തിരുവനന്തപുരം:യെമന്‍ ജയിലിലുള്ള മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പ്രശംസിച്ച് കേരളം. യെമനില്‍ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിനും ഇടെയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പ്രശംസിച്ച് വിവിധ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമടക്കമുള്ളവരും രംഗത്ത് വന്നത്. ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളൊന്നും ഇല്ലാത്തത് യെമനിലെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ഇതിനിടെ നിമിഷയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന തീരുമാനവും എത്തി. ഇങ്ങനെ എല്ലാ പ്രതീക്ഷയും അവസാനിച്ച് എന്ന് കരുതിയിടത്താണ് കാന്തപുരത്തിന്റെ ശ്രദ്ധേയ ഇടപെടല്‍ ഉണ്ടായത്.

അറബ് രാഷ്ട്രങ്ങളില്‍ വിശാലമായ ബന്ധമുള്ള കാന്തപുരം പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ വഴിയാണ് ഇടപെടലിന് ശ്രമിച്ചത്.കാന്തപുരവുമായി പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദവും കൂടിയുള്ള ഷെയ്ഖ്

ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ ഇടപെട്ടതോടെ ചര്‍ച്ചകള്‍ക്ക് വേഗം കൂടി. ആദ്യമായി തലാലിന്റെ കുടുംബം ചര്‍ച്ചക്ക് തയാറായതും ഷെയ്ഖ് ഹബീബിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ്. ഇതിനിടെയാണ് വധശിക്ഷ നീട്ടിവയ്ക്കാനുള്ള തീരുമാനം വന്നത്. ഇതിന്റെ രേഖകള്‍ കാന്തപുരം തന്നെ പുറത്ത് വിടുകയും ചെയ്തിരുന്നു.എല്ലാ പ്രതീക്ഷയും അവസാനിച്ചിടത്ത് നിന്ന് പ്രതീക്ഷയുടെ നേര്‍ത്ത വെളിച്ചമായി ആയി ഈ തീരുമാനം മാറി. ഇതോടെ കേരളം മുഴുവനായി കാന്തപുരത്തെ പ്രശംസിക്കുകയാണ്.

കാന്തപുരത്തിന്റെ ഇടപെടലിനെ വാഴ്ത്തി മുഖ്യമന്ത്രി, മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. മനുഷ്യസ്നേഹത്തിന്റെ മഹദ് സന്ദേശത്തിന്റെ കേരളത്തിന്റെ മാതൃകയുടെ യഥാര്‍ത്ഥ രൂപമാണ് കാന്തപുരത്തിന്റെ ഇടപെടലെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. സമൂഹമാധ്യമത്തില്‍ കാന്തപുരം ഉസ്താദിന്റെ ചിത്രമുള്‍പ്പടെ പങ്കുവെച്ചാണ് നേതാക്കളുടെ പ്രതികരണം.




മന്ത്രിമാരുടെയും പ്രമുഖരുടെയും പ്രതികരണങ്ങള്‍ ഇങ്ങനെ..

മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന മനസ്സ്- മുഖ്യമന്ത്രി പിണറായി വിജയന്‍

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള കൂടുതല്‍ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയും ഇടപെടലും ആണ്.മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം.ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂര്‍ണ്ണവിജയത്തില്‍ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കാന്തപുരം ഉസ്താദിന് സ്നേഹാദരം- വീണ ജോര്‍ജ്ജ്

നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ആദരണീയനായ കാന്തപുരം ഉസ്താദിന് സ്നേഹാദരം.


മനുഷ്യസ്നേഹത്തിന്റെ മഹദ് സന്ദേശം-ആര്‍ ബിന്ദു

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് മനുഷ്യസ്നേഹത്തിന്റെ മഹദ് സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഇടപെട്ട ബഹുമാനപ്പെട്ട കാന്തപുരം അവര്‍കള്‍ക്ക് സ്നേഹാഭിവാദ്യങ്ങള്‍.

ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ- വി ഡി സതീശന്‍

നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വധ ശിക്ഷ നീട്ടിവച്ചെന്ന ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്.വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കും.നിയമപരമായ എല്ലാ തടസങ്ങളും മറി കടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാര്‍ത്തയ്ക്ക് വേണ്ടിഇനി കാത്തിരിക്കാം.


ഇതാണ് കേരളത്തിന്റെ മാതൃക- രമേശ് ചെന്നിത്തല

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സന്തോഷവാര്‍ത്ത കേട്ടു. വിഷയത്തില്‍ ഫലപ്രദമായി ഇടപെട്ട് യെമന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കേരള ജനതയുടെ അകൈതവമായ നന്ദി! ഇതാണ് കേരളത്തിന്റെ മാതൃക! മോചന ദ്രവ്യം നല്‍കി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കില്‍ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാന്തപുരം കാണിച്ചുതന്നത് മനുഷ്യത്വത്തിന്റെ പ്രാധാന്യം- ശശി തരൂര്‍

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തില്‍ വിവിധ ഇടപെടലുകള്‍ 2020 മുതല്‍ നടന്നിട്ടുണ്ട്. യെമനിലെ ഇന്ത്യയ്ക്ക് ഒരു എംബസിയുണ്ട് എന്നാല്‍ യെമനിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യം കാരണം, 2015 ഏപ്രില്‍ മുതല്‍ ജിബൂട്ടിയിലെ ഒരു ക്യാമ്പ് ഓഫീസില്‍ നിന്നാണ് സനയിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. ഇത് കൊണ്ട് തന്നെ നമ്മുടെ നയതന്ത്രപരമായ ഇടപെടലുകള്‍ ഇതു വരെ വിജയിച്ചിട്ടില്ല.

ഈ അവസരത്തില്‍ ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ജാമിയ മര്‍കസ് ചാന്‍സലറുമായ ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടല്‍ പുതിയ പ്രതീക്ഷ നല്‍കുന്നു.അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയകരമാകാന്‍ കേരളം ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കുന്നു.മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കാനും വെറുപ്പും വിദ്വേഷവും വളര്‍ത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദ്.

കാന്തപുരം ഉസ്താദിനെ കൊണ്ട് മാത്രം കഴിയുന്ന ഇടപെടല്‍-കെ ടി ജലീല്‍

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെ തുടര്‍ന്ന് നാളെ നടപ്പിലാക്കേണ്ടിയിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ച് യമന്‍ കോടതി പുറപ്പെടുവിച്ച നിര്‍ണ്ണായക വിധി ആശാവഹമാണ്.ബന്ധുക്കള്‍ നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ മാത്രമെ ഇസ്ലാമിക ശരീഅത്ത് പ്രകാരം വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കൂ.വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ഇതിലൂടെ സാവകാശം ലഭിക്കുമെന്നത് ചെറിയ കാര്യമല്ല. അറേബ്യന്‍ ലോകത്ത് അപൂര്‍വ്വ സംഭവങ്ങളില്‍ ഒന്നാണ് വധശിക്ഷ നീട്ടിക്കൊണ്ടുള്ള ഈ വിധി. ശൈഖുനാ കാന്തപുരം ഉസ്താദിനെ കൊണ്ട് മാത്രം കഴിയുന്ന ഇടപെടലിനെ തുടര്‍ന്നാണ് അതിവിരളമായ ഇത്തരമൊരു നീക്കം. ശൈഖുന എ.പി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍.



ഉസ്താദിന്റെ ചിത്രം പങ്കുവെച്ച് ഉസ്താദ് എന്നെഴുതിയാണ് മന്ത്രി വി ശിവന്‍കുട്ടി കാന്തപുരത്തിന്റെ ഇടപെടലിനെ പ്രശംസിച്ചത്.

ഉസ്താദിന്റെ ഇടപെടലിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയയും സജീവമാണ്.നിരവധി പേരാണ് അദ്ദേഹത്തിന്റെ ഇടപെടലിനെ ബഹുമാനാര്‍ത്ഥം കുറിപ്പുകള്‍ പങ്കുവെച്ചത്.മതത്തിന്റെ പേരില്‍ വലിയ മുതലെടുപ്പിന് ശ്രമം നടക്കുന്ന ലോകത്താണ് കാന്തപുരം മനുഷ്യത്വം മാത്രം മുന്നില്‍ കണ്ടുള്ള ഈ നീക്കം നടത്തിയത്.ജിഹാദുകളുടെ പേരില്‍ വിരോധം കുത്തി നിറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക ഇത് കേരളമാണ്... ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്നും സോഷ്യല്‍ മീഡിയ പറയുന്നു



.ഈ ദിവസം കടന്ന് പോകുമ്പോള്‍ ഈ മനുഷ്യന്‍ കാണിച്ചുതരുന്നമനുഷ്യത്വത്തിന്റെ, സഹജീവി സ്നേഹത്തിന്റെ, പരിഗണനയുടെ പേരാണ് ദ റിയല്‍ കേരള സ്റ്റോറിയെന്നും സോഷ്യല്‍ മീഡിയ പറയുന്നു.