തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ. രാജന്‍. ദിവ്യക്കെതിരെ പൊതുവികാരം ശക്തമാകുമ്പോഴാണ് റെവന്യൂ മന്ത്രിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തള്ളുന്നത്. ജനപ്രതിനിധികള്‍ ആരാണെങ്കിലും പൊതുസമൂഹത്തോടുള്ള ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമെല്ലാം പക്വതയും പൊതുധാരണയുമുണ്ടാകേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കിയതെന്നും മന്ത്രി പ്രതികരിച്ചു.

ഗൗരവമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകും. നവീന്‍ ബാബുവിനെ കുറിച്ച് ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല. നല്ല ഉദ്യോഗസ്ഥനാണ് എന്നുതന്നെയാണ് ഇതുവരെയുള്ള ധാരണ. കളക്ടറോട് എത്രയും വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാലുടന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസസമയം നവീന്റെ മരണത്തില്‍ കണ്ണൂരില്‍ പ്രതിഷേധം ഇരമ്പുകയാണ്. യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ഇരച്ചുകയറി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. രാവിലെ പതിനൊന്നരയോടെ ജില്ലാ പഞ്ചായത്തിലേക്ക് പ്രകടനമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലിസ് വലയം മറികടന്ന് ഗേറ്റ് മറികടന്ന് ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് കയറുകയായിരുന്നു.

കണ്ണൂര്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് യുവമോര്‍ച്ച നേതാക്കളെ അറസ്റ്റു ചെയ്തു നീക്കിയത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അര്‍ജുന്‍ ദാസ്, യുവമോര്‍ച്ച ജില്ല. ട്രഷറര്‍ അക്ഷയ്കൃഷ്ണ , ബി.ജെ.പി ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം , മണ്ഡലം ജനറല്‍ സെക്രട്ടറി ബിനില്‍ കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് രാവിലെയാണ് കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. നവീന്‍ ബാബുവിനെതിരെ ഇന്നലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നവീന്‍ ബാബുവിന് ഇന്നലെ നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്കാണ് ക്ഷണിക്കപ്പെടാതെ പി.പി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്.

ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നായിരുന്നു പി.പി ദിവ്യയുടെ ആരോപണം. നവീന്‍ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്നും, ഉപഹാരം നല്‍കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അവര്‍ ഉടന്‍ വേദി വിടുകയും ചെയ്തു. നേരിട്ട അപമാനത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.

താന്‍ ശുപാര്‍ശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാര്‍ശയില്‍ നടന്നതിലെ എതിര്‍പ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കാസര്‍കോട് നിന്നാണ് കണ്ണൂരിലേക്ക് എഡിഎം ആയി നവീന്‍ ബാബു എത്തിയത്. ഇന്നലത്തെ യാത്രയയപ്പ് കഴിഞ്ഞ് രാത്രി മലബാര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. രാവിലെ ട്രെയിനില്‍ അദ്ദേഹം ഇല്ലെന്നറിഞ്ഞ് കുടുംബാംഗങ്ങള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യ മഞ്ജുഷ കോന്നി തഹസില്‍ദാരാണ്. രണ്ട് പെണ്‍മക്കളാണുള്ളത്.