കോട്ടയം: കേരള സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ റെയില്‍വേ പുതിയ നിബന്ധനകള്‍ മുന്നോട്ട് വെക്കുമെന്ന് റിപ്പോര്‍ട്ട്. ഗേജ്, അലൈന്‍മെന്റ് മാറ്റം ഉള്‍പ്പെടെയുള്ള പുതിയ നിബന്ധനകളായിരിക്കും മുന്നോട്ട് വെക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സില്‍വര്‍ ലൈനുമായി സംബന്ധിച്ച പുതിയ നിബന്ധനകള്‍ അടങ്ങുന്ന കത്ത് ദക്ഷിണ റെയില്‍വേക്കും സംസ്ഥാന സര്‍ക്കാരിനും ഉടന്‍ അയക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്ക് ഗേജിലെയും അലൈന്‍മെന്റിലേയും മാറ്റങ്ങളും നിലവിലെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും കത്തില്‍ പറയുന്നതായാണ് സൂചന.

ബ്രോഡ് ഗേജാക്കി മാറ്റിയാല്‍മാത്രമേ റെയില്‍വേയുടെ എല്ലാ വണ്ടികള്‍ക്കും സില്‍വല്‍ലൈന്‍ ഉപയോഗിക്കാനാകൂ. വന്ദേഭാരത് അഭിമാനപദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകവേ അതിന് സഞ്ചരിക്കാന്‍ കഴിയാത്ത സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാളവുമായി സില്‍വല്‍ലൈന്‍ അനുവദിക്കാന്‍ സാധ്യതയില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജിലുള്ള കോച്ചുകള്‍ക്കാണ് കെ-റെയില്‍ കമ്പനി ജപ്പാനിലെ സ്ഥാപനവുമായി സംസാരിച്ചത്. അതിനുപകരം ബ്രോഡ് ഗേജില്‍ ഉപയോഗിക്കുന്നതരം കോച്ചുകള്‍ വേണ്ടിവരും.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള 107.80 ഹെക്ടര്‍ റെയില്‍വേ ഭൂമി ഉപയോഗിക്കുന്നതില്‍, നിലവില്‍ നിലവിലുള്ള മറ്റേതെങ്കിലും പാതകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കണമെന്ന് ദക്ഷിണ റെയില്‍വേ 2024 ജൂലായില്‍ നിര്‍ദേശിച്ചിരുന്നു. പുതിയ റിപോര്‍ട്ടില്‍ 200 വളവുകളും 236 കയറ്റിറക്കവും ഉള്ള പാതയുടെ ഘടനയെ കുറിച്ച് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു, ഇതേത്തന്നെ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രയാസകരമാണെന്നും അങ്ങനെയുള്ള ഒരു പാത ഭാവിയില്‍ കൂടുതല്‍ മാറ്റം ആവശ്യമാകുമെന്നും പറയുന്നു.

സില്‍വര്‍ലൈന്‍ പാതയുടെ 88.41 കിലോമീറ്റര്‍ ഭാഗം മാത്രമാണ് മേല്‍പ്പാലം വഴി ആലോചിക്കപ്പെട്ടിരിക്കുന്നത്; പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മേല്‍പ്പാലങ്ങളുടെ ദൂരം കൂട്ടണം എന്നാണ് സമര്‍പ്പിക്കപ്പെട്ട പരിഗണന. പാത മേല്‍പ്പാലം വഴിയാകുമ്പോള്‍ ചിലവ് വീണ്ടും കൂടും. 64,000 കേടിയാണ് ഇപ്പോഴത്തെ ചിലവ് പ്രതീക്ഷിക്കുന്നത്. ഇത് 1.24 ലക്ഷം കോടി വരുമെന്നാണ് നീതി അയോഗിന്റെ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ ഡി.പി.ആര്‍ പ്രകാരം പാതയുടെ ഘടന ഇങ്ങനെയാണ്. ടണല്‍ - 11.53 കി.മീ. (2.17 ശതമാനം). പാലങ്ങള്‍ - 12.99 കി.മീ. (2.44 ശതമാനം). തൂണിന്മേലുള്ള പാത - 88.41 കി.മീ. (16.61 ശതമാനം). ഭിത്തികെട്ടി ഉയര്‍ത്തുന്ന ഭാഗം - 292.73 കി.മീ. (55 ശതമാനം). കട്ടിങ് - 101.74 കി.മീ. (19.12 ശതമാനം). കട്ട് ആന്‍ഡ് കവര്‍ - 24.79 കി.മീ. (4.66 ശതമാനം). ആകെ - 532.19 കി.മീ.

അതേസമയം ഔദ്യോഗികമായ നടപടികള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ പ്രതികരിക്കുകയുള്ളൂവെന്നാണ് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രതികരണം. അതേസമയം അരമണിക്കൂര്‍ ലാഭത്തിന് വേണ്ടി ദുരന്തം വിളിച്ചുവരുത്തരുതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും നടപ്പിലാക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷം എതിര്‍ക്കുന്നതായും വി.ഡി. സതീശന്‍ പ്രതികരിച്ചു.

സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കെ- റെയില്‍ സാധ്യമാകുമെന്നും പദ്ധതി അടഞ്ഞ അധ്യായമല്ലെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. നേരത്തെ സമര്‍പ്പിച്ച പദ്ധതി രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സില്‍വര്‍ ലൈനില്‍ തുടര്‍നടപടികള്‍ക്കും സന്നദ്ധമാണെന്നുമാണ് കേന്ദ്രം അറിയിച്ചത്.