തിരുവനന്തപുരം: ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയുടെ സ്വര്‍ണപ്പാളികളുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റെ എന്‍ വാസുവിനേയും സംശയിക്കേണ്ട സാഹചര്യം. ചെമ്പുപാളികളെന്ന പേരില്‍, സ്വര്‍ണത്തട്ടിപ്പിന്റെ ആസൂത്രകനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൊടുക്കാന്‍ തീരുമാനിച്ചത് അന്നത്തെ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഇതിനായി ബോര്‍ഡിനോടു ശുപാര്‍ശ ചെയ്തതു പിന്നീടു പ്രസിഡന്റായ അന്നത്തെ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവായിരുന്നു. ദ്വാരപാലക ശില്‍പ്പത്തില്‍ 2019ലെ ഭരണ സമിതിയ്‌ക്കെതിരെ കേസെടുത്തിരുന്നു. വാസുവിന് മുമ്പുണ്ടായിരുന്ന എ പത്മകുമാറും കൂട്ടരും പ്രതികളായി എന്നായിരുന്നു പ്രചരണം. എഫ് ഐ ആറില്‍ ഭരണസമിതി അംഗങ്ങളുടെ പേരുമില്ലായിരുന്നു. ഇപ്പോഴത്തെ വിവരം പരിശോധിക്കുമ്പോള്‍ വാസുവിന്റെ നേതൃത്വത്തിലെ ബോര്‍ഡാണോ സംശയ നിഴലിലുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്.

പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്ന നിര്‍ദേശവുമായി കമ്മിഷണര്‍ക്ക് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി.സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു നല്‍കിയ കത്തില്‍ 'സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍' എന്നായിരുന്നെങ്കില്‍, വാസു ഫെബ്രുവരി 26ന് ബോര്‍ഡിന് നല്‍കിയ ശുപാര്‍ശയില്‍ 'സ്വര്‍ണം പൂശിയ' എന്നത് ഒഴിവാക്കി 'ചെമ്പുപാളികള്‍' മാത്രമാക്കി. ഇത് അംഗീകരിച്ചാണ് മാര്‍ച്ച് 19 ലെ ബോര്‍ഡ് തീരുമാനം. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികള്‍ കടത്തിയത്. കേസില്‍ ജയശ്രീ പ്രതിയാണ്. എന്നാല്‍ യഥാര്‍ത്ഥ തിരുത്തല്‍ വരുത്തിയ വാസു പ്രതിയുമല്ല. ജയശ്രീയുടെ ഉത്തരവ് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം അനുസരിച്ചാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. എന്നിട്ടും എന്തുകൊണ്ട് വാസു പ്രതിയായില്ലെന്നത് ഉയരുന്ന ചോദ്യമാണ്.

ശ്രീകോവില്‍ വാതിലിന്റെ കട്ടിളയുടെ സ്വര്‍ണം കവര്‍ന്ന കേസിലാണ് 2019ലെ ബോര്‍ഡിനെ എട്ടാം പ്രതിയാക്കിയത്. പ്രസിഡന്റ് എ.പത്മകുമാര്‍, കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അന്ന് അംഗങ്ങള്‍ എന്ന തരത്തില്‍ പ്രചരണം എത്തി. ദ്വാരപാലക ശില്‍പപാളിയിലെ സ്വര്‍ണക്കവര്‍ച്ച, കട്ടിളയിലെ സ്വര്‍ണക്കവര്‍ച്ച എന്നിവ 2 എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്താണ് അന്വേഷിക്കുന്നത്. ദ്വാരപാലകശില്‍പ സ്വര്‍ണപ്പാളി കേസില്‍ 10 പ്രതികളും കട്ടിള കേസില്‍ 8 പ്രതികളുമാണ് ഉള്ളത്. കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. സ്വര്‍ണം പൂശിയ സ്മാര്‍ട് ക്രിയേഷന്‍സ് നിലവില്‍ പ്രതിയല്ല. പക്ഷേ എന്തു കൊണ്ട് വാസു പ്രതിയാകുന്നില്ലെന്നത് ഉയരുന്ന ചോദ്യമാണ്. 2019 ഫെബ്രുവരി 16നു വാസുവായിരുന്നു ദേവസ്വം പ്രസിഡന്റ്. അങ്ങനെ വന്നാല്‍ വാസുവിന്റെ ബോര്‍ഡാണോ പ്രതിയെന്ന സംശയമാണ് ഉയരുന്നത്.

ദ്വാരപാലക ശില്‍പ്പം സ്വര്‍ണ്ണം പൂശിയ കേസിലും ദേവസ്വം ബോര്‍ഡിന് വീഴ്ചയുണ്ടായിട്ടുണ്ട്. ഇതില്‍ പത്മകുമാറിനും മറ്റും വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തല്‍. ഏതായാലും ഏത് ദേവസ്വം ബോര്‍ഡിനെതിരെയാണ് കേസ് എന്നത് അവ്യക്തമായി തുടരുകയാണ്. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് സ്വര്‍ണപ്പാളി കടത്തില്‍ ദേവസ്വം ബോര്‍ഡിന്റെയും എന്‍.വാസുവിന്റെയും പങ്ക് കൂടി രേഖകള്‍ സഹിതം വ്യക്തമാക്കുന്നത്. തന്റെ ഓഫിസില്‍ തയാറാക്കിയ കുറിപ്പ് ബന്ധപ്പെട്ട 3 ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി വന്നത്, ഒപ്പിട്ട് എക്‌സിക്യൂട്ടീവ് ഓഫിസറുടെ കത്ത് സഹിതം ബോര്‍ഡിന് നല്‍കുകയായിരുന്നു എന്നാണ് എന്‍. വാസു ഇതിനോട് പ്രതികരിച്ചത്. എന്നാല്‍, ഇദ്ദേഹമടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ പ്രവൃത്തി കാരണമാണ് സ്വര്‍ണം നഷ്ടപ്പെട്ടതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെ സ്വര്‍ണം പൂശല്‍ സുതാര്യമല്ലെന്നും പറയുന്നു. സ്വര്‍ണക്കവര്‍ച്ചയില്‍ ബോര്‍ഡിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ന്യായീകരിക്കുമ്പോഴാണ് അവരുടെ വ്യക്തമായ പങ്ക് രേഖകള്‍ സഹിതം വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. 2019 ല്‍ സ്വര്‍ണപ്പാളി ഇളക്കിയെടുത്തപ്പോഴും തിരികെ സ്ഥാപിച്ചപ്പോഴും സാക്ഷ്യം വഹിക്കേണ്ടവരുടെ പട്ടികയില്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെയും ദേവസ്വം വിജിലന്‍സ് എസ്പിയെയും ഉള്‍പ്പെടുത്താത്തതും ബോര്‍ഡിന്റെ തീരുമാനമായിരുന്നു എന്ന് മിനിറ്റ്‌സില്‍ വ്യക്തമാകുന്നു. ക്രമക്കേടുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലയുള്ള ഈ 2 ഉദ്യോഗസ്ഥരെ ഒഴിവാക്കിയ തീരുമാനവും സംശയാസ്പദമാണ്.

ഇളക്കിയെടുക്കുമ്പോള്‍ പാളികളുടെ തൂക്കവും അളവും കണക്കാക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ പറയുന്നുണ്ടെങ്കിലും തിരികെ സ്ഥാപിക്കുമ്പോള്‍ തൂക്കം നോക്കണമെന്നു നിര്‍ദേശിച്ചിട്ടുമില്ല. ഇതും തട്ടിപ്പായി മാറി.