- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂര്‍ച്ചയേറിയ ആയുധം ഏതാണെന്നും അയര്‍ലണ്ടില്‍ കൊലയ്ക്ക് കിട്ടുന്ന പരമാവധി ശിക്ഷ ഏതെന്നും മനസ്സിലാക്കിയത് ഗൂഗിളില്‍ നിന്നും; തടവുകാര്‍ക്കുള്ള സൗകര്യങ്ങളും നെറ്റില്‍ തിരഞ്ഞ് മനസ്സിലാക്കി; പിടിവലിക്കിടെ അബദ്ധത്തില്‍ കത്തി കഴുത്തില്‍ കുത്തിക്കയറിയെന്ന വാദം പൊളിച്ചത് ഈ തെളിവ്; അയര്‍ലന്റിലെ ദീപ ദിനമണി കൊലപാതകത്തില്‍ ഭര്‍ത്താവ് റെജിന്‍ രാജന്‍ കുറ്റക്കാരന്‍; ശിക്ഷാ വിധി കേള്‍ക്കാന്‍ ദീപയുടെ സഹോദരനും എത്തും
അയര്‍ലന്റിലെ ദീപ ദിനമണി കൊലപാതകത്തില്‍ ഭര്‍ത്താവ് റെജിന്‍ രാജന്‍ കുറ്റക്കാരന്‍
കോര്‍ക്ക്: അയര്‍ലന്റിലെ ദീപ ദിനമണി (38) കൊലപാതകത്തില്‍ ഭര്‍ത്താവ് റെജിന്‍ രാജന്‍ (43) കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. കൃത്യമായ മുന്നൊരുക്കത്തോടെയാണ് റെജിന്‍ ദീപയെ വകവരുത്തിയത് എന്ന് തെളിയിക്കാന്‍ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചു. ഇതോടെയാണ് പന്ത്രണ്ടംഗ ജൂറി സംഘം ഏകകണ്ഠമായി റെജിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പിടിവലിക്കിടെ അബദ്ധത്തില്‍ കത്തി കഴുത്തില്‍ തറച്ചുകയറിയെന്നായിരുന്നു റെജിന്റെ വാദം. എന്നാലിത് കോടതി അംഗീകരിച്ചില്ല. കൊലപാതകം നടന്ന 2023 ജൂലൈ 14നു രണ്ടു നാള്‍ മുന്‍പേ തന്നെ പ്രതി മൂര്‍ച്ചയേറിയ വലിയ കത്തി വാങ്ങിയെന്നും കോടതിയില്‍ വെളിപ്പെടുത്തപ്പെട്ടിരുന്നു.
അതിനു തെളിവായി മാറിയത് റെജിന്റെ തന്നെ ഫോണാണ്. ഗൂഗിളില്‍ മൂര്‍ച്ചയേറിയ ആയുധം ഏതാണെന്നും അയര്‍ലണ്ടില്‍ കൊലപാതകം ചെയ്താല്‍ കിട്ടാവുന്ന പരമാവധി ശിക്ഷ ഏതെന്നും ജയിലില്‍ എത്തുന്ന തടവുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തെന്നും വരെ റെജിന്‍ രാജന്‍ ഗൂഗിള്‍ ചെയ്തു മനസിലാക്കിയത് കോടതി വിചാരണയില്‍ നിര്‍ണായകമായി. കേസില്‍ സാക്ഷികള്‍ ഇല്ലെന്നതിനാല്‍ ഇത്തരം സാഹചര്യ തെളിവുകളും പ്രോസിക്യൂഷന് സഹായകമായി.
റെജിന്റെ ഫോണിന് ഒപ്പം കൊല്ലപ്പെട്ട ദീപയുടെ ഫോണും പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ഇക്കാര്യം വിശദീകരിക്കാന്‍ കോടതിയില്‍ എത്തിയ ഫോണ്‍ അനലിസ്റ്റ് സൂസന്‍ ക്രോണിന്‍ വെളിപ്പെടുത്തിയത് ദീപയുടെ ഫോണിലും വാട്സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്താല്‍ എന്ത് സംഭവിക്കും എന്ന കാര്യങ്ങളെ കുറിച്ചുള്ള തിരച്ചിലാണ് കാണാനായത് എന്നാണ്. ഒരാള്‍ നമ്മളെ വാട്സാപ്പില്‍ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കാനാകും എന്ന് ദീപയുടെ ഫോണിലും തിരഞ്ഞതായി ഉദ്യോഗസ്ഥര്‍ മനസിലാക്കിയത് കഴിഞ്ഞയാഴ്ചത്തെ വിചാരണയില്‍ കോടതിയില്‍ എത്തിയ കാര്യങ്ങളാണ്. റെജിന്റെ ഫോണില്‍ കൊല നടന്നതിന്റെ രണ്ടു ദിവസം മുന്‍പും നാലു ദിവസം മുന്‍പുമാണ് കത്തിയെക്കുറിച്ചും ജയിലിനെ കുറിച്ചും ഒക്കെ തിരച്ചല്‍ നടന്നിരിക്കുന്നത്.
മാത്രമല്ല തന്റെ ഭാര്യ ചതിക്കുന്നത് എങ്ങനെ തടയാനാകും എന്ന വിവരവും റെജിന്റെ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വിവരം റെജിന്‍ തിരച്ചില്‍ നടത്തുന്നതിന് പകരം സമാനമായ വിവരങ്ങള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ സ്വാഭാവികമായും ഗൂഗിള്‍ നല്‍കുന്ന അനുബന്ധ വിവരമാണെന്നാണ് കോടതിയില്‍ ഉദ്യോഗസ്ഥര്‍ വിശദമാക്കിയത്. കൊലചെയ്യപ്പെട്ട ദിവസം അവസാനമായി ദീപയുടെ ഫോണില്‍ വാട്സാപ്പില്‍ എത്തിയത് ജേ എന്ന പേരില്‍ നിന്നുമുള്ള യ്പ് എന്ന ഒറ്റവാക്കിലുള്ള മറുപടി സന്ദേശമാണ്. ഈ വാക്ക് മുന്‍പൊരിക്കലും ദീപയുടെ ഫോണില്‍ എത്തിയിട്ടില്ലെങ്കിലും റെജിന്റെ ഫോണില്‍ 115 തവണ ആവര്‍ത്തിച്ചിട്ടുണ്ട് എന്നും ക്രോസ് വിസ്താരത്തില്‍ കോടതിയില്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. ഫോണ്‍ അനലിസ്റ്റുകള്‍ ഇക്കാര്യം ശരിവയ്ക്കുകയും ചെയ്യുന്നു.
അതേസമയം കത്തിയെക്കുറിച്ച് അന്വേഷണം നടത്തിയ റെജിന്റെ ഫോണില്‍ നിന്നും കൊലപാതകം, മരണം എന്നീ വാക്കുകള്‍ സേര്‍ച്ച് ചെയ്യപ്പെട്ടിട്ടില്ല എന്നും ഫോണ്‍ അനലിസ്റ്റുകള്‍ പറയുന്നു. എന്നാല്‍ കൊല നടന്ന മുറിയില്‍ നിന്നും കണ്ടെടുത്ത കത്തിയില്‍ വ്യക്തമായ നിലയില്‍ പതിഞ്ഞിരിക്കുന്ന ഫിംഗര്‍ പ്രിന്റുകള്‍ പ്രതി റെജിന്‍ രാജന്റേതുമായി മാച്ച് ചെയ്യുന്നതാണ് എന്ന് ഡിക്ടറ്റീവ് ഉദ്യോഗസ്ഥ റേച്ചല്‍ മഹോണിയും കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയിലായിരുന്നു വാദം. മെയ് രണ്ടു വരെ റെജിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ശിക്ഷ വിധിക്കുന്നത് കേള്‍ക്കാന്‍ ദീപദിനമണിയുടെ ഏക സഹോദരന് കോടതി അവസരമൊരുക്കുകയും ചെയ്യും.
2023 ജൂലൈ 14ന് കോര്‍ക്ക് സിറ്റിയിലെ വില്‍ട്ടണിലെ വീട്ടിലാണ് ദീപ കൊല്ലപ്പെട്ടത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ജീവനെടുത്തത്. ദീപ 2023 മാര്‍ച്ചിലാണ് ഭര്‍ത്താവ് റെജിന്‍ രാജനും അഞ്ച് വയസുള്ള മകനുമൊപ്പം കോര്‍ക്കിലെത്തിയത്. ഒരു ധനകാര്യ സ്ഥാപനത്തിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു ദീപ. ഇവരുടെ കുടുംബ ജീവിതം പ്രശ്‌നത്തിലായിരുന്നു. ദീപ വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്.
ഭാര്യയെ കൊലപ്പെടുത്തിയ റെജിന്‍ ഈ വിവരം 999ല്‍ വിളിച്ചറിയിക്കുകയായിരുന്നു. തന്റെ പാസ്പോര്‍ട്ട് ദീപ തടഞ്ഞുവെച്ചു. അതാവശ്യപ്പെട്ടത് തര്‍ക്കമായി. തന്റെ മുറിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ദീപ പറഞ്ഞു. താന്‍ ഇറങ്ങി പോയില്ല. ഉടനെ തന്നെ ദീപ കിടപ്പുമുറിയിലെ മേശയിലുണ്ടായിരുന്ന കത്തിയെടുത്തു. ഈ കത്തി താന്‍ വാങ്ങിയതായിരുന്നു. അതെങ്ങനെയാണ് ദീപയുടെ മേശപ്പുറത്തുവന്നതെന്ന് അറിയില്ല.
കത്തിയ്ക്ക് വേണ്ടി പിടിവലിയുണ്ടായി. അതിനിടെ കത്തി ദീപയുടെ കഴുത്തില്‍ അബദ്ധത്തില്‍ കുത്തിക്കയറി. ആകെ ഞെട്ടിപ്പോയി. അതിനാലാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിക്കാന്‍ കഴിയാഞ്ഞത്. ഒരിക്കലും ദീപയെ ഉപദ്രവിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല-ഇങ്ങനെയൊക്കെയായിരുന്നു രാജന്റെ വാദം.