- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശില്‍ വീണ്ടും സൈനിക അട്ടിമറി? മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിനെ പുറത്താക്കാന്‍ സൈനിക മേധാവി ജനറല്‍ സമന്റെ ഗൂഢനീക്കം; യൂനുസിനെ പുറത്താക്കാന്‍ നീക്കം നടത്തുന്നത് ഷെയ്ക്ക് ഹസീന പക്ഷപാതിയായ പ്രസിഡന്റിനൊപ്പം ചേര്‍ന്ന്; അട്ടിമറി നീക്കത്തിന് പിന്നില്‍ ഹസീനയോ?
ബംഗ്ലാദേശില്‍ വീണ്ടും സൈനിക അട്ടിമറി?
ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും അട്ടിമറിക്ക് കളമൊരുങ്ങിയോ? സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങളാണ് അട്ടിമറിയുടെ സൂചന നല്‍കുന്നത്. ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി സൈനിക മേധാവി വാക്കര്‍ ഉസ് സമന്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ, സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് നിറഞ്ഞുനില്‍ക്കുന്നത്.
മുഹമ്മദ് യൂനുസിന് എതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന സാഹചര്യം ജനറല്‍ വാക്കര്‍ ഉര്‍ സമന്‍ മുതലെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, സൈനിക മേധാവി അതൃപ്തനാണ്. ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് അദ്ദേഹം സൈനിക യോഗങ്ങളില്‍ നല്‍കി കഴിഞ്ഞു. അതീവജാഗ്രതയോടെ ഇരിക്കാനും സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
ആഴ്ചയവസാനം ജനറല്‍ സമന്‍ നടത്തിയ ഉന്നതതതല സൈനിക യോഗങ്ങളും, ഭരണകൂടത്തിലെ ചില നേതാക്കളുടെ പ്രസ്താവനകളും എല്ലാം സര്‍ക്കാരും സൈനിക മേധാവിയും തമ്മിലുള്ള സ്വരചേര്‍ച്ചക്കുറവാണ് സൂചിപ്പിക്കുന്നത്. സൈനിക യോഗങ്ങളില്‍, രാജ്യത്ത് അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്ന തീവ്രവാദവും അതിനെ നേരിടാനുള്ള സുരക്ഷാ നടപടികളുമാണ് ചര്‍ച്ച ചെയ്തത്.
അഞ്ച് ലെഫ്റ്റനന്റ് ജനറല്‍മാര്‍, എട്ട് മേജര്‍ ജനറല്‍മാര്‍ (ജിഒസി), ഇന്‍ഡിപെന്‍ഡന്റ് ബ്രിഗേഡുകളുടെ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍, സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ പുറത്തായതോടെയാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റത്.
എന്നാല്‍ ഈ സര്‍ക്കാരിന് വിശ്വാസം പിടിച്ചുപറ്റാനായില്ല. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ മുഹമ്മദ് യൂനുസിനെതിരെ അട്ടിമറി നടത്താനോ സൈന്യം പ്രസിഡന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള സാദ്ധ്യതയും പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. അടുത്തിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി നേതാക്കളും സൈന്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇത് സൈന്യത്തിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
എന്നാല്‍, അടിയന്തരവാസ്ഥ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വെറും ഗോസിപ്പ് മാത്രമാണെന്ന് ഇടക്കാല സര്‍ക്കാരിന്റെ ആഭ്യന്തര സെക്രട്ടറി നസിമുള്‍ ഹാഖ് ഗനി പറഞ്ഞു. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് സൈനിക മേധാവിക്കെതിരെ അട്ടിമറി നീക്കം നടക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. പാക് അനുകൂല പക്ഷക്കാരായ ചില കൂട്ടാളികള്‍ തന്നെ ജനറല്‍ സമന് എതിരെ നീങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, നിലവില്‍, സൈന്യത്തില്‍ വ്യക്തമായ നിയന്ത്രണം ജനറല്‍ വാക്കര്‍ ഉര്‍ സമാന് ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ധാക്കയിലെ ക്രമസമാധാന നില അവതാളത്തിലായതിനെ കുറിച്ചും ഭീകരവാദം വളരുന്നതിനെ കുറിച്ചും സൈനിക മേധാവി പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ഭരണം അട്ടിമറിക്കാന്‍ സൈനിക മേധാവി ശ്രമിക്കുന്നതായി വിദ്യാര്‍ഥികള്‍ നയിക്കുന്ന ആമര്‍ ബംഗ്ലാദേശ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അസദുസമന്‍ ഫ്വുവാദ് ആരോപിച്ചു. ' സൈനിക മേധാവി നിരന്തരം യോഗങ്ങള്‍ വിളിക്കുന്നതും ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്നതും കാണാം. പ്രസിഡന്റിന് കീഴില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ആലോചന. ഈ പ്രസിഡന്റ് ഷെയ്ക്ക് ഹസീനയുടെ അടിമയായ നായയാണ്. നിങ്ങള്‍ ഷഹാബുദീന് ഒപ്പം ചേര്‍ന്ന് രാജ്യം ഭരിക്കാന്‍ ശ്രമിച്ചാല്‍. ലക്ഷക്കണക്കിന് അബു സയദുമാര്‍ തങ്ങളുടെ ജീവന്‍ അര്‍പ്പിച്ച് കന്റോണ്‍മെന്റ് തകര്‍ക്കും'- അദ്ദേഹം പറഞ്ഞു.
2024 ജൂലായില്‍, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായ കലാപമായി മാറിയപ്പോള്‍ അബു സയദ് എന്ന വിദ്യാര്‍ഥി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ഷെയ്ക്ക് ഹസീനയുടെ പുറത്താകലിലേക്ക് നയിച്ചത്. ഹസീന ഇപ്പോള്‍ ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തിലാണ്. അസദുസമാന്‍ ഫൗദിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. രാജ്യത്തെ തീവ്രശക്തികളെ വരുതിയിലാക്കാന്‍ സൈനിക ഏറ്റെടുക്കല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.