തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തേക്ക്. ബി.എം.ഡബ്ല്യു കാറുടമകളും ബംഗ്ലാവുകളില്‍ താമസിക്കുന്നവര്‍ക്കും വരെ ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നു എന്നാണ് കണ്ടെത്തല്‍. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷണര്‍ ഉള്‍പ്പെടെ ആഡംബര സൗകര്യങ്ങളുമുണ്ടെന്നും കണ്ടെത്തിയിരുന്നു. കോട്ടക്കല്‍ നഗരസഭയിലാണ് ഇത്തരത്തില്‍ വ്യാപകട ക്രമക്കേടുകള്‍ നടന്നത്. ഇതിനിടെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി.

പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

ഇതുമായതി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം.

കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ അനര്‍ഹരുണ്ടെന്ന് വ്യക്തമായി. മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തി. ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണ്. ഇതിലൊരാള്‍ മരിച്ചു. ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നു. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതല്‍ വലുപ്പമുള്ളതാണെന്നും കണ്ടെത്തി. ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനുപിന്നില്‍ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.

കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും. അനര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കും.

കോളജ് അധ്യാപകരടക്കം ഗസ്റ്റഡ് ഉദ്യോഗസ്ഥരും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ കൊള്ളയടിച്ചതായാണ് സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് കണക്കുകള്‍. അനധികൃതമായി കൈപറ്റിയ പണം പലിശയടക്കം തിരികെ പിടിക്കാന്‍ ധനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

ധനവകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയില്‍ ഏറ്റവുമധികം തട്ടിപ്പുകാരുള്ളത് ആരോഗ്യ വകുപ്പിലാണ്. 373 പേരാണ് ഈ വകുപ്പില്‍ മാത്രം അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാംസ്ഥാനത്ത്. 224 പേര്‍. മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തു.

ക്രമക്കേട് നടത്തിയ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളജിലും മറ്റൊരാള്‍ പാലക്കാട്ടും ജോലി ചെയ്യുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ മൂന്നുപേരും ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പട്ടികയിലുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനും ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേമ പെന്‍ഷന്‍ പട്ടിക കുറ്റമറ്റതാക്കാനാണ് നീക്കം.