ഹൈദരാബാദ്: തെലങ്കാനയിലെ സംഘറെഡ്ഡി ജില്ലയിലുള്ള ഒരു സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ ആക്രമണം. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു സംഘം വിദ്യാർത്ഥികളാണ് കുട്ടിയെ അതിക്രൂരമായി മർദ്ദിച്ചത്. ഈ ആക്രമണത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ഒത്താശ ചെയ്തതായും മർദ്ദിക്കാൻ പ്രേരിപ്പിച്ചതായും ആരോപിച്ച് നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും രംഗത്തെത്തി. സൈക്കിളിന്‍റെ കാറ്റ് തുറന്നുവിട്ടെന്ന് ആരോപിച്ചാണ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചത്.

സ്കൂളിലെ സൈക്കിൾ സ്റ്റാൻഡിൽ നിന്ന് സൈക്കിളിന്റെ ഭാഗങ്ങൾ മോഷ്ടിക്കപ്പെടുന്നതും ടയറിലെ കാറ്റ് അഴിച്ചുവിടുന്നതും സംബന്ധിച്ച പരാതികൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ മധു എന്ന അധ്യാപകൻ സൂര്യയെ സൈക്കിൾ സ്റ്റാൻഡിലേക്ക് അയച്ചു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ചാരി എന്ന മറ്റൊരു അധ്യാപകൻ സൂര്യയെ പിടികൂടുകയും അവനാണ് സൈക്കിളുകൾ നശിപ്പിക്കുന്നതെന്ന് കരുതി ഹെഡ്മാസ്റ്ററുടെ മുറിയിലെത്തിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുന്നതിന് പകരം, ഹെഡ്മാസ്റ്റർ കൃഷ്ണ പത്താം ക്ലാസിലെ ഒമ്പത് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി.

സൂര്യയെ വടികൊണ്ട് അടിക്കാൻ അദ്ദേഹം അവർക്ക് നിർദ്ദേശം നൽകി. മർദ്ദനമേറ്റ് അവശനായി വീട്ടിലെത്തിയ സൂര്യ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് പിതാവ് ശിവരാമകൃഷ്ണ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പാൾ കൃഷ്ണ, അധ്യാപകരായ മധു, ചാരി എന്നിവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ രോഷാകുലരായ നാട്ടുകാരും രക്ഷിതാക്കളും സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.

ആക്രമണത്തിന് കൂട്ടുനിന്ന ഹെഡ്മാസ്റ്ററെ നാട്ടുകാർ കൈയേറ്റം ചെയ്യുകയും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ വസ്ത്രം വലിച്ചുകീറുകയും അദ്ദേഹത്തെ തടഞ്ഞുവെക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. പരിക്കേറ്റ വിദ്യാർത്ഥിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.