തിരുവനന്തപുരം: സമസ്തക്കും ലീഗിനും തലവേദനയായ ഉമര്‍ഫൈസി മുക്കം പുകഞ്ഞ് പുകഞ്ഞ് പുറത്തേക്കെന്ന് സൂചന. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശം നടത്തി വിവാദത്തില്‍ ചാടിയ ഉമര്‍ഫൈസി ഇപ്പോള്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങളെയും അവഹേളിച്ചു കൊണ്ടാണ് രംഗത്തുവന്നന്നത്. ഇതില്‍ സമസ്തക്കുള്ളില്‍ അമര്‍ഷം ശക്തമാകുകയാണ്.

സമസ്ത മുശാവറയിലെ പൊട്ടിത്തെറിയെന്നും അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയതിനും പിന്നാലെ മുക്കം ഉമര്‍ ഫൈസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് അനുകൂല വിഭാഗത്തിലെ പ്രമുഖനും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂരും രംഗത്തുവന്നു. സമസ്തയില്‍ അധ്യക്ഷന്റേത് അവസാന വാക്കാണെന്നും അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത അധ്യക്ഷന്‍ യോഗത്തില്‍ നിന്ന് പുറത്ത് നില്‍ക്കാന്‍ പറഞ്ഞാല്‍ പുറത്തു നില്‍ക്കണം. ചര്‍ച്ചക്ക് ശേഷം എടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കാന്‍ നമ്മള്‍ ബാധ്യസ്തരാണ്. മുക്കം ഉമര്‍ ഫൈസി നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ ചൂണ്ടിക്കാട്ടി. അച്ചടക്കലംഘനം സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് മുശാവറയാണ്. വേണ്ട തീരുമാനം മുശാവറ എടുക്കുമെന്നും അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

നാളിതുവരെ ഉണ്ടാകാത്ത അസാധാരണ സംഭവങ്ങളാണ് ബുധനാഴ്ച കോഴിക്കോട്ട് ചേര്‍ന്ന സമസ്ത മുശാവറ യോഗത്തില്‍ നടന്നത്. മുശാവറ അംഗങ്ങളെ കള്ളന്മാര്‍ എന്നുവിളിച്ച മുക്കം ഉമര്‍ ഫൈസിയുടെ നിലപാടില്‍ പ്രതിഷേധമുയര്‍ത്തി അധ്യക്ഷനായ ജിഫ്‌രി തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഡോ. ബഹാഉദ്ദീന്‍ നദ്‌വി അടക്കമുള്ള മുശാവറ അംഗങ്ങളുമായും ഉമര്‍ ഫൈസി കൊമ്പുകോര്‍ത്തു. ഇതോടെ സമസ്ത വൈസ് പ്രസിഡന്റ് യു.എം. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ യോഗം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.

ഉമര്‍ ഫൈസിയെ യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ലീഗ് അനുകൂല വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമായതിനാല്‍ ആരോപണ വിധേയന്‍ തല്‍ക്കാലം യോഗത്തില്‍ നിന്ന് മാറിനില്‍ക്കട്ടെ എന്ന നിര്‍ദേശം ജിഫ്‌രി തങ്ങള്‍ മുന്നോട്ടുവെച്ചു. ഇത് ഉമര്‍ ഫൈസി അംഗീകരിച്ചില്ല. ഇതിനുമുമ്പ് പല വ്യക്തികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ മാറിനിന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമര്‍ ഫൈസി യോഗത്തില്‍ തന്നെ ഇരുന്നത്. ഇതിനെതിരെ ഡോ. ബഹാഉദ്ദീന്‍ നദ്‌വി രംഗത്തുവന്നു. മലപ്പുറം എടവണ്ണപ്പാറയില്‍ നടന്ന പൊതുയോഗത്തില്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങളെ അപമാനിച്ച വിഷയം അദ്ദേഹം എടുത്തിട്ടു.

'വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന് പറയുകയും ചെയ്താല്‍ പ്രശ്‌നം തീരുമെന്ന് കരുതരുത്. അധ്യക്ഷന്റെ നിര്‍ദേശം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്' എന്നുകൂടി ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞപ്പോള്‍ ഉമര്‍ ഫൈസി ക്ഷുഭിതനായി. കള്ളന്മാരാണ് കുഴപ്പമുണ്ടാക്കുന്നതെന്നും അങ്ങനെയുള്ളവര്‍ ഇവിടെ ഇരിക്കുമ്പോള്‍ താന്‍ പുറത്തുപോകണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. താനെന്താണ് മോഷ്ടിച്ചതെന്ന് ബഹാഉദ്ദീന്‍ നദ്‌വി തിരിച്ചുചോദിച്ചു.

പബ്ലിസിറ്റിക്കായി പലരും കള്ളം പറയുകയാണെന്നായിരുന്നു ഉമര്‍ ഫൈസിയുടെ മറുപടി. ഇതോടെ ഉമര്‍ ഫൈസിക്കെതിരെ മുസ്തഫ ഫൈസി, മൂസക്കോയ മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍ എന്നിവരടക്കം രംഗത്തുവന്നു. ഇതോടെയാണ് ഞങ്ങളെയെല്ലാം കള്ളന്മാരാക്കിയ സാഹചര്യത്തില്‍ യോഗത്തില്‍ ഇരിക്കുന്നില്ലെന്നു പറഞ്ഞ് ജിഫ്‌രി തങ്ങള്‍ ഇറങ്ങിപ്പോയത്. തുടര്‍ന്ന് വൈസ് പ്രസിഡന്റ് യു.എം. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ 'സ്വലാത്ത്' ചൊല്ലി യോഗം പിരിച്ചുവിട്ടതായി അറിയിച്ചു.

പുറത്തിറങ്ങിയ ജിഫ്‌രി തങ്ങള്‍, പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രത്യേക മുശാവറ ചേരുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സമസ്ത അധ്യക്ഷനെ പോലും അനുസരിക്കാത്ത ഉമര്‍ ഫൈസിയുടെ നിലപാടിനെതിരെ ലീഗ് അനുകൂല വിഭാഗം ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ത്തുന്നത്. ഉമര്‍ ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തിപ്പെടുത്താനാണ് അവരുടെ തീരുമാനം. സമസ്ത ആദര്‍ശ സംരക്ഷണ സമിതി ഉടന്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സമവായചര്‍ച്ച അലസിയിരുന്നു. സമസ്ത - മുസ്ലിംലീഗ് നേതൃത്വം തിങ്കളാഴ്ച മലപ്പുറത്ത് വിളിച്ച യോഗത്തില്‍ ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാത്തതാണ് അനുരഞ്ജന നീക്കങ്ങള്‍ക്ക് തടസ്സമായത്. അതേസമയം, അബ്ദുസമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിലുള്ള ലീഗ് അനുകൂലവിഭാഗം ചര്‍ച്ചയില്‍ പങ്കെടുത്ത് പരാതികള്‍ എഴുതിനല്‍കി. ലീഗ് അനുകൂലവിഭാഗം 'ആദര്‍ശ സംരക്ഷണ സമിതി' എന്ന പേരില്‍ സംഘടനയുണ്ടാക്കി മുന്നോട്ടു പോകുന്നതിനിടെയാണ് നേതൃത്വം അടിയന്തരമായി സമവായ ചര്‍ച്ച വിളിച്ചത്.

നേതാക്കള്‍ക്കിടയില്‍ ഭിന്നത മറനീക്കിയതോടെ പ്രശ്നപരിഹാരത്തിന് സമസ്ത അഞ്ചംഗ സമിതിയുണ്ടാക്കിയിരുന്നു. സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ജിഫ്രി തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവരാണ് സമിതിയംഗങ്ങള്‍. ഇവരുടെ നേതൃത്വത്തിലായിരുന്നു ഇരുകൂട്ടരെയും ചര്‍ച്ചയ്ക്കു വിളിച്ചത്. ചില നേതാക്കളുടെ അസൗകര്യം കാരണമാണ് ഒരു വിഭാഗം ചര്‍ച്ചയില്‍ പങ്കെടുക്കാത്തതെന്നും അവരെക്കൂടി ഉള്‍പ്പെടുത്തി ഉടന്‍ ചര്‍ച്ച നടത്തുമെന്നും ആയിരുന്നു സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.