ന്യുഡല്‍ഹി: ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയില്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് നിര്‍ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കണം. ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഷാഫി പറമ്പില്‍ എം പി. പരാതി നല്‍കിയത്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് മര്‍ദിച്ചെന്നും റൂറല്‍ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ പൊലീസുകാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സ്പീക്കര്‍ക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നല്‍കിയത്.

വടകര ഡിവൈഎസ്പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് തന്നെ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും, മനഃപൂര്‍വം മര്‍ദിച്ചതിന് തെളിവുണ്ട് എന്നുമാണ് പരാതിയില്‍ ഷാഫി പറമ്പില്‍ വ്യക്തമാക്കിയത്. കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രണ്ടാമത്തെ പരാതി നല്‍കിയത്.

സമാധാനപരമായി നടന്ന പരിപാടിയില്‍ പൊലീസ് അതിക്രമം കാണിച്ചതായും, എംപി ആണെന്നറിഞ്ഞിട്ടും തന്നെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. കോഴിക്കോട് റൂറല്‍ എസ്പി കെ. ഇ. ബൈജുവിനെ കുറിച്ചും പരാതിയില്‍ പരാമര്‍ശമുണ്ട്. സംഭവ ദിവസം രാത്രി, തന്നെ വിളിച്ച് നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്ന് പറഞ്ഞ എസ്പി, പിറ്റേ ദിവസം ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്ന് പറഞ്ഞത് ഞെട്ടിച്ചതായും പരാതിയില്‍ പറയുന്നു.

അതേസമയം, ഷാഫി പറമ്പിലിനെതിരെ കേസ് നല്‍കാന്‍ ഇല്ലെന്ന് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.