കാര്‍വാര്‍: ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കരയിലെ മണ്ണിനടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. റോഡില്‍ ലോറിയില്ലെന്നും നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും സൈന്യം അറിയിച്ചു. നദിക്കരയിലെ സിഗ്‌നല്‍ കിട്ടിയ പ്രദേശം മാര്‍ക്ക് ചെയ്ത് പരിശോധിക്കുകയാണ് നിലവില്‍ സൈന്യം.

കുടുംബം പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്‌നല്‍ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചു.

റഡാറില്‍ സിഗ്‌നല്‍ ലഭിച്ചിടത്ത് പരിശോധന നടത്തിയെങ്കിലും പാറക്കല്ലാണ് കിട്ടിയതെന്ന് മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്റഫ് പറഞ്ഞു. സംശയമുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. രണ്ടുസ്ഥലങ്ങളിലെ പരിശോധന കഴിഞ്ഞപ്പോള്‍ നിരാശയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി 25 പേരടങ്ങുന്ന സംഘത്തിന് സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.

ഇന്ന് ഏഴാം ദിവസമാണ് അര്‍ജുനായുളള തെരച്ചില്‍ തുടരുന്നത്. അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങള്‍ റോഡിലെ മണ്‍കൂനയില്‍ പരിശോധന നടത്തിയത്. നിലവില്‍ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്. എന്നാല്‍ നദിയില്‍ വലിയ അളവില്‍ മണ്‍കൂനയുളളത് തിരിച്ചടിയാണ്.

രാവിലെ മുതല്‍ സ്‌കൂബ ഡൈവേഴേ്‌സ് പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗംഗാവലി പുഴയിലാണ് സ്‌കൂബ ഡൈവേഴ്‌സ് പരിശോധന നടത്തുന്നത്. പുഴയില്‍ മണ്‍കൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.

അതേ സമയം മലയാളി രക്ഷാപ്രവര്‍ത്തകരോട് തിരികെ പോകാന്‍ കര്‍ണാടക പൊലീസ് നിര്‍ദേശിച്ചിരുന്നു. രഞ്ജിത്ത് ഇസ്രയേല്‍ അടക്കമുള്ള ആളുകളോടാണ് തിരികെ പോകാന്‍ നിര്‍ദേശിച്ചത്. ഇന്ത്യന്‍ സൈന്യം മാത്രം അപകട സ്ഥലത്തു മതിയെന്നും അരമണിക്കൂറിനകം മറ്റുള്ളവര്‍ സ്ഥലത്തുനിന്ന് മാറാനുമാണ് പൊലീസ് നിര്‍ദേശം. ലോറിയോടൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലും തുടരുകയാണ്.

ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു. ലോറി, മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാഹനം പുഴയിലുണ്ടാകുമെന്നാണ് നിഗമനം. അര്‍ജുന്റെ വാഹനം കരയിലുണ്ടാകാന്‍ 99 ശതമാനവും സാധ്യതയില്ലെന്നും വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നും കലക്ടര്‍ പറഞ്ഞു. സ്ഥലത്തിന്റെ മുന്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒയില്‍നിന്ന് ലഭിക്കും. പുഴയിലെ പരിശോധനയ്ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ നാവികസേന എത്തിച്ചു.

ഷീരൂരില്‍ ഇന്നു മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണ്ണിടിച്ചില്‍ ഉണ്ടായ ദിവസങ്ങള്‍ക്ക് സമാനമായ മഴ വരും ദിവസങ്ങളില്‍ ഉണ്ടാവാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരിപനവേല്‍ ദേശീയപാത 66ല്‍ മംഗളൂരുഗോവ റൂട്ടില്‍ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. കോഴിക്കോട് കിണാശേരി സ്വദേശി മുബീന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. തടി കൊണ്ടുവരാനാണ് കര്‍ണാടകയിലേക്ക് പോയത്.