ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എന്‍ സി ഇ ആര്‍ ടിയുടെ എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു. സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി, എന്‍ സി ഇ ആര്‍ ടി ഡയറക്ടര്‍ എന്നിവര്‍ക്ക് കോടതി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ നിയമപ്രകാരം ഇവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുത് എന്ന് വ്യക്തമാക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ എം പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം നടത്തിയ നീക്കമാണിതെന്ന് തെളിഞ്ഞാല്‍ ഇത് ക്രിമിനല്‍ കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി നിരീക്ഷിച്ചു. വിവാദമായ ഉള്ളടക്കം അടങ്ങിയ പാഠപുസ്തകത്തിന്റെ അച്ചടിയും വിതരണവും ഡിജിറ്റല്‍ പ്രചാരണവും സുപ്രീം കോടതി പൂര്‍ണ്ണമായും നിരോധിച്ചു. വിപണിയിലുള്ള പുസ്തകങ്ങള്‍ കണ്ടുകെട്ടാനും ഡിജിറ്റല്‍ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. ഈ പാഠപുസ്തകം ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കരുതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഈ അധ്യായം തയ്യാറാക്കിയവരുടെ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്‌സും ഹാജരാക്കാന്‍ എന്‍ സി ഇ ആര്‍ ടി ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു.

നീതിപീഠത്തിന്റെ അന്തസ്സിനെ ഇടിച്ചുതാഴ്ത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി വ്യാഖ്യാനിച്ചതും ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികളെക്കുറിച്ച് തെറ്റായ ധാരണ നല്‍കുന്ന രീതിയില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതും കോടതി ചൂണ്ടിക്കാട്ടി. എന്‍ സി ഇ ആര്‍ ടി ഡയറക്ടര്‍ സുപ്രീം കോടതി സെക്രട്ടറി ജനറലിന് അയച്ച മറുപടി ധിക്കാരപരമാണെന്നും ബെഞ്ച് വിലയിരുത്തി.

എന്‍ സി ഇ ആര്‍ ടി ഖേദം പ്രകടിപ്പിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചെങ്കിലും പ്രസ്താവനയില്‍ ഒരിടത്തും മാപ്പപേക്ഷയില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും ഈ വിഷയം അത്ര എളുപ്പത്തില്‍ അവസാനിപ്പിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സൂപ്രീംകോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ എന്‍.സി.ഇ.ആര്‍.ടി പാഠ പുസ്തക വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും രംഗത്തെത്തി. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. 'ജുഡീഷ്യറിയോട് ഞങ്ങള്‍ക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. കോടതി പറഞ്ഞത് ഞങ്ങള്‍ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യും. വിഷയത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്, അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ എന്‍.സി.ഇ.ആര്‍.ടിയോട് നിര്‍ദ്ദേശിച്ചു,' മന്ത്രി പറഞ്ഞു.

ജുഡീഷ്യറിയോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. സര്‍ക്കാരിന് അത്തരമൊരു ഉദ്ദേശ്യമില്ലായിരുന്നു. ഈ അധ്യായം തയ്യാറാക്കുന്നതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കും. ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ജുഡീഷ്യറിക്ക് ഉറപ്പ് നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദത്തില്‍സുപ്രീകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാപ്പ് പറഞ്ഞിരുന്നു. പാഠഭാഗങ്ങള്‍ തയാറാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഭാവിയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു പ്രവര്‍ത്തനത്തിലും അവരെ ഭാഗമാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായ നിലപാട് അറിയിച്ചത്. ഗൗരവമായി തന്നെയാണ് വിഷയത്തെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചത്. അതുകൊണ്ടാണ് രണ്ട് ജീവനക്കാരേയും മാറ്റിനിര്‍ത്തി ഭാവിയില്‍ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഒരു പ്രവര്‍ത്തനത്തിലും അവര്‍ ഭാഗമാവില്ലെന്ന് ഉറപ്പാക്കുകയും ചെയ്‌തെന്നും തുഷാര്‍ മേത്ത പറഞ്ഞു.