കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഒരു ഗര്‍ഭിണിക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അതിക്രൂരമായ ദുരിതങ്ങളാണ് ഷൈമോള്‍ ഏറ്റുവാങ്ങിയത്. സ്റ്റേഷനുള്ളില്‍ വെച്ച് എസ്എച്ച്ഒയുടെ മര്‍ദനമേല്‍ക്കേണ്ടി വന്നപ്പോഴും, പോലീസുകാര്‍ തനിക്കെതിരെ കള്ളക്കേസുകള്‍ മെനഞ്ഞപ്പോഴും ഷൈമോളും ഭര്‍ത്താവും ലോകത്തോട് വിളിച്ചുപറഞ്ഞത് ഒരേയൊരു കാര്യമായിരുന്നു; 'സത്യം ആ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്'. ഒരു വര്‍ഷം നീണ്ട കഠിനമായ നിയമപോരാട്ടത്തിനൊടുവില്‍ ആ ദൃശ്യങ്ങള്‍ കോടതി വഴി പുറത്തെത്തിയതോടെ, പോലീസിന്റെ സകല കള്ളവാദങ്ങളും ചീട്ടു കൊട്ടാരം പോലെ തകരുകയായിരുന്നു.

താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും സിഐ പ്രതാപചന്ദ്രന്‍ ഷൈമോളെ നെഞ്ചില്‍ പിടിച്ച് തള്ളുകയും കരണത്തടിക്കുകയും ചെയ്തു. ഈ ക്രൂരത മറച്ചുപിടിക്കാന്‍ വേണ്ടി ഷൈമോള്‍ സിഐയെ മാന്തിപ്പൊളിച്ചെന്നും സ്റ്റേഷന്‍ ആക്രമിച്ചെന്നുമുള്ള വ്യാജ എഫ്‌ഐആര്‍ പോലീസ് തയ്യാറാക്കി. എന്നാല്‍, പുറത്തുവന്ന ദൃശ്യങ്ങളില്‍ ഷൈമോള്‍ നിസ്സഹായയായി നില്‍ക്കുന്നതും ഉദ്യോഗസ്ഥന്‍ മര്‍ദിക്കുന്നതുമാണ് കാണാന്‍ കഴിയുന്നത്. ഭര്‍ത്താവിനെ ജയിലിലിട്ട് തന്നെയും കള്ളക്കേസില്‍ കുടുക്കി പൂട്ടാന്‍ ശ്രമിച്ച പോലീസിന്റെ ഹുങ്കിനെയാണ് ഹൈക്കോടതിയുടെ സഹായത്തോടെ ഷൈമോള്‍ തോല്‍പ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് കുന്നംകുളം സ്റ്റേഷനില്‍ വെച്ച് നേരിടേണ്ടി വന്ന മര്‍ദനത്തിന് സമാനമായാണ് കൊച്ചിയിലെ ഈ സംഭവവും കേരളം ചര്‍ച്ച ചെയ്യുന്നത്. യൂണിഫോമിട്ടവരുടെ ഗുണ്ടായിസത്തിനെതിരെയും കള്ളക്കേസുകള്‍ക്കെതിരെയും പതറാതെ പൊരുതിയ ഷൈമോള്‍ ഇന്ന് നീതി തേടുന്നവര്‍ക്ക് വലിയൊരു ആത്മവിശ്വാസമാണ്. കുറ്റാരോപിതനായ സിഐ പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്ത നടപടി ഷൈമോളിന്റെ പോരാട്ടത്തിന് ലഭിച്ച ആദ്യ വിജയമായി മാറി. ഇനിയും നിയമ പോരാട്ടം തുടരും.

അധികാരത്തിന്റെ അടയാളമായ പോലീസ് യൂണിഫോമിനോ സ്റ്റേഷനിലെ ലോക്കപ്പിനോ ഷൈമോള്‍ എന്ന വീട്ടമ്മയെ ഭയപ്പെടുത്താനായില്ലെന്നതാണ് വസ്തുത. ഗര്‍ഭിണിയായിരിക്കെ സ്റ്റേഷനുള്ളില്‍ വെച്ച് ക്രൂരമായ മര്‍ദനമേറ്റിട്ടും, പോലീസിന്റെ കള്ളക്കേസുകളില്‍ കുടുങ്ങിയിട്ടും പതറാതെ അവള്‍ പൊരുതി. തന്റെ ഭര്‍ത്താവിനെ പോലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ ഷൈമോള്‍ ഒളിച്ചോടിയില്ല. ഒരു ഓട്ടോറിക്ഷ പിടിച്ച് അവള്‍ നേരെ സ്റ്റേഷനിലേക്ക് പാഞ്ഞു. അവിടെ ഭര്‍ത്താവിനെ പോലീസ് മര്‍ദിക്കുന്നത് കണ്ടപ്പോള്‍, ഗര്‍ഭിണിയാണെന്ന ആധി പോലുമില്ലാതെ അവള്‍ നീതി ചോദിച്ചു. പോലീസിന്റെ അനീതിക്കെതിരെ വിരല്‍ചൂണ്ടിയ ആ നിമിഷം മുതലാണ് ഷൈമോളിന്റെ അസാമാന്യമായ പോരാട്ടം തുടങ്ങുന്നത്.

അന്നത്തെ നോര്‍ത്ത് സിഐ പ്രതാപചന്ദ്രന്‍ ഷൈമോളെ ക്രൂരമായി മര്‍ദിച്ചു. ഒരു സ്ത്രീയാണെന്നോ ഗര്‍ഭിണിയാണെന്നോ ഉള്ള പരിഗണന പോലും നല്‍കാതെയായിരുന്നു ഈ അതിക്രമം. നെഞ്ചില്‍ പിടിച്ചു തള്ളുന്നതും മുഖത്തടിക്കുന്നതും ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ മര്‍ദനം കൊണ്ട് ഷൈമോളെ തളര്‍ത്താമെന്ന് കരുതിയ പോലീസിന് തെറ്റി. താന്‍ സിഐയെ മാന്തിപ്പൊളിച്ചുവെന്നും സ്റ്റേഷനിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്തുവെന്നുമായിരുന്നു പോലീസിന്റെ ആരോപണം. കൈക്കുഞ്ഞുങ്ങളുമായി എത്തി സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അവര്‍ കേസെടുത്തു. ഭര്‍ത്താവ് ബെന്‍ജോയെ അഞ്ച് ദിവസമാണ് ജയിലിലടച്ചത്. ഈ പ്രതിസന്ധികളൊന്നും ഷൈമോളെ തളര്‍ത്തിയില്ല.

പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മുക്കിക്കളയുമെന്ന് ഷൈമോള്‍ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും കളയാതെ അവള്‍ ഹൈക്കോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതി ഉത്തരവ് വാങ്ങിയ ആ ദീര്‍ഘവീക്ഷണമാണ് ഇന്ന് സിഐയെ കുടുക്കിയ ഏറ്റവും വലിയ തെളിവ്. പോലീസിന്റെ കള്ളങ്ങള്‍ ഓരോന്നായി ആ ദൃശ്യങ്ങളില്‍ വെളിച്ചത്തായി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നതിന് സമാനമായാണ് ഷൈമോളിന്റെ കാര്യത്തിലും ഇപ്പോള്‍ നീതി നടപ്പായിരിക്കുന്നത്. രണ്ടര വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സുജിത്തിന് നീതി ലഭിച്ചതെങ്കില്‍ ഷൈമോള്‍ക്ക് ഒരു വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു. രണ്ടിടത്തും രക്ഷയ്‌ക്കെത്തിയത് കോടതി ഇടപെടലില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളാണ്.

ഭര്‍ത്താവ് ജയിലിലായപ്പോഴും തനിക്കേറ്റ മര്‍ദനത്തിന് നീതി തേടി ഗര്‍ഭിണിയായ ഷൈമോള്‍ ഒറ്റയ്ക്ക് പോരാടി. വനിതാ കമ്മീഷനിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മനുഷ്യാവകാശ കമ്മീഷനിലും അവള്‍ പരാതി നല്‍കി. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും തന്നെ മര്‍ദിച്ചുവെന്ന് അവള്‍ വെളിപ്പെടുത്തി. 'ഞാന്‍ ഗര്‍ഭിണിയാണ്, എന്നെ വിടണം' എന്ന് കരഞ്ഞു പറഞ്ഞിട്ടും ഒരു ദയയും പോലീസ് കാട്ടിയില്ല. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് വിളിപ്പാടകലെയാണ് ഷൈമോളും കുടുംബവും താമസിക്കുന്നത്. പോലീസ് മഫ്തിയില്‍ നടത്തിയ മര്‍ദനം ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കാനായിരുന്നു പോലീസിന്റെ ശ്രമം. ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയതും കുട്ടികള്‍ക്കുണ്ടായ മാനസികാഘാതവുമാണ് ഷൈമോളെ നിയമപോരാട്ടത്തിന് പ്രേരിപ്പിച്ചത്.

ഒടുവില്‍ കോടതി ഉത്തരവിലൂടെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ പോലീസിന്റെ കള്ളക്കഥകള്‍ പൊളിഞ്ഞു. ഷൈമോള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ വ്യാജമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും സിഐ പ്രതാപചന്ദ്രനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നീതി വൈകിയെങ്കിലും സത്യം പുറത്തുവന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. 'നീതി ലഭിക്കുന്നത് വരെ ഈ പോരാട്ടം നിര്‍ത്തുകയില്ല' എന്ന് ഉറച്ച ശബ്ദത്തോടെ ഷൈമോള്‍ ഇന്നും പറയുന്നു. സിഐക്കെതിരായ നിയമ നടപടികള്‍ കോടതിയില്‍ തുടരുകയാണ്.