ബംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവിക ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്.

ശ്രീനന്ദയുടെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും. മൃതദേഹം രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10.00 മണി വരെ പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാര ചടങ്ങുകള്‍ 10.30 ഓടെ ആരംഭിക്കുമെന്നാണ് വിവരം. ചിക്കമംഗളൂരുവില്‍ വച്ച് നാലുദിവസം മുന്‍പ് കാണാതായ ശ്രീനന്ദയുടെ മൃതദേഹം നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയില്‍ നിന്ന് 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കണ്ണീരടക്കാന്‍ കഴിയാതെ നാട്

ശ്രീനന്ദയെ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ നാട് സങ്കടത്തിലായിരുന്നു. ജീവനോടെ തിരികെ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ പ്രതീക്ഷ വെറുതേയായി. പ്രാര്‍ഥനയില്‍ നാടാകെ കാത്തിരിന്നു. തിരച്ചിലിന്റെ ഒാരോ ഘട്ടവും അറിയാന്‍ നാട്ടുകാര്‍ കടമ്പഴിപ്പുറം കൂത്തറയില്‍ ശ്രീനന്ദയുടെ വീട്ടിലെത്തിക്കൊണ്ടിരുന്നു. പെട്ടെന്നു വഴിതെറ്റിയതാകാമെന്നും കഴിഞ്ഞ ദിവസം കാട്ടില്‍ കാണാതായി പിന്നെ തിരിച്ചെത്തിയ നാദാപുരത്തെ ശരണ്യയെപ്പോലെ ശ്രീനന്ദയും വരുമെന്നും ചിലര്‍ ബന്ധുക്കളെയും നന്ദുവിന്റെ സഹോദരനെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത നാടിനെ കണ്ണീരിലാഴ്ത്തി.

നിറഞ്ഞ ചിരിയുമായി വീട്ടിലേക്ക് ഇനി ശ്രീനന്ദ വരില്ലല്ലോ എന്നു പറഞ്ഞ് ഉറ്റവര്‍ വിതുമ്പി. ഏക സഹോദരി നഷ്ടമായെന്നു കേട്ട് ആകെ തളര്‍ന്ന അവസ്ഥയില്‍ അകത്തെ മുറിയിലായിരുന്നു സച്ചു. ശ്രീനന്ദയുടെ കുടുംബവും അയല്‍വാസികളും ഉള്‍പ്പെടെ 40 അംഗ സംഘം കഴിഞ്ഞ നാലിനാണു കര്‍ണാടകയിലേക്കു വിനോദയാത്ര പോയത്. പഠനത്തിരക്കുണ്ടായിരുന്നതിനാല്‍ സഹോദരന്‍ സച്ചു പോയിരുന്നില്ല.

ചൊവ്വാഴ്ച രാത്രി മടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെയാണു ശ്രീനന്ദയെ കാണാതായത്. ഫോട്ടോയെടുത്തും കൂട്ടത്തിലെ കുട്ടികളുമായി കളിച്ചും ചിരിച്ചും വലിയ സന്തോഷത്തിലായിരുന്നു കുട്ടിയെന്നു ശ്രീനന്ദയുടെ പിതാവ് കെ.ജി.രമേശിന്റെ സഹോദരന്‍ കെ.ജി.ശശികുമാര്‍ വിതുമ്പലോടെ പറഞ്ഞു. തിരച്ചില്‍ നീളുംതോറും എല്ലാവരുടെയും നെഞ്ചിടിപ്പ് ഏറിക്കൊണ്ടിരുന്നു. ചിലര്‍ വഴിയില്‍ തളര്‍ന്നിരുന്നു. അതിനിടെ പൊലീസില്‍ വിവരം അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. തിരച്ചിലിന്റെ മൂന്നാം ദിവസത്തിലാണു സംഘത്തിലെ കുറച്ചുപേര്‍ നാട്ടിലേക്കു തിരിച്ചത്. ശ്രീനന്ദയുടെ മാതാപിതാക്കളായ രമേശ്, രോഹിണി, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെ അവിടെ തങ്ങി.

തിരച്ചില്‍ നടത്താന്‍ സജ്ജരായി നാട്ടില്‍ നിന്നു യുവാക്കളുടെ സംഘവും പോയിരുന്നു. പാലക്കാട് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും സ്ഥലത്തെത്തി. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ശ്രീനന്ദയെക്കുറിച്ച് അധ്യാപകര്‍ക്കും പറയാന്‍ നല്ലതുമാത്രം. പഠനത്തില്‍ മിടുക്കിയായ ശ്രീനന്ദ ഗാനാലാപനം, ഡാന്‍സ് തുടങ്ങിയ ഇനങ്ങളില്‍ മികവറിയിച്ചിട്ടുണ്ട്. സംസ്ഥാനതല ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയില്‍ സമ്മാനം നേടിയിട്ടുണ്ട്.

പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ രമേശ് ഗോപാലന്റെയും രോഹിണിയുടെയും മകളാണ് 15 കാരിയായ ശ്രീനന്ദ. 40 പേരടങ്ങുന്ന ഈ സംഘം കഴിഞ്ഞ ശനിയാഴ്ച്ചയാണ് നാട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തിയത്.