വിക്ടോറിയ: യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട വാര്‍ത്തയോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് സ്‌കൈ ന്യൂസ് ഓസ്ട്രേലിയ അവതാരക റീത്ത പനാഹി. കുട്ടിക്കാലത്ത് ഇറാനില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന വ്യക്തിയാണ് പനാഹി.

'എനിക്ക് പറയാനുള്ളത് ഇത്രമാത്രം, 47 വര്‍ഷത്തെ ഇസ്ലാമിസ്റ്റ് സ്വേച്ഛാധിപത്യത്തിന് ശേഷം ആ ഏകാധിപതി മരിച്ചിരിക്കുന്നു, ഇറാന്‍ മോചനത്തിന്റെ പാതയിലാണ്,' തത്സമയ സംപ്രേക്ഷണത്തിനിടെ അവര്‍ പറഞ്ഞു. തന്റെ ജീവിതകാലത്ത് ഇത്തരമൊരു ദിവസം കാണുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞ അവര്‍, 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈല്‍ ആക്രമണത്തിന് ധൈര്യം കാണിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും ചെയ്തു.

ഇറാനില്‍ സമ്മിശ്ര പ്രതികരണം; റീത്തയുടെ വൈകാരിക പ്രതികരണം

36 വര്‍ഷം ഇറാന്‍ ഭരിച്ച ഖമനേയിയുടെ മരണത്തില്‍ ഇറാനില്‍ ഒരു വിഭാഗം ദുഃഖിക്കുമ്പോള്‍ മറ്റൊരു വിഭാഗം ആഘോഷത്തിലാണ്. ശനിയാഴ്ച ഖമനേയി കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ചപ്പോള്‍ ഇറാനിലെ പല വാര്‍ത്താ അവതാരകരും തത്സമയ സംപ്രേക്ഷണത്തിനിടെ വികാരാധീനരായി.

അതേസമയം, ഭരണകൂട പീഡനം ഭയന്ന് വര്‍ഷങ്ങളായി ഇറാനിലേക്ക് മടങ്ങാന്‍ കഴിയാത്ത പനാഹി, പേര്‍ഷ്യന്‍ ഭാഷയില്‍ കടുത്ത ഭാഷയിലാണ് ഖമനേയിയെ വിമര്‍ശിച്ചത്. 'നിന്റെ പിതാവ് ഒരു നായയാണ്, നിന്റെ തലയില്‍ മണ്ണ് വീഴട്ടെ, നീ നരകത്തില്‍ കത്തിയമരട്ടെ' എന്നായിരുന്നു അവരുടെ വാക്കുകളുടെ ഏകദേശ വിവര്‍ത്തനം. പനാഹിയെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത എത്രത്തോളം വ്യക്തിപരമാണെന്ന് സഹ-അവതാരകന്‍ റോവന്‍ ഡീന്‍ ചൂണ്ടിക്കാട്ടി.

എക്‌സ് (X) പ്ലാറ്റ്ഫോമില്‍ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

ഖമനേയിയുടെ മരണം പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപ്, 'ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം' എന്ന് വിശേഷിപ്പിച്ചു. വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് ലക്ഷ്യങ്ങള്‍ ഇനിയും തകര്‍ക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. എന്നാല്‍ റഷ്യ ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. 'മനുഷ്യ ധര്‍മ്മത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഈ കൊലപാതകം,' എന്ന് വിശേഷിപ്പിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഖമേനിയുടെയും കുടുംബത്തിന്റെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.