കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആഞ്ഞടിച്ചു ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. റിപ്പോര്‍ട്ടര്‍ ടിവിയുടെത് തട്ടിക്കൂട്ട് ലൈസന്‍സാണെന്ന് സാബു എം ജേക്കബ് ആരോപിച്ചു. ഉടമകളായ ആന്റോ സഹോദരന്മാര്‍ക്ക് ദേശീയ സുരക്ഷ അനുമതി ലഭിച്ചില്ല. ഒരു പാസ്‌പോര്‍ട് എടുക്കണമെങ്കില്‍ പോലീസ് ക്ലീയറന്‍സ് വേണം. ഇവിടെ ഒരു ചാനല്‍ തന്നെ ബ്രോഡ്കാസറ്റ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചു എന്നുള്ളത് ദൂരുഹമാണെന്ന് സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുട്ടില്‍ മരമുറി കേസിലെ പ്രതികളാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമകള്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇന്ന് പിണറായി സര്‍ക്കാര്‍ ചെയുന്ന അഴിമതികള്‍ വെള്ളപൂശി പ്രവര്‍ത്തിക്കുകയാണ്. ഇന്‍ഡോ ഏഷ്യന്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍ നികേഷും, റാണിയുമാണ്. അവരുടെ പേരിലാണ് ലൈസന്‍സ്. എന്നാല്‍ നിലവില്‍ ആന്റോ അഗസ്റ്റിന്‍ പറയുന്നത് അവര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാങ്ങിയെന്നാണ്. 2022 വരെ ലൈസന്‍സ് ലീസിനെടുത്ത് നടത്താമായിരുന്നു. എന്നാല്‍ 2023 ല്‍ ആ നിയമത്തിന് മാറ്റം വന്നു. എന്നിട്ടും ഇവര്‍ എങ്ങനെ ചാനല്‍ നടത്തുന്നുവെന്ന് സാബു എം ജേക്കബ് ചോദിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നികേഷിന്റെയും, റാണിയുടെയും സുരക്ഷ ക്ലീയറന്‍സ് റദ്ദ് ചെയ്തു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മുന്നോട്ട് പോകുന്നത്. ഒരു നിമിഷം പോലും ചാനല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവി അനധികൃതമായി പ്രവര്‍ത്തിച്ചതില്‍ അന്വേഷണം വേണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടു. പണത്തിന്റെ സ്രോതസില്‍ അന്വേഷണം വേണം. മെസി വരുമെന്ന് പറഞ്ഞു പണം തട്ടാന്‍ ശ്രമിച്ചു. ഇതില്‍ എല്ലാം അന്വേഷണം വേണമെന്ന് അദേഹം ആവശ്യപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ ഒരാള്‍ എങ്ങനെയാണ് ചാനല്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് അദേഹം ചോദിച്ചു. ബ്രോഡ്കാസ്റ്റിങ് ലൈസന്‍സും, ദേശീയ സുരക്ഷ ലൈസന്‍സുമില്ലാത്ത ചാനലാണ് റിപ്പോര്‍ട്ടര്‍ ചാനലെന്ന് സാബു എം ജേക്കബ് പറഞ്ഞു. യാതൊരുവിധ സുരക്ഷാ പരിശോധനകളുമില്ലാതെ ഒരു സാറ്റലൈറ്റ് ചാനല്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നത് ഗൗരവകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചാനല്‍ ഇന്ന് തന്നെ അടച്ചു പൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമപരമായി ഒരു നിമിഷം പോലും പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാത്ത ഈ ചാനല്‍, കോടികള്‍ മുടക്കി കെട്ടിപ്പൊക്കിയത് എങ്ങനെയെന്ന് സി ബി ഐയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൈരളി ചാനലിനേക്കാള്‍ മോശമായ രീതിയിലാണ് റിപ്പോര്‍ട്ടര്‍ ടിവി സര്‍ക്കാരിന്റെ അഴിമതികളെ ന്യായീകരിക്കുന്നതെന്ന് സാബു ജേക്കബ് വിമര്‍ശിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലൈസന്‍സ് ചോദ്യം ചെയ്തുള്ള സാബു എം ജേക്കബിന്റെ ഹര്‍ജിയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലൈസന്‍സ് ഉടമകള്‍ക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചത്. എം വി നികേഷ് കുമാര്‍, റാണി വര്‍ഗീസ് എന്നിവരാണ് ഇന്റോ-ഏഷ്യാന്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍.

ചട്ടം മറികടന്നാണ് ചാനലിന്റെ ലൈസന്‍സ് കൈമാറിയത് എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. നിലവിലെ ഡയറക്ടര്‍മാര്‍ എന്ന് പറയുന്നവര്‍ക്ക് നിയമപരമായി ചാനല്‍ നടത്താന്‍ അവകാശമില്ലെന്നും സാബു എം ജേക്കബ് ഹര്‍ജിയില്‍ പറയുന്നത്. ലൈസന്‍സ് കൈമാറിയ കാര്യം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയില്‍ ലൈസന്‍സ് ഉടമ എം വി നികേഷിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ രണ്ടിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃത നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.