കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തിന്റെ സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിക്ക് കൈമാറി പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍. ദൃശ്യം പരിശോധിച്ച കോടതി എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തില്‍ തുടര്‍ന്നുവെന്ന് ചോദ്യമുന്നയിച്ചു. ദിലീപ് സോപാനത്തില്‍ തുടര്‍ന്നതിനാല്‍ മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തില്‍ കാലതാമസമുണ്ടായെന്നും കോടതി കുറ്റപ്പെടുത്തി.

വി.ഐ.പി. പരിഗണന നല്‍കിയതുപോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും സോപാനം സ്‌പെഷഷല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവര്‍ ദര്‍ശനത്തിന് എത്തിയതെന്ന് വിശദീകരിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണയും അടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടത്. ഭക്തര്‍ക്ക് ശരിയായ ദര്‍ശനം ഉറപ്പാക്കണമെന്നും, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും സോപാനം സ്‌പെഷഷല്‍ ഓഫിസറുടെ റിപോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വ്യാഴാഴ്ച രാത്രി ഹരിവരാസനം പാടി നട അടയ്ക്കുവോളം ദിലീപും സംഘവും സോപാനത്ത് ഒന്നാം നിരയില്‍ നിന്നെന്നും ആരാണ് ഇവരെ ഇത്രയും സമയം നില്‍ക്കാന്‍ അനുവദിച്ചതെന്നും കോടതി ഇന്നലെ ചോദിച്ചിരുന്നു. കുട്ടികളും പ്രായമേറിയവരും ഭിന്നശേഷിക്കാരും ഉള്‍പ്പെടെ മണിക്കൂറുകള്‍ വരി നിന്നെത്തിയ തീര്‍ഥാടകര്‍ ഇതുകാരണം കൃത്യമായ ദര്‍ശനം സാധ്യമാകാതെ മടങ്ങിയെന്നും കാണിക്കയിടുന്നതും തടസപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രത്യേക ദര്‍ശനത്തിന് പരിഗണന നല്‍കേണ്ട ഭരണഘടനാ പദവിയിലുള്ളവരെ സുപ്രീം കോടതി നിര്‍വചിച്ചിട്ടുണ്ട്. സിനിമാതാരത്തിന് അത്തരം പരിഗണനയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിനു പുറമെ ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ.രാധകൃഷ്ണനും ഒപ്പമുള്ളവരും ഒഡെപെക് ചുമതല വഹിക്കുന്ന കെ.പി.അനില്‍കുമാറും കൂടെയുള്ളവരും പൊലീസ് അകമ്പടിയോടെ സോപാനത്തേക്ക് വന്നിരുന്നു.