- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോയിയുടെ മൃതദേഹം കണ്ടെത്തിയത് പൈപ്പില്‍ കുടുങ്ങിയ നിലയില്‍; മൂന്ന് ദിവസത്തെ പഴക്കമുള്ളതിനാല്‍ അഴുകി തുടങ്ങി; നെഞ്ചു തകര്‍ന്ന് അമ്മ മെല്‍ഹി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങിയ ജോയിയുടെ മൃതദേഹം കണ്ടെത്തിയത് തകരപ്പറമ്പിലെ കനാലില്‍ പൈപ്പില്‍ കുടുങ്ങിയ നിലയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തെ പഴക്കമുള്ളതിനാല്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം.
കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റര്‍ അകലെ ആയിട്ടാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളില്‍ പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 9.15-ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. തകരപ്പറമ്പിലെ കനാലില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം, കുടുംബക്കാര്‍ എത്തി പരിശോധനകള്‍ക്ക് ശേഷം തിരിച്ചറിയുകയായിരുന്നു.
ജോയിയുടെ മൃതദേഹം കണ്ടെത്തിയതോടെ എങ്ങും നൊമ്പരമാണ്. പതിവു പോലെ 'അമ്മാ'യെന്നു നീട്ടിവിളിച്ചു ചിരിച്ച മുഖവുമായി ജോയി വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന അമ്മ മെല്‍ഹിയുടെ കണ്ണൂനീരായിരുന്നു സഹിക്കാന്‍ കഴിയാത്തത്. നെഞ്ചു നുറങ്ങിയ അവസ്ഥയിലാണ് ഈ മാതാവ്. ജോയി ഇനി മടങ്ങിവരില്ലെന്നു വിശ്വസിക്കാന്‍ അമ്മയ്‌ക്കോ ജോയിയെ അടുത്ത് അറിയാവുന്നവര്‍ക്കോ കഴിഞ്ഞിട്ടില്ല. സമീപത്തെ പള്ളിയില്‍ പ്രാര്‍ഥനയിലായിരുന്ന അമ്മയോട് രാവിലെ 9.45നാണ് മരണവിവരം ബന്ധുക്കള്‍ അറിയിക്കുന്നത്.
ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു അമ്മ. ഏക ആശ്രയമായ മകനെ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് ഈ അമ്മ. അമ്മയോട് യാത്ര പറഞ്ഞാണു ശനിയാഴ്ച രാവിലെ 6ന് വീട്ടില്‍ നിന്നും ജോലിക്കായി ജോയി ഇറങ്ങിയത്. ദിവസക്കൂലിക്കാരനായ ജോയി ഏത് ജോലിക്ക് ആരു വിളിച്ചാലും പോകുമായിരുന്നു. ജോലിയില്ലാത്ത ദിവസം ആക്രി പെറുക്കി വില്‍ക്കും. കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടു പോലും ഈ കുടുംബത്തിനില്ല. കരുത്തനായ ജോയി മടങ്ങിവരുമെന്ന പ്രതീക്ഷയായിരുന്നു അയല്‍വാസികള്‍ക്കും ഉണ്ടായിരുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ജോയിക്കായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. 48 മണിക്കൂറിലേറെ നീണ്ട പരിശോധനകള്‍ വിഫലമായതിനെത്തുടര്‍ന്ന് നാവിക സേന അടക്കമുള്ളവര്‍ പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആമയിഴഞ്ചാന്‍ തോടിന്റെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്ച പതിനൊന്നുമണിയോടെ തൊഴിലാളി ഒഴുക്കില്‍പ്പെട്ടത്.
തോട്ടില്‍ ആള്‍പ്പൊക്കത്തെക്കാള്‍ ഉയരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. തുടര്‍ന്ന് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു നടന്നത്. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കരാര്‍ ജോലിക്ക് ചുമതലപ്പെടുത്തിയ കോണ്‍ട്രാക്ടര്‍ പഞ്ചായത്ത് മെമ്പര്‍ കൂടെ ജോലി ചെയ്യുന്ന ആളുകള്‍ വന്ന് മൃതദേഹം കണ്ടെത്തി സ്ഥിരീകരണം നടത്തിയെന്ന് വികെ പ്രശാന്ത് എം.എല്‍.എ. വ്യക്തമാക്കി. തുടര്‍ന്ന് കുടുംബം എത്തി ഔദ്യോഗിക സ്ഥിരീകരണം നടത്തുകയായിരുന്നു. അപകടസമയത്ത് തന്നെ മൃതദേഹം ഇവിടെ നിന്ന് മാറിപ്പോയതോ വാട്ടര്‍ അതോറിറ്റി തുറന്നുവിട്ട് ഒഴുക്ക് ഉണ്ടാക്കിയതിന്റെ ഭാഗമായി മൃതദേഹം പോയതോ ആകാം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം അവിടെവെച്ച് നടക്കുമെന്നാണ് വിവരം.