തിരുവനന്തപുരം: മര്‍ദനമേറ്റ സഹപ്രവര്‍ത്തകന് നീതി ഉറപ്പാക്കാനോ വിദ്യാര്‍ഥി സംഘടനയ്ക്കെതിരെ മിണ്ടാനോ പോലീസിന് ഭയമാണോ? പോലീസുകാരനെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതോടെ പോലീസ് അസോസിയേഷന്‍ യോഗത്തില്‍ കയ്യാങ്കളിയും ബഹളവും. നെടുമങ്ങാട്ടു നടന്ന തിരുവനന്തപുരം റൂറല്‍ ജില്ലാ സമ്മേളനത്തിലാണ് പോലീസുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

തലസ്ഥാനത്തെ മാളില്‍ വെച്ച് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രമേയം വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു. 'എസ്എഫ്ഐ ഗുണ്ടകള്‍' എന്ന പ്രയോഗം കൂടി വന്നതോടെ വാഗ്വാദം മുറുകി. അസോസിയേഷന്റെ പിന്തുണ പോലീസിനോ അതോ രാഷ്ട്രീയക്കാര്‍ക്കോ എന്ന് വിമര്‍ശനം ഉയര്‍ന്നതോടെ യോഗം അലങ്കോലമായി. നേരത്തെ സിറ്റി ജില്ലാ സമ്മേളനത്തിലും സമാനമായ രീതിയില്‍ പ്രതിഷേധം ഇരമ്പിയിരുന്നു.

മര്‍ദനമേറ്റ മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുകയും ആക്രമിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് വിട്ടയയ്ക്കുകയും ചെയ്ത നടപടി സേനയ്ക്കുള്ളില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെ, മര്‍ദനമേറ്റ മിഥുന്‍ റോയിക്കെതിരെ തന്നെ കടുത്ത വകുപ്പുതല നടപടിക്കുള്ള നീക്കവും തകൃതിയാണ്. മിഥുന്റെ മുന്‍കാല ഇടപെടലുകള്‍ കുത്തിപ്പൊക്കിയാണ് ഇപ്പോള്‍ നടപടിക്ക് വഴിയൊരുങ്ങുന്നത്.

ഡിഎസ്പി തലത്തിലുള്ള മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മിഥുനെ സസ്പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം. ഒന്നര വര്‍ഷം മുന്‍പ് പേട്ട സ്റ്റേഷനില്‍ വെച്ച് ഡിവൈഎഫ്ഐ നേതാവിനെ പിഴയൊടുപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കവും, ശംഖുമുഖത്ത് വെച്ച് എസ്എഫ്ഐക്കാരെ മര്‍ദിച്ചെന്ന ആരോപണവുമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥനെതിരെ ആയുധമാക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച് പ്രശ്നമുണ്ടാക്കിയെന്ന വട്ടിയൂര്‍ക്കാവിലെ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ പോലീസ് തന്നെ വേട്ടയാടുകയാണെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും മിഥുന്‍ റോയ് പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റദൂഷ്യം ഉയര്‍ത്തിക്കാട്ടി നടപടിയുമായി മുന്നോട്ടുപോകാനാണ് ഉന്നതതല തീരുമാനം.