തിരുവനന്തപുരം: വിവാദ പ്രസ്താവനയെ ന്യായീകരിക്കാനെത്തി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി കിളി പറന്ന് മന്ത്രി സജി ചെറിയാന്‍. തന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളെക്കുറിച്ച് മന്ത്രി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് വാക്തര്‍ക്കത്തിന് വഴിതെളിച്ചത്.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ച സീറ്റുകളെയും മുസ്ലിം ലീഗ് ജയിച്ച സീറ്റുകളെയും ചേര്‍ത്തുവച്ച് മന്ത്രി നടത്തിയ 'ബ്രാക്കറ്റിംഗ്' പരാമര്‍ശമാണ് വിവാദമായത്. മതേതര സമൂഹത്തില്‍ ചില ജില്ലകളെ മാത്രം എടുത്തുപറയുന്നത് എന്തിനാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താന്‍ പറഞ്ഞ കാര്യങ്ങളില്‍ കൃത്യമായ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് മന്ത്രി മറുപടി നല്‍കി. ബി.ജെ.പിക്ക് വേണ്ടി ജയിച്ച ആളുടെ പേരും ലീഗിന് വേണ്ടി ജയിച്ച ആളുടെ പേരും നോക്കിയാല്‍ മതിയെന്നും, കാസര്‍കോടും മലപ്പുറവും മാത്രം എടുത്തു പറയുമ്പോള്‍ അതില്‍ സ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മതേതര സമൂഹത്തില്‍ അത് ബ്രാക്കറ്റ് ചെയ്ത് പറയരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സി.പി.എം സ്ഥാനാര്‍ത്ഥികള്‍ തോറ്റ ഇടങ്ങളിലെല്ലാം വര്‍ഗീയവാദികളാണ് ജയിച്ചതെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നത് എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തി. 'ജനം വോട്ട് ചെയ്തല്ലേ ജയിച്ചത്... ആരാണെങ്കിലും വോട്ട് ചെയ്തല്ലേ? എന്നായി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. അങ്ങനെ സംസാരിക്കരുത് നിങ്ങള്‍. ഒരു മതേതരവാദി... ഞാന്‍ ബ്രാക്കറ്റ് ചെയ്തല്ലേ പറഞ്ഞതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

'ഞാന്‍ പറഞ്ഞതിനെ പറ്റി കൃത്യമായി ക്ലാരിഫൈ ചെയ്തു. ഏതെങ്കിലും ഒരു വിഭാഗത്തെ പറ്റി... നിങ്ങള്‍ അവിടെ ബിജെപിക്ക് ജയിച്ച ആളുടെ പേരും ലീഗിന് വേണ്ടി ജയിച്ച ആളുടെ പേരും നോക്കിയാല്‍ മതി.' 'ഞാന്‍ പറഞ്ഞു കാസര്‍കോടും മലപ്പുറവും മാത്രം എടുത്തു പറയുമ്പോള്‍ അതില്‍ സ്വാഭാവികതയില്ല. ഒരു മതേതര സമൂഹത്തില്‍ അത് ബ്രാക്കറ്റ് ചെയ്ത് പറയല്ലേ...'

'മിനിസ്റ്റര്‍, എന്തുകൊണ്ട് മലപ്പുറവും കാസര്‍ഗോഡും വരുമ്പോള്‍ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്ന പരിപാടി? എന്നായി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചില്ല എന്നതുകൊണ്ട് ജയിച്ച ആളുകളൊക്കെ വര്‍ഗീയവാദികളാണോ? ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളുകള്‍ വര്‍ഗീയവാദികളാണോ?' 'നിങ്ങള്‍ അങ്ങനെ സംസാരിക്കരുത്... ആവശ്യമില്ലാത്ത കാര്യം പറയരുത്.' എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇതിനോടകം തന്നെ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിക്കഴിഞ്ഞു. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശമാണിതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഭരണഘടനയെ തള്ളിപ്പറഞ്ഞതിലൂടെ ഒരിക്കല്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് ഈ പുതിയ വിവാദം വീണ്ടും തലവേദനയാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അതേസമയം കാസര്‍കോടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ മതിയെന്ന മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞു മാറിയിരുന്നു. എ.കെ ബാലന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനും ഗോവിന്ദന്‍ മറുപടി നല്‍കിയില്ല. ഇരുനേതാക്കളുടെയും പ്രസ്താവനകളില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. പ്രതിപക്ഷത്തിനെതിരായ സമുദായ നേതാക്കളുടെ വിമര്‍ശനത്തെ വഴിതിരിച്ചുവിടാന്‍ സജിയുടെ പരാമര്‍ശം ഇടയാക്കി എന്നാണ് വിലയിരുത്തല്‍.