- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധിയെടുക്കാനോ വീട്ടില്‍ പോകാനോ അനുമതിയില്ല; പുലര്‍ച്ചെ അഞ്ചുമുതല്‍ വിവിധങ്ങളായ ക്ലാസുകളും കഠിന പരിശീലങ്ങളും; പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്ത പോലീസുകാര്‍ക്ക് കഠിനപരീശീലന കാലയളവ്; നടപടി അച്ചടക്ക ലംഘനവും കൃത്യവിലോപവും ചൂണ്ടിക്കാട്ടി
പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്ത പോലീസുകാര്‍ക്ക് കഠിനപരീശീലന കാലയളവ്
തിരുവനന്തപുരം: ശബരിമല പതിനെട്ടാംപടിയില്‍നിന്ന് ഫോട്ടോയെടുത്ത പോലീസുകാര്‍ക്ക് ഇനി കഠിനപരീശീനത്തിന്റെ നാളുകള്‍. സേനയില്‍ സ്ഥിരമായി അച്ചടക്കലംഘനങ്ങള്‍ നടത്തുന്നവര്‍ക്കും ഗുരുതരമായ കൃത്യവിലോപം നടത്തുന്നവര്‍ക്കും നല്‍കി വരുന്ന കഠിന പരിശീലനങ്ങള്‍ക്കാണ് ഈ സംഘത്തെയും അയക്കുക.കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയന്‍ ക്യാമ്പിലാണ് ഇവര്‍ക്ക് പരിശീലനം.
പുതുതായി പോലീസില്‍ പ്രവേശിക്കുമ്പോള്‍ ചെയ്യേണ്ട എല്ലാ പരിശീലനവും ഈ കാലയളവില്‍ ചെയ്യണം. 10 പ്രവൃത്തിദിനങ്ങളിലാണ് പരിശീലനം നല്‍കുക.രാവിലെ അഞ്ചോടെ വിളിച്ചുണര്‍ത്തും. 6.30 മുതല്‍ 8.30 വരെ കായിക പരിശീലനം. 8.45 മുതല്‍ തോക്കേന്തിയുള്ള പരേഡ്. 10 മുതല്‍ 12.30 വരെ ക്ലാസ്. നിയമപരമായ വിഷയങ്ങള്‍, ക്രമസമാധാനം പാലിക്കാന്‍ എടുക്കേണ്ട കരുതലുകള്‍ തുടങ്ങിയവയായിരിക്കും പ്രധാന വിഷയങ്ങള്‍.
ഉച്ചഭക്ഷണത്തിനുശേഷം 3.30-ന് വീണ്ടും കായിക പരിശീലനം.വൈകിട്ട് അഞ്ചുമുതല്‍ പരേഡുമുണ്ടാകും.പിന്നീട് വിശ്രമത്തിനും ഭക്ഷണത്തിനും സമയം അനുവദിക്കും.കഠിന പരിശീലനക്കാലയളവില്‍ വീട്ടില്‍ പോകാനോ അവധിയെടുക്കാനോ അനുവദിക്കില്ല.
കെ.എ.പി. കമാന്‍ഡന്റിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക പരിശീലകനാണ് ചുമതല.സ്റ്റേറ്റ് ആംഡ് പോലീസ് (എസ്.എ.പി.) തിരുവനന്തപുരം ക്യാമ്പില്‍നിന്നുള്ള 23 പോലീസുകാരാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞശേഷം ഫോട്ടോയെടുത്തത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തത്.പോലീസുകാര്‍ പതിനെട്ടാംപടിയില്‍ പിന്തിരിഞ്ഞുനിന്നെടുത്ത ഫോട്ടോ സാമൂഹികമാധ്യങ്ങളിലൂടെ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെയാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
എ.ഡി.ജി.പി. വ്യാഴാഴ്ച ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.അച്ചടക്കലംഘനം വകുപ്പുതലത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഫയല്‍ അടയ്ക്കും.പോലീസുകാര്‍ക്ക് പിന്നീടുള്ള സര്‍വീസ് പുസ്തകത്തില്‍ ഇതുമായി ബന്ധപ്പെട്ട കറുപ്പടയാളങ്ങളൊന്നുമുണ്ടാകില്ലയെന്നത് സേനാംഗങ്ങള്‍ക്ക് ആശ്വാസമാണ്.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ബാച്ച് പൊലീസുകാര്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കി ഇറങ്ങുംമുമ്പ് പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത്.
അതേസമയം ശബരിമലയില്‍ ശ്രീകോവിലിന്റെ ഉള്‍വശം അടക്കം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുവാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവായി.സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീല്‍സ് ചിത്രീകരിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയതായി പ്രസിഡണ്ട് പി.കെ. പ്രശാന്ത് അറിയിച്ചു.
ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും.കൂടാതെ മാളികപ്പുറത്ത് മഞ്ഞള്‍പൊടി വിതറുന്നതിനും ഭസ്മം തൂവുന്നതിനും ഹൈകോടതി വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇവ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സ്വാമിമാര്‍ക്ക് ഇക്കാര്യം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന് ജീവനക്കാരെ നിയോഗിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.