കോഴിക്കോട്: പേരമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി വടകര എംപി. ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് പേരാമ്പ്രയില്‍ തന്നെ മര്‍ദിച്ചതെന്നാണ് ഷാഫി പറമ്പില്‍ എം.പിയുടെ വെളിപ്പെടുത്തല്‍. ഇന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചിത്രങ്ങളും വിഡിയോകളും സഹിതം ഇക്കാര്യം വ്യക്തമാക്കിയത്. ഒരിക്കല്‍ പിരിച്ചുവിട്ടുവെന്ന് വാര്‍ത്തകള്‍ വന്ന അഭിലാഷ് എങ്ങനെയാണ് വീണ്ടും സര്‍വീസില്‍ എത്തിയതെന്ന ചോദ്യവും ഷാഫി ഉന്നയിച്ചു.

'മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്‌പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാര്‍ത്ത വന്നതാണ്. പൊലീസ് സൈറ്റില്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ല. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സര്‍വീസില്‍ തിരികെ കയറ്റി. വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാള്‍. സര്‍വിസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഈ പൊലീസുകാരനടക്കമുള്ളവരുടെ രേഖകള്‍ പൊലീസ് ആസ്ഥാനത്തില്ല എന്നാണ് വിവരാവകാശ നിയപ്രകാരം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി. ഇത്തരം അക്രമികളായ പൊലീസുകാരെ ആരുമറിയാതെ പുനര്‍നിയമിച്ചത് കൊണ്ടാണ് ആ രേഖകള്‍ പുറത്ത് വിടാത്തത്' -ഷാഫി ആരോപിച്ചു. അതേസമയം, പിരിച്ചുവിട്ടതിനെതിരെ അഭിലാഷ് നല്‍കിയ അപ്പീലില്‍ പിന്നീട് ഇന്‍ക്രിമെന്റ് റദ്ദാക്കി തിരിച്ചെടുത്തിരുന്നതായും വിവരമുണ്ട്.

'ഞാന്‍ അവിടെ വന്നിട്ടാണോ സംഘര്‍ഷം ഉണ്ടായത് ഞാന്‍ അവിടെ ചെല്ലാത്ത തലേദിവസം പൊലീസ് അവിടെ ആറ് റൗണ്ട് ടിയര്‍ ഗ്യാസും ഗ്രനൈഡും ഉപയോഗിച്ചു. ശബരിമല ജാഥയുമായി ബന്ധപ്പെട്ട സമരത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് തലേദിവസം മുതല്‍ അവിടെ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഈ നാടിന്റെ സമാധാനത്തിനും താല്പര്യത്തിനും വേണ്ടിയുള്ള തീരുമാനമാണ് നമ്മള്‍ എടുക്കേണ്ടത്, നിങ്ങള്‍ പൊലീസില്‍ നിന്ന് അകന്നുനില്‍ക്കണം, അവിടെ സംഘര്‍ഷം ഉണ്ടാകരുത് എന്ന് ഈ സംഘര്‍ഷം ഒക്കെ ഉണ്ടാകുന്നതിനു മുമ്പ് അവിടെ ചെന്നിരുന്ന് പറഞ്ഞതാണ് ഞങ്ങള്‍. സംഘര്‍ഷം വര്‍ധിപ്പിക്കാനല്ല പോയത്.

ഒരു കോളജ് ഇലക്ഷനില്‍ 25 വോട്ടിന് ചെയര്‍മാന്‍ഷിപ്പ് ജയിച്ച പ്രകടനം പോലും ടൗണിലേക്ക് ഇറങ്ങരുത് എന്ന പിടിവാശി പോലീസ് എടുത്തു. ആ പ്രകടനം അന്ന് നടത്താന്‍ സമ്മതിച്ചില്ല. പിറ്റേ ദിവസം പെര്‍മിഷന് എഴുതിക്കൊടുത്തിട്ടും പ്രകടനം നടത്താന്‍ സമ്മതിക്കുന്നില്ല. അവിടെ അന്നും സിപിഎം പ്രകടനം നടത്തുന്നു. എഫ്‌ഐആറില്‍ എഴുതിവെച്ചിരിക്കുകയാണ് 500 ഓളം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി പിരിഞ്ഞുപോയി എന്ന്. യുഡിഎഫ് പ്രകടനം നടത്തുമ്പോള്‍ ഗതാഗത തടസ്സം ഉണ്ടാകുന്നു, ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നു, ജനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്നു എന്നൊക്കെയാണ് വാദം. പാര്‍ട്ടി സ്റ്റേറ്റ്‌മെന്റ് എഴുതുന്ന പോലെയല്ലേ പോലീസ് കാര്യങ്ങള്‍ എഴുതി ചേര്‍ത്തത്.

എനിക്ക് മര്‍ദനമേറ്റിട്ടും എന്റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഇത്ര മൃഗീയമായ ആക്രമണം ഏറ്റിട്ടും അവിടെ ഏതെങ്കിലും തരത്തിലുള്ള ഒരു കലാപ അന്തരീക്ഷം ഞങ്ങള്‍ ആരെങ്കിലും സൃഷ്ടിച്ചോ ഞാന്‍ ആ മര്‍ദ്ദനം ഏറ്റ ഉടനെ ആശുപത്രിയിലേക്ക് ഓടിപ്പോകാത്തത് എന്തേ എന്ന് ചോദിച്ചു. മൂക്കിന്റെ പാലം പൊട്ടി എന്നൊന്നും എനികപ്പോള്‍ അറിഞ്ഞിരുന്നില്ല, ചോര വരുന്നുണ്ട്. അത് ഞാന്‍ അനുഭവിച്ചു. പക്ഷേ അങ്ങനെ ഒരു സീനില്‍ നിന്ന് ഓടിപ്പോയാല്‍ അവിടെ പിന്നെ ഉണ്ടാകാന്‍ പോകുന്ന എല്ലാ സംഘര്‍ഷങ്ങളും അപകടം സൃഷ്ടിക്കുന്നതുകൊണ്ട്, അവിടെ പ്രവര്‍ത്തകരോട് പിരിഞ്ഞു പോകണം, ഈ പ്രതിഷേധം അവസാനിപ്പിച്ചിരിക്കുന്നു, ബാക്കി കാര്യങ്ങള്‍ നമ്മള്‍ പിന്നീട് നിയപരമായി ചെയ്യുമെന്നും പറഞ്ഞ ആളുകളെ പിരിച്ചുവിട്ടിട്ടാണ് ഞങ്ങള്‍ രണ്ടാളും അവിടുന്ന് പോരുന്നത്.

ഇത്രയൊക്കെ സംഭവിച്ചിട്ട്, പൊലീസിന്റെ കയ്യിലിരിപ്പും കയ്യിലിരുന്ന് പൊട്ടിയതും കൊണ്ടുണ്ടായ പരിക്കല്ലാതെ ഒരു പോലീസുകാരന് പോലും അവിടെ പരിക്കേറ്റിട്ടില്ല. പ്രകോപനമായിരുന്നു നമ്മുടെ ഉദ്ദേശമെങ്കില്‍ അങ്ങനെ എന്തെങ്കിലും ഒരു സീന്‍ അവിടെ ഉണ്ടായോ. പേരാമ്പ്രയുടെ സമാധാനം കളയാതിരിക്കാനുള്ള ഇടപെടലാണ് ഞങ്ങള്‍ ആ ദിവസം നടത്തിയത്.

ഒരു മാധ്യമ പ്രവര്‍ത്തകനോട് എസ്.പി വിളിച്ചിട്ട് പറഞ്ഞു അവിടെ ഒരു മര്‍ദ്ദനം നടന്നിട്ടേ ഇല്ല എന്ന്. അപ്പോഴേക്കും വ്യാജപ്രചരണങ്ങള്‍ ആരംഭിക്കുകയായിരുന്നു. അവിടെ ലാത്തി ചാര്‍ജ് നടന്നു എന്നറിയാഞ്ഞിട്ടൊന്നുമല്ല, ബോധപൂര്‍വ്വം ഈ ചര്‍ച്ചകളെല്ലാം വേറൊരു തരത്തില്‍ വഴിതിരിച്ചു വിടാനുള്ള ഇവരുടെ അജണ്ടയായിരുന്നു. ഭാഗ്യത്തിനാണ് പിറ്റേദിവസം ഇതിന്റെ വിഷ്വല്‍ പുറത്തുവന്നത്. അതുവരെ മര്‍ദ്ദനം ഏറ്റിട്ടില്ല, അത് മഷിയാണ്, പെയിന്റാണ്, കുപ്പിയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് നടന്നവര്‍ പിന്നെ അത് മാറ്റി പറയേണ്ടി വന്നു.

പിന്നീട് റൂറല്‍ എസ്.പി ഒരു യോഗത്തില്‍ പ്രസംഗിക്കുന്ന വീഡിയോ നമ്മള്‍ കണ്ടു. പോലീസിലെ ചില ആളുകള്‍ ബോധപൂര്‍വ്വം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നും അതിന്റെ ഒരു വാണിങ് കൊടുത്തിട്ടുണ്ടായിരുന്നില്ല, അതിന്റെ സൈറന്‍ കൊടുത്തിട്ടുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. ഇത്തരം വിവാദങ്ങള്‍ നിലനില്‍ക്കണം, ശബരിമല വിഷയം ചര്‍ച്ചയാവരുത് എന്നുള്ളതാണ് ഇതിന്റെ പിന്നിലെ കാരണം.

'എഐ ടൂള്‍ ഉപയോഗിച്ചിട്ട് പ്രതിയെ കണ്ടെത്തും' എന്നാണ് പറഞ്ഞത്. എന്തേ എഐ ടൂള്‍ പണി മുടക്കിയോ എന്താ ഇതുവരെ അടിച്ച ആളെ കണ്ടെത്താത്തത്. റൂറല്‍ എസ്പി ആരുടെ ഭീഷണിക്ക് വഴങ്ങിയായിട്ടാണ് മുന്നോട്ട് പോകാതിരുന്നത്. ആ അന്വേഷണം അവസാനിപ്പിച്ചു, മരവിപ്പിച്ചു. എഐ ടൂള്‍ ഉപയോഗിച്ച് കുഴപ്പം ഉണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തുമെന്ന് റൂറല്‍ എസ്പി പറഞ്ഞതിന്റെ തൊട്ടുപുറകെ, അത് കണ്ടെത്തരുത്, പുറത്തുവിടരുത് എന്നുള്ള സിപിഎമ്മിന്റെ പൊളിറ്റിക്കല്‍ ഡയറക്ഷന്‍ കൊടുക്കുത്തതിന്റെ പേരിലല്ലാതെ എഐ ടൂള്‍ പണിമുടക്കിയതാണെങ്കില്‍ ഇവര്‍ പറയണം.

ഞാന്‍ ഐസിയുവില്‍ നിന്ന് മാറ്റി റൂമിലേക്ക് വന്ന സമയത്ത് പോലീസ് കാണാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. രണ്ടു മണിക്ക് കാണാമെന്ന് എന്റെ കൂടെ നില്‍ക്കുന്ന ആളോട് പറഞ്ഞു. ഇതുവരെ പോലീസ് എന്റെ അടുത്ത് വന്നിട്ടില്ല. മൊഴി എടുത്തിട്ടില്ല, സ്റ്റേറ്റ്‌മെന്റ് എടുത്തിട്ടില്ല, കേസ് രജിസ്റ്റര്‍ ചെയ്തതായിട്ടുള്ള അറിയിപ്പ് കിട്ടിയിട്ടില്ല. റൂറല്‍ എസ്പി വീഡിയോയില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം ഇത് ചെയ്യരുത് എന്നുള്ള നിര്‍ദ്ദേശം ആരാണ് കൊടുത്തത്. ഇത് പോലീസ് ബോധപൂര്‍വ്വം സൃഷ്ടിച്ച അക്രമമാണ്, അതിന് പൊളിറ്റിക്കല്‍ ഡയറക്ഷന്‍ ഉണ്ടായിരുന്നു എന്നുള്ളത് ഉറപ്പാണ്' -ഷാഫി പറമ്പില്‍ പറഞ്ഞു.