കൊച്ചി: ശബരിമല വിമാനത്താവളമെന്ന സ്വപ്ന പദ്ധതിയില്‍ പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും കനത്ത പ്രഹരം. പത്തനംതിട്ടയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ജസ്റ്റിസ് ജയചന്ദ്രന്‍ വ്യക്തമാക്കി. അയന ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റും പുറത്തുള്ള 307 ഏക്കറും ഉള്‍പ്പെടെയുള്ള ഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.

ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന 2013-ലെ നിയമം സര്‍ക്കാര്‍ കാറ്റില്‍ പറത്തി. എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ അധികാരികള്‍ അനാസ്ഥ കാണിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. 2,570 ഏക്കര്‍ ഏറ്റെടുക്കാനുള്ള നീക്കം ഇതോടെ പാളി. സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി അവ അസാധുവായി പ്രഖ്യാപിച്ചു. സാങ്കേതികമായി സങ്കീര്‍ണ്ണമായ ഇത്തരം പദ്ധതികളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്താത്തതും സര്‍ക്കാരിന് തിരിച്ചടിയായി. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 4, 7, 8 എന്നിവ പ്രകാരമുള്ള നിര്‍ബന്ധിത ആവശ്യകതകള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.

സാമൂഹിക ആഘാത വിലയിരുത്തല്‍ സംഘത്തില്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രക്രിയ ആദ്യം മുതല്‍ തുടങ്ങാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലും കൃത്യമായ നടപടി വേണമെന്ന് കോടതി പറഞ്ഞു. വിമാനത്താവളം വേണമെന്ന പൊതു ആവശ്യത്തോടൊപ്പം നില്‍ക്കുമ്പോഴും നിയമം ലംഘിച്ചുള്ള സര്‍ക്കാരിന്റെ നീക്കങ്ങളെയാണ് കോടതി തള്ളി കളയുന്നത്. ഭൂമി മുഴുവനായി ഏറ്റെടുക്കുന്നതിനാല്‍ പുതിയ അളവെടുക്കല്‍ വേണ്ടെന്നാണ് സാങ്കേതിക ഉപദേശം കിട്ടിയതെങ്കിലും നിലവിലെ കൈവശക്കാരായ അയന ട്രസ്റ്റിന്റെ അനുമതി അനിവാര്യമായിരുന്നു.

എസ്റ്റേറ്റിന് പുറത്തുള്ള ഭൂമി അളവ് പൂര്‍ത്തിയായിരുന്നു. 121.87 ഹെക്ടര്‍ ഭൂമി പരമ്പരാഗത രീതിയിലാണ് അളന്നത്. എസ്റ്റേറ്റിനുള്ളില്‍ സര്‍ക്കാര്‍ നേരത്തെ നടത്തിയ ഡിജിറ്റല്‍ സര്‍വേപ്രകാരമുള്ള ഭൂമിയുടെ അളവ് ചേര്‍ക്കാനാണ് തീരുമാനിച്ചത്. ഡിജിറ്റല്‍ സര്‍വേ വിവരം ഉപയോഗിക്കുന്നതിന് ട്രസ്റ്റ് എതിര്‍പ്പ് പറഞ്ഞാല്‍ ഉള്ളില്‍കടന്ന് പുതിയ അളവ് നടത്തേണ്ടിവരുമെന്ന പ്രതിസന്ധിയുമുണ്ടായിരുന്നു. അതിനും പക്ഷേ, അവരുടെ അനുമതി വേണ്ടിവരും. അതിനെല്ലാം അധികം സമയമെടുക്കും. ഈ പ്രതിസന്ധിയ്ക്കിടെയാണ് കോടതി തീരുമാനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസ് പാലാ കോടതിയിലും കേസുണ്ട്. ഇതിനിടെയാണ് സാമൂഹികാഘാതപഠനത്തിന് എതിരേയുള്ള കേസ് ഹൈക്കോടതിയില്‍ നിന്നും തീരുമാനം വരുന്നത്.

ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിരുന്നു. പദ്ധതിക്കായി വിട്ടുനല്‍കേണ്ടി വരുന്ന സ്ഥലത്തെ മരങ്ങളുടെയും കെട്ടിടങ്ങളുടെയും കൃത്യമായ മൂല്യം കണക്കാക്കാനുള്ള വിപുലമായ സര്‍വേ ആരംഭിക്കുകയും ചെയ്തു. മണിമല വില്ലേജിലെ സ്വകാര്യ ഭൂമികളിലാണ് മഹസര്‍ തയ്യാറാക്കുന്നത്. രാജകീയ വൃക്ഷങ്ങള്‍ മുതല്‍ സാധാരണ മരങ്ങളും കൃഷികളും വരെ ലിസ്റ്റ് ചെയ്ത് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനാണ് റവന്യൂ സംഘത്തിന്റെ നീക്കം. വീടുകളുടെയും കെട്ടിടങ്ങളുടെയും മൂല്യം പൊതുമരാമത്ത് വകുപ്പും, തേക്കും ഈട്ടിയും പോലുള്ള രാജകീയ വൃക്ഷങ്ങളുടെ മൂല്യം വനംവകുപ്പും മറ്റ് കാര്‍ഷിക വിളകളുടെ മൂല്യം കൃഷി വകുപ്പും നേരിട്ടെത്തിയാണ് തിട്ടപ്പെടുത്തുന്നത്. ഇതെല്ലാം ഇനി നിര്‍ദ്ദേണ്ടി വരും.

വിമാനത്താവളത്തിന്റെ പ്രധാന ഭാഗമായ ചെറുവള്ളി എസ്റ്റേറ്റില്‍ മാത്രം സര്‍വേ തുടങ്ങാന്‍ സര്‍ക്കാരിനായില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം കോടതിയിലായതിനാല്‍ സര്‍വേ അനുവദിക്കില്ലെന്ന് എസ്റ്റേറ്റ് അധികൃതര്‍ കര്‍ശന നിലപാട് എടുത്തു. എസ്റ്റേറ്റ് മാനേജ്മെന്റ് സര്‍വേ തടഞ്ഞതോടെ, നിയമോപദേശം തേടാനായി ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. കലക്ടറുടെ മറുപടി ലഭിച്ചാലുടന്‍ എസ്റ്റേറ്റില്‍ പോലീസ് കാവലില്‍ സര്‍വേ നടത്താനായിരുന്നു നീക്കം. ഹൈക്കോടതി ഇടപെടലിലൂടെ ഇത് ഇനി നടക്കാത്ത സ്ഥിതി വരും.

ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറിന് പുറമെ, എരുമേലി തെക്ക്, മണിമല വില്ലേജുകളിലായുള്ള 121.876 ഹെക്ടര്‍ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം. ഇതാണ് അസാധുവായി മാറുന്നത്.