകളില്‍ സിപിഎമ്മിന് വേണ്ടി വാദി റെജി ലൂക്കോസ് ബിജെപിയില്‍. മുന്‍ മന്ത്രി എകെ ബാലനെ അവസാനമായി തിരുത്തി ബിജെപിയിലേക്കുള്ള ചാട്ടം.

അമേരിക്കന്‍ മലയാളി ജീവിതം അടുത്തറിയുന്നവര്‍ക്ക് സുപരിചിതനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ഒരു കാലത്ത് റെജി ലൂക്കോസ്. അമേരിക്കയിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, നരേന്ദ്ര മോദി മുതല്‍ പിണറായി വിജയന്‍ വരെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അഭിമുഖ പരമ്പരകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൈരളി ടിവിക്ക് വേണ്ടി അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ജീവിതം ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കിയ പ്രത്യേക പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍പ് ദീപിക പത്രത്തില്‍ കോളം എഴുതിയിരുന്ന അദ്ദേഹം ദേശാഭിമാനിയിലും മംഗളത്തിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008-ലെ മുതുകുളം മാധ്യമ അവാര്‍ഡ്, 2009-ലെ കള്ളിക്കാട് ഫൗണ്ടേഷന്‍ പ്രവാസി മാധ്യമ അവാര്‍ഡ്, 2009-ലെ ജേസീസ് പ്രതിഭാ പുരസ്‌കാരം എന്നിവയും തേടി.

കോട്ടയം കുറുമുള്ളൂര്‍ സ്വദേശിയായ റെജി ലൂക്കോസ്, ലൂക്കോസ് - മേരി ദമ്പതികളുടെ മകനാണ്. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നതോടൊപ്പം തന്നെ വിജയകരമായി ഒരു ബിസിനസ്സും നടത്തിയിരുന്നു. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മോദിയേയും പിണറായിയേയും റെജി ലൂക്കോസ് അഭിമുഖം നടത്തി. പിണറായിയുമായി അന്നുണ്ടായ വ്യക്തിബന്ധമാണ് റെജി ലൂക്കോസിനെ സിപിഎമ്മുമായി അടുപ്പിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ ന്യായീകരണവുമായി നിറഞ്ഞു. പക്ഷേ ചില കാര്യങ്ങളില്‍ വിരുദ്ധാഭിപ്രായവും രേഖപ്പെടുത്തി. ദീര്‍ഘകാലം സി.പി.എം സഹയാത്രികനായിരുന്ന റെജി ലൂക്കോസിന് പാര്‍ട്ടി അംഗത്വവും ഉണ്ടായിരുന്നു.

സി.പി.എം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും പഴയ ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്നും ആരോപിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ താന്‍ ആകൃഷ്ടനാണെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരിട്ട് പോയി കണ്ട മാറ്റങ്ങള്‍ തന്നെ സ്വാധീനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും, ബി.ജെ.പിയെ വര്‍ഗീയവാദികളെന്ന് വിളിക്കുന്നവര്‍ ഇപ്പോള്‍ തന്നെ വര്‍ഗീയത പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഇനി ബി.ജെ.പിയുടെ ശബ്ദമായി പ്രവര്‍ത്തിക്കും' എന്നാണ് അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടിയെ പ്രതിരോധിച്ചിരുന്ന ഒരു പ്രധാന ശബ്ദത്തെയാണ് നഷ്ടമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ, റെജി ലൂക്കോസിനെപ്പോലെയുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി പ്രധാനമായും മൂന്ന് തന്ത്രങ്ങളാണ് പയറ്റുന്നത്.

മുന്‍പ് ഇ. ശ്രീധരന്‍, ജേക്കബ് തോമസ് എന്നിവരെ കൊണ്ടുവന്നതുപോലെ, ഇത്തവണ കൂടുതല്‍ പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിച്ച് മധ്യവര്‍ഗ വോട്ടുകള്‍ നേടുക എന്നതാണ് ലക്ഷ്യം. ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാന്‍ 'സ്‌നേഹയാത്ര' പോലുള്ള പരിപാടികള്‍ തുടരുകയാണ്. ഇതിലൂടെ എല്‍.ഡി.എഫ്, യു.ഡി.എഫ് വോട്ടുബാങ്കുകളില്‍ വിള്ളലുണ്ടാക്കി കുറഞ്ഞത് 10-15 സീറ്റുകളിലെങ്കിലും വിജയം നേടാനാണ് ബി.ജെ.പി നീക്കം.