ആലപ്പുഴ: റോഡ് വികസനത്തിന് എന്ന പേരില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ അനുമതിയില്ലാതെ പൊളിച്ചു നീക്കിയ പൊതുമരാമത്ത വിഭാഗം അധികൃതരുടെ നടപടി വിവാദത്തില്‍. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആലപ്പുഴ പാണവള്ളിയിലെ സന്താരി റിസോര്‍ട്ടിന്റെ മതിലാണ് ബുള്‍ഡോസറുമായെത്തി എംഎല്‍എയും സംഘവും പൊളിച്ചു നീക്കിയത്. റോഡ് വികസനത്തിന് എന്ന പേരിലാണ് നടപടി.

ഇന്നലെ വൈകുന്നേരമാണ് അലമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും നാട്ടുകാരുമായെത്തി ബുള്‍ഡോസറുമായി എത്തി റിസോര്‍ട്ട് മതില്‍ പൊളിച്ചത്. നിയമപരമായ കാര്യങ്ങളൊന്നും പാലിക്കാതെയാണ് ഈ നടപടി. പള്ളാത്തുരുത്തി- രാമപുരം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ പേരിലായിരുന്നു സന്താരി റിസോര്‍ട്ടിന്റെ മതില്‍പൊളിച്ചത്.

റോഡിന് വീതികൂട്ടുന്ന വിവരം റിസോര്‍ട്ട് അധികൃതരെ കത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, റിസോര്‍ട്ട് അധികൃതര്‍ നിയമപരമായി സമ്മതം അറിച്ചിരുന്നില്ല. ടൂറിസ്റ്റ് സീസണ്‍ കൂടി ആയതിനാല്‍ മതില്‍പൊളിക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്ന നിലപാടിലായിരുന്നു അധികൃതര്‍. അതുകൊണ്ട് തന്നെ ആവശ്യത്തോട് പ്രതികരിച്ചതുമില്ല. ഇതിനിടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ഇന്നലെ വൈകുന്നേരത്തോടെ എത്തി തിണ്ണമിടുക്കു കാട്ടി മതില്‍പൊളിച്ചത്.

റോഡിന്റെ വീതികൂട്ടാനായി സ്ഥലം വീട്ടുകിട്ടണം എന്ന് പൊതുമരാമത്ത് വിഭാഗത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ റിസോര്‍ട്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിനായി നിയമപരമായി അനുമതി തേടിയിരുന്നില്ല. ഇതു കൂടാതെ സ്ഥലം കൗണ്‍സിലറുടെ കത്തും റിസോര്‍ട്ട് അധികൃതര്‍ക്ക് ലഭിച്ചു. ടൂറിസ്റ്റ് സീസണ്‍ ആയതിനാല്‍ നിരവധി വിനോദ സഞ്ചാരികളുള്ള വേളയിലായിരുന്നു എച്ച് സലാം എംഎല്‍എയും സംഘവും ബുള്‍ഡോസറുമായി എത്തിയത്. ഇത് റിസോര്‍ട്ട് അധികൃതരെയും ബുദ്ധിമുട്ടിലാക്കി.

അതേസമയം അതിക്രമിച്ചു കയറി മതില്‍പൊളിച്ച സംഭവത്തില്‍ സന്താരി റിസോര്‍ട്ട് അധികൃതര്‍ ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കി. തങ്ങളോട് അനുമതി വാങ്ങാതെയാണ് അതിക്രമിച്ചു കയറിയുള്ള നടപടി എന്നാണ് റിസോര്‍ട്ട് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. വസ്തുക്കളില്‍ അതിക്രമിച്ചു കയറി ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിക്കുന്ന നടപടിക്കെതിരെ സുപ്രീംകോടതിയും അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സിപിഎം എംഎല്‍എക്കും സംഘത്തിനും ഇതൊന്നും ബാധകമാകുന്നില്ലെന്നതാണ് ആലപ്പുഴയിലെ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നതും.