തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠര് രാജീവരര്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് മുന്‍മേല്‍ശാന്തി അയച്ച കത്ത് ചര്‍ച്ചകളില്‍. മുന്‍മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്പെഷല്‍ കമ്മിഷണര്‍ക്കയച്ച കത്താണ് പുറത്തുവന്നത്. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി തന്ത്രിയുടെ നോമിനിയാണെന്നു കത്തില്‍ പറയുന്നു. കഴിഞ്ഞ 25-ന് അയച്ച കത്തിന്റെ പകര്‍പ്പ് ദേവസ്വം വിജിലന്‍സ് എസ്.പിക്കും അയച്ചിട്ടുണ്ട്. നേരത്തെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും തന്ത്രയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന പരാമര്‍ശം നടത്തിയിരുന്നു. 2015-16 കാലത്താണ് ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായിരുന്നത്. ഇതിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ കൂടുതല്‍ ശക്തനായത്.

ബാംഗ്ലൂര്‍ ജാലഹള്ളി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരിക്കെയാണ് എസ്.ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായത്. അതിന് മുമ്പ് തിരുവഞ്ചൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. കോട്ടയം അയര്‍ക്കുന്നം കാരയ്ക്കാട്ട് സ്വദേശിയാണ് ശങ്കരന്‍ നമ്പൂതിരി. ബംഗളുരു ജലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്ന കാലഘട്ടം മുതല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ തനിക്കറിയാമെന്നു കത്തിന്റെ ആമുഖത്തില്‍ പറയുന്നു. രാജീവരരാണ് ജലഹള്ളി ക്ഷേത്രത്തിലെ തന്ത്രി. അവിടെ കുറേക്കാലം കീഴ്ശാന്തിയായിരുന്നു ഉണ്ണിക്കൃഷ്ണന്‍ പോറ്റി. അവിടെവച്ച് തന്ത്രിയുടെ പ്രധാന ആളായി. കുറേക്കാലമായി തന്ത്രിയുടെ അവസാനവാക്കും മുഖ്യമാര്‍ഗദര്‍ശിയുമാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമല മേല്‍ശാന്തിയാക്കാന്‍ തന്ത്രി നീക്കം നടത്തിയെന്നും കത്തില്‍ വിശദീകരിക്കുന്നു. ഏത് സാഹചര്യത്തിലാണ് ഈ കത്ത് പഴയ മേല്‍ശാന്തി എഴുതിയതെന്ന് വ്യക്തമല്ല.

ശബരിമല കീഴ്ശാന്തിയുടെ സഹായിയായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ നിയമിച്ചത് തന്ത്രി രാജീവരാണെന്നാണ് കത്തിലെ മറ്റൊരു ആരോപണം. ശ്രീകോവില്‍ വൃത്തിയാക്കുകയും പൂജാപാത്രങ്ങള്‍ കഴുകുകയും ഭഗവാന് നിവേദ്യം തയാറാക്കുകയുമാണ് കീഴ്ശാന്തിയുടെ പ്രധാനജോലി. എന്നാല്‍, ശബരിമലയില്‍ കീഴ്ശാന്തിയായി വരുന്നവര്‍ നെയ്യ് വില്‍പ്പനയും ചരട് ജപവുമാണ് നടത്തുന്നതെന്നും മുന്‍മേല്‍ശാന്തി ആരോപിക്കുന്നു. ദേവസ്വം ബോര്‍ഡില്‍നിന്ന് ശമ്പളം വാങ്ങുകയും തിടപ്പള്ളി ലേലത്തിനു വിറ്റ് കാശുണ്ടാക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഈ ലേലംവിളിയില്‍ പണം മുടക്കുന്ന പ്രധാനവ്യക്തി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ്. നെയ്യഭിഷേകത്തിന്റെ 'ദേവസ്വം ഷെയറാ'യി ലക്ഷങ്ങള്‍ കൈപ്പറ്റുന്നത് തന്ത്രിയാണെന്നും ശങ്കരന്‍ നമ്പൂതിരി ആരോപിക്കുന്നു. ഈ കത്തില്‍ ദേവസ്വം വിജിലന്‍സ് എന്ത് നടപടി എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

പൂജാസമയത്ത് ശ്രീകോവിലില്‍ തന്ത്രിയും മേല്‍ശാന്തിയുമുള്ള സ്ഥിതിക്ക് മറ്റ് സഹായികളെ പ്രവേശിപ്പിക്കരുത്. വര്‍ഷങ്ങളായി ശബരിമലയില്‍ മേല്‍ശാന്തിയുടെയും കീഴ്ശാന്തിയുടെയും കൂടെയുള്ള സഹായികളെ എത്രയുംവേഗം ഒഴിവാക്കണം. മേല്‍ശാന്തിമാര്‍ സഹായികളായി കൊണ്ടുവരുന്നവരെ ഒരുവര്‍ഷം കഴിഞ്ഞാല്‍ തുടരാന്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നേരത്തെ വാജി വാഹന വിവാദത്തിലും തന്ത്രി പെട്ടിരുന്നു. കണ്ഠരര് രാജീവര് തിരിച്ചു നല്‍കാന്‍ തയ്യാറായ വാജി വാഹനത്തിന്റെ ആധികാരികത പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി തിരുവാഭരണം കമ്മിഷണറെ ചുമതലപ്പെടുത്തി.

വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിച്ചശേഷം തിരിച്ചെടുത്താല്‍ മതിയെന്നാണ് തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നതിനിടെയാണ് വാജി വാഹനം തിരിച്ചെടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടത്. സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ വാജി വാഹനത്തിന്റെ ആധികാരികതയില്‍ പ്രശ്‌നമുണ്ടായാല്‍ വലിയ വിവാദത്തിന് വഴിവയ്ക്കുമെന്ന് ബോര്‍ഡ് ഭയപ്പെടുന്നു. ഇതിനായി രാജീവരരില്‍ നിന്ന് വാങ്ങുന്ന വാജി വാഹനം വിദഗ്ധന്‍ പരിശോധിക്കും. അടിയന്തരമായി ഈ നടപടി പൂര്‍ത്തിയാക്കാനാണ് ബോര്‍ഡ് തിരുവാഭരണം കമ്മിഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പഴയ കൊടിമരം മാറ്റിക്കഴിയുമ്പോള്‍ അതിലെ വാജി വാഹനം കൈവശം വയ്ക്കാനുള്ള അവകാശം തന്ത്രിക്കാണ്. പഴയ കൊടിമരത്തിലെ വാജി വാഹനം മറ്റൊരു കൊടിമരത്തില്‍ ഉപയോഗിക്കുന്നത് പാപമായതിനാലാണ് വാജിവാഹനം തന്ത്രിക്ക് അവകാശമായി നല്‍കുന്നതെന്ന് തന്ത്രി രാജീവര് വിശദീകരിച്ചിരുന്നു. ഇത് തന്ത്രി ആര്‍ക്കും കൈമാറാറില്ല. എന്നാല്‍ വാജി വാഹനം രാജീവര് മറ്റാര്‍ക്കോ കൈമാറിയതായി ആരോപണം ഉയര്‍ന്നിരുന്നു. വാജി വാഹനം തിരികെ വാങ്ങണമെന്നാവശ്യപ്പെട്ട് രാജീവര് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് കത്ത് നല്‍കിയത്.