- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ്; ശസ്ത്രക്രിയയും അനുബന്ധ കാര്യങ്ങളും സൗജന്യമായാണ് ചെയ്യുന്നത്; ഒരു രൂപ പോലും കൊടുക്കരുതെന്ന് ആലിന്റെ മുത്തച്ഛന്‍: മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ എല്ലാത്തിനും പിന്തുണ അറിയിച്ചിരുന്നുവെന്ന് റെജി സാമുവല്‍
ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ്

പത്തനംതിട്ട: മസ്തിഷ്‌ക മരണം സംഭവിച്ച് മരിച്ച ആലിന്‍ ഷെറിന്റെ ദാനം ചെയ്ത അവയവങ്ങള്‍ ഘടിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പെന്ന് കുട്ടിയുടെ മുത്തച്ഛന്‍ റെജി സാമുവല്‍. അവയവങ്ങള്‍ സ്വീകരിച്ച കുട്ടികള്‍ക്ക് ചികിത്സക്ക് പണം ഇല്ലെന്നും ജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് പണം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ശസ്ത്രക്രിയയും അനുബന്ധ കാര്യങ്ങളും സൗജന്യമായാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ഉള്‍പ്പെടെ എല്ലാത്തിനും പിന്തുണ അറിയിച്ചിരുന്നുവെന്നും റെജി സാമുവല്‍ പറഞ്ഞു.
പത്തനംതിട്ട സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ജോണിന്റെയും മകളായ ആലിന്‍ ഫെബ്രുവരി അഞ്ചിന് എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ അഞ്ച് പേര്‍ക്കാണ് പുതുജീവന്‍ നല്‍കുന്നത്.
പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം നടന്നത്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും മന്ത്രിമാരായ വീണാജോര്‍ജും വി.എന്‍. വാസവനും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ കുഞ്ഞിന് അന്തിമോപചാരമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം ആലിന്റെ വീട് സന്ദര്‍ശിക്കും.
കുഞ്ഞ് വേര്‍പിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്നും അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിന്‍ ഷെറിന്റെ മാതാപിതാക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലിന്റെ വൃക്ക ഏറ്റുവാങ്ങിയ 10 വയസുകാരി ശ്രേയയുടെ മുത്തച്ഛന്‍ ചന്ദ്രനും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മാതാപിതാക്കളെയും മുത്തച്ഛനെയും കണ്ട് ആശ്വസിപ്പിച്ചു. സുരേഷ് ഗോപിയും ആലിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രിക്കുവേണ്ടികൂടിയാണ് വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. എത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
പത്തനംതിട്ട നെടുങ്ങാട പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ എട്ടുമണിയോടെ മൃതദേഹം മല്ലപ്പള്ളിയിലെ വീട്ടിലെത്തിച്ചു. ആദ്യം ആശുപത്രിയിലും പിന്നീട് വീട്ടിലും നടന്ന പൊതുദര്‍ശനത്തില്‍ നൂറുകണക്കിന് പേരാണ് ആലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കരഞ്ഞു തളര്‍ന്ന ആലിന്റെ അച്ഛന്‍ അരുണ്‍ എബ്രഹാമിനെയും അമ്മ ഷെറിന്‍ ആന്‍ ജോണിനേയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും ആയില്ല.
കഴിഞ്ഞ അഞ്ചാം തീയതി ചിങ്ങവനത്തെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിന് വെള്ളിയാഴ്ചയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയിലും പൊന്നോമനയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറാകുകയായിരുന്നു. ആറുമാസം പ്രായമുള്ള ധ്രിയ, ആലിന്റെ കരള്‍ സ്വീകരിച്ചപ്പോള്‍ 10 വയസ്സുള്ള ശ്രേയയാണ് വൃക്കകള്‍ സ്വീകരിച്ചത്. സര്‍ക്കാരിന് വേണ്ടി മന്ത്രി വി എന്‍ വാസവന്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ വൃക്കകളും കരളും വിജയകരമായി മാറ്റിവച്ചു. വൃക്കകള്‍ ശ്രേയ എന്ന പത്തുവയസുകാരിക്കും കരള്‍ ആറുമാസം പ്രായമുള്ള ധ്രിയ എന്ന കുഞ്ഞിനുമാണ് മാറ്റിവച്ചത്. സംസ്ഥാനത്തു കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ധ്രിയ. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ആലിന്റെ ഇരുവൃക്കകളും ശ്രേയയ്ക്ക് നല്‍കിയത്. നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനും കൈമാറി.


