- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന്റെ എതിരാളിയായി രണ്ടര പതിറ്റാണ്ട് ജനതാപരിവാറിൽ; കുമാരസ്വാമിയുടെ വഞ്ചനയിൽ രാഷ്ട്രീയം വിടാനൊരുങ്ങി; ദേവെ ഗൗഡയുമായി ഉടക്കി ജനതാദൾ വിട്ടപ്പോൾ 'കൈപിടിച്ചത്' കോൺഗ്രസിന്റെ; 2013ൽ ഡോ.ജി.പരമേശ്വര തോറ്റപ്പോൾ മുഖ്യമന്ത്രി പദത്തിൽ; ജനനായകൻ സിദ്ധരാമയ്യയ്ക്ക് ഇത് രണ്ടാമൂഴം
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്തി കേവലഭൂരിപക്ഷം ഉറപ്പിച്ച കർണാടകയിൽ മുതിർന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണു തീരുമാനം. ആദ്യ ടേമിൽ സിദ്ധരാമയ്യയും പിന്നീട് ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണു റിപ്പോർട്ട്. സത്യപ്രതിജ്ഞ നാളെ ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. ബെംഗളൂരുവിൽ സിദ്ധരാമയ്യയുടെ വസതിക്കു മുന്നിൽ അനുയായികൾ ആഘോഷം ആരംഭിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്നു തന്നെ പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി. ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ഹൈക്കമാൻഡ് ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡികെയ്ക്ക് രാഹുലും സോണിയയും ഉറപ്പ് നൽകും. സോണിയയുടെ വീട്ടിൽ രാഹുലും ഡികെയും തമ്മിൽ കൂടിക്കാഴ്ച നടത്തുകയാണ്.
സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് ആദ്യ ടേമിൽ മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന തീരുമാനം ദേശീയ നേതാക്കൾ ഡി.കെ. ശിവകുമാറിനെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പദം പങ്കിടണമെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. രണ്ടു വർഷം സിദ്ധരാമയ്യയ്ക്കും മൂന്നുവർഷം ശിവകുമാറിനും എന്ന ഫോർമുലയാണ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്.
കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യക്ക് ഇത് രണ്ടാമൂഴമാണ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ സർക്കാരിനെ നയിച്ചത് സിദ്ധരാമയ്യ ആയിരുന്നു. മുഖ്യമന്ത്രിപദമോഹം മറച്ചുവയ്ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദർശത്തിലുറച്ച് ശക്തമായ കോൺഗ്രസ് വിരുദ്ധനിലപാടിൽ മുന്നോട്ടു പോയയാൾ അതേ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി രണ്ടാമതും എത്തുകയാണ്.
പിന്നാക്ക വിഭാഗമായ കുറുബ ഗൗഡ സമുദായത്തിൽ 1948 ഓഗസ്റ്റ് രണ്ടിനു ജനിച്ച സിദ്ധരാമയ്യ ജനത പരിവാറിൽ രണ്ടുതവണ ഉപമുഖ്യമന്ത്രിയും, 2013 ൽ കോൺഗ്രസിന്റെ കൈപിടിച്ച് മുഖ്യമന്ത്രിയുമായിരുന്നു. സിദ്ധദേവനഹുണ്ഡിയാണ് ജന്മനാട്. കർഷകനായ സിദ്ധരാമെ ഗൗഡയുടെയും ബൊറമ്മയുടെയും ആറു മക്കളിൽ നാലാമൻ. ദാരിദ്രത്തിൽ പിച്ചവച്ചായിരുന്നു വളർച്ച. സമാധാനവും സംയമനവും രാഷ്ട്രീയത്തിലെന്നും വിലപ്പെട്ട സ്വഭാവഗുണങ്ങൾ തന്നെയെന്നു കർണാടകയുടെ ഇരുപത്തിനാലാമത്തെ മുഖ്യമന്ത്രിയെന്ന പദമേറുന്നത് അടിവരയിടുന്നു.
റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളാണ് സിദ്ധരാമയ്യയെ ജനതാ പരിവാറിലേക്ക് അടുപ്പിച്ചത്. അഭിഭാഷകവേഷം വലിച്ചെറിഞ്ഞതും ഇതേ വിശ്വാസങ്ങളിൽ. മുൻപ്രധാനമന്ത്രിയും ജനതാദൾ എസ് ദേശീയ പ്രസിഡന്റുമായ എച്ച്.ഡി.ദേവെഗൗഡയുമായി അഭിപ്രായവ്യത്യാസമുണ്ടാകും വരെ സിദ്ധരാമയ്യ കടുത്ത കോൺഗ്രസ് വിരോധിയായിരുന്നു. ഏതാണ്ട് 1980 മുതൽ 2005 വരെ.
1978ൽ മൈസൂർ താലൂക്ക് ബോർഡിലേക്കു ജയിച്ചായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ഭാരതീയ ലോക്ദളിലൂടെ 1983ൽ ചാമുണ്ഡേശ്വരി എംഎൽഎയായി. തുടർന്ന് ജനതാ പാർട്ടിയിലെത്തി. 1985ൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നു വീണ്ടും വിജയിച്ചശേഷം രാമകൃഷ്ണ ഹെഗ്ഡെ മന്ത്രിസഭയിൽ സെറികൾച്ചർ, മൃഗസംരക്ഷണം, ഗതാഗതം തുടങ്ങി ഒട്ടേറെ വകുപ്പുകൾ കൈകാര്യം ചെയ്തു. 1989ൽ കോൺഗ്രസിലെ രാമശേഖര മൂർത്തിയോടു തോൽവി. 1992ൽ ജനതാദൾ സെക്രട്ടറി ജനറലായി, 1994ലെ ദേവെഗൗഡ മന്ത്രിസഭയിൽ ധനമന്ത്രിയായി.
1996ൽ ജെ.എച്ച്. പാട്ടീൽ മുഖ്യമന്ത്രിയായപ്പോഴാണ് ആദ്യം ഉപമുഖ്യമന്ത്രിയാകുന്നത്. ദൾ പിളർന്നതോടെ ദേവെഗൗഡ അധ്യക്ഷനായുള്ള ജനതാദളിന്റെ (എസ്) സംസ്ഥാന അധ്യക്ഷനായി. 1999ലെ തിരഞ്ഞെടുപ്പിലും പരാജയം. 2004ലെ കോൺഗ്രസ്-ദൾ സഖ്യസർക്കാരിൽ രണ്ടാം തവണ ഉപമുഖ്യമന്ത്രിയായി. 2005ൽ ദേവെ ഗൗഡയുമായുള്ള അഭിപ്രായ വ്യത്യാസമാണു സിദ്ധരാമയ്യയെ കോൺഗ്രസിലെത്തിച്ചത്.
2006ൽ നടന്ന ചാമുണ്ഡേശ്വരി ഉപതിരഞ്ഞെടുപ്പിൽ 257 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനു ബിജെപി ദൾ സംയുക്ത സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. 2008ലെ തിരഞ്ഞെടുപ്പിൽ വരുണയിൽ നിന്നു വിജയിച്ച് അഞ്ചാം തവണ നിയമസഭയിലെത്തിയപ്പോൾ ലഭിച്ചതു പ്രതിപക്ഷനേതൃ സ്ഥാനം. 2013 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി പദത്തിലേക്ക്. 2019 ൽ വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനം. 2023ൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരം തിരിച്ചുപിടിച്ചപ്പോൾ മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യയ്ക്ക് രണ്ടാം ഊഴം.
പതിനെട്ട് വർഷം മുൻപ് വരെ തള്ളിപ്പറഞ്ഞിരുന്ന കോൺഗ്രസിലേക്ക് കൂറുമാറിയതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ നിയോഗം മറ്റൊന്നായി മാറിയത്. എസ്.എം.കൃഷ്ണ സർക്കാർ (1999 - 2004) ഏറെ വികസന പദ്ധതികൾക്കു രൂപം നൽകിയിട്ടും 2004 ൽ ജനവിധി തിരിച്ചായി. ആർക്കും കൃത്യമായ ഭൂരിപക്ഷം നൽകാതെ ജനം രാഷ്ട്രീയ സഖ്യത്തിനു പുതിയ വാതിലുകൾ തുറന്നിട്ടു. അങ്ങനെയാണ് കോൺഗ്രസ്-ദൾ സഖ്യമുണ്ടാക്കി എൻ.ധരംസിങ് മുഖ്യമന്ത്രിയായത്. ആ സർക്കാരിലായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യയുടെ രണ്ടാമതും എത്തിയത്.
ആദ്യ പകുതിയിൽ കോൺഗ്രസും രണ്ടാം പകുതിയിൽ ദളും മുഖ്യമന്ത്രി സ്ഥാനം പങ്കിടുകയെന്ന കരാർ നടപ്പാക്കാൻ അനുവദിക്കാതെ കുമാരസ്വാമി അക്കാലത്ത് ബിജെപിയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയായി. രാഷ്ട്രീയ വഞ്ചനയിൽ മനംമടുത്ത് രാഷ്ട്രീയം ഉപേക്ഷിച്ച് അഭിഭാഷക വൃത്തിയിലേക്കു തിരിയാൻ പോലും സിദ്ധരാമയ്യ അന്ന് ആലോചിച്ചിരുന്നു.
ഇതിനിടെ കോൺഗ്രസും ബിജെപിയും അദ്ദേഹത്തെ സ്വന്തം തട്ടകത്തിലെത്തിക്കാൻ ഒരുപാടു ശ്രമിച്ചു. ആശയപരമായ അകലം പാലിച്ച ബിജെപിയേക്കാൾ അദ്ദേഹത്തിനു സ്വീകാര്യമായത് കോൺഗ്രസ് ആയിരുന്നു. 1996ൽ ദേവെഗൗഡ മുഖ്യമന്ത്രി സ്ഥാനമുപേക്ഷിച്ച് മൂന്നാം മുന്നണിയുടെ ബലത്തിൽ പ്രധാനമന്ത്രിയാകാൻ ഡൽഹിക്കു വണ്ടി കയറിയപ്പോൾ, അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിയാകാൻ അവസരമൊരുങ്ങിയിരുന്നു.
എന്നാൽ ജെ.എച്ച്.പട്ടേലിന്റെ ചരടുവലികളിൽ അദ്ദേഹം ധനമന്ത്രിയായി ഒതുങ്ങി. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴാകട്ടെ ഏറ്റവും വലിയ പ്രതിയോഗിയാകാൻ സാധ്യതയുണ്ടായിരുന്ന കർണാടക പിസിസി പ്രസിഡന്റ് ഡോ.ജി.പരമേശ്വരയെ തോറ്റു. ഇതോടെ സിദ്ധരാമയ്യയ്ക്കു ആദ്യമായി മുഖ്യമന്ത്രിപദത്തിലേക്കു വഴിയൊരുങ്ങി.
ഇത്തവണ മുഖ്യമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തിൽ ഡി കെ ശിവകുമാർ കടുത്ത സമ്മർദ്ദം ഉയർത്തിയപ്പോൾ എംഎൽഎമാരുടെ ശക്തമായ പിന്തുണയും പൊതുജന സ്വീകാര്യതയുമാണ് സിദ്ധരാമയ്യയ്ക്ക് ആദ്യ ടേമിൽ മുഖ്യമന്ത്രി പദത്തിന് വഴിയൊരുങ്ങിയത്.
വരുണയുടെ പുത്രൻ
2008ലെ മണ്ഡല പുനർനിർണയത്തിൽ പിറന്ന മണ്ഡലമാണ് വരുണ. അന്നാണ് അഞ്ചു തവണ വിജയം സമ്മാനിച്ച ചാമുണ്ഡേശ്വരി വെടിഞ്ഞു സിദ്ധരാമയ്യ വരുണയിലേക്കു കൂടുമാറിയത്. മൈസൂരുവിലെ വരുണ കനാലിനായി കർഷകരുടെ സ്ഥലമെടുത്ത കേസുകളിൽ മിക്കതും കൈകാര്യം ചെയ്ത മികച്ച അഭിഭാഷകൻ കൂടിയാണ് അദ്ദേഹം. നാട്ടുകാരുടെ വ്യവഹാരങ്ങൾ നടത്തി രാഷ്ട്രീയക്കാരനായ നേതാവ്. ഇത്തവണ വരുണയിൽ 46,163 വോട്ടുകൾക്കായിരുന്നു വിജയം
മറുനാടന് മലയാളി ബ്യൂറോ