- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആ വീട് എന്റേത്; റേഷന്‍ കാര്‍ഡിലെ പേര് വെട്ടിയത് നിയമ വിരുദ്ധമായി; നീക്കത്തിന് പിന്നില്‍ സിപിഐ നേതാക്കള്‍; കാര്‍ഡ് റദ്ദാക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കും; റേഷന്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് വെട്ടിയതില്‍ പ്രതികരണവുമായി ശ്രീനാദേവി കുഞ്ഞമ്മ
ആ വീട് എന്റേത്; റേഷന്‍ കാര്‍ഡിലെ പേര് വെട്ടിയത് നിയമ വിരുദ്ധമായി

തിരുവനന്തപുരം: നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് വെട്ടിയത് നിയമവിരുദ്ധമായിട്ടാണെന്നും ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ കോണ്‍ഗ്രസ് അംഗമായ ശ്രീനാദേവി കുഞ്ഞമ്മ. റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേര് ചേര്‍ത്തുവെന്ന വാര്‍ത്തകളോട് മറുനാടനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അടൂര്‍ താലൂക്കില്‍ ഏറത്തു പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കൊള്ളാശ്ശേരില്‍ വീട്ടില്‍ യശോദ എസ് . പിള്ള എന്നയാളുടെ റേഷന്‍ കാര്‍ഡില്‍ ശ്രീനാ വ്യാജമായി പേര് ചേര്‍ത്ത് എന്ന് ആരോപിച്ച് മക്കളായ ശ്രീജിത്ത് എസ് പിള്ള, ശ്യാംജിത്ത് എസ് പിള്ള, സഞ്ജിത് എസ്. പിള്ള എന്നിവര്‍ നല്‍കിയ പരാതിയിലാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ നടപടി സ്വീകരിച്ചത്. ശ്രീനായുടെ പേര് കാര്‍ഡില്‍ നിന്ന് നീക്കിയതിന് പിന്നാലെ വിവാദവുമായി. ശ്രീനാ വ്യാജരേഖ ചമച്ചാണ് കാര്‍ഡില്‍ കടന്നു കൂടിയത് എന്നായിരുന്നു പരാതി. കൊല്ലം ജില്ലയില്‍ പോരുവഴി പഞ്ചായത്തില്‍ കമ്പലടി അയണിവേലില്‍ വീട്ടില്‍ താമസക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മ ഈ കാര്‍ഡ് ഉപയോഗിച്ച് ഏറത്ത് പഞ്ചായത്ത് 17-ആം വാര്‍ഡില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീനയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം റദ്ദാക്കണം എന്നും ആവശ്യമുയര്‍ന്നു. ശ്രീന വ്യാജരേഖ ചമച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്ന വിവാദം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെ ആണ് അവര്‍ മറുനാടനോട് പ്രതികരിച്ചത്.
തന്റെ അമ്മാവന്‍ കെ.കെ.സോമനാഥന്‍ പിള്ളയുടെ ഭാര്യയാണ് യശോദ. ഇവര്‍ക്ക് നാലുമക്കളാണ്. അതില്‍ ആണ്‍മക്കളാണ് പരാതിക്കാര്‍. ശ്രീ പാര്‍വതി എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ ജോലി സ്ഥലത്താണ് ശ്രീ പാര്‍വതി ഉള്ളത്. 2014-15 കാലഘട്ടത്തില്‍ താന്‍ അമ്മാവന്റെ വീട്ടില്‍ താമസം തുടങ്ങി. തുടര്‍ന്ന് താനും പാര്‍വതിയും ഒന്നിച്ച് സിവില്‍ സര്‍വീസ് പരിശീലനത്തിന് തിരുവനന്തപുരത്ത് ചേര്‍ന്നു. അപ്പോഴും അമ്മാവന്റെ വീട്ടില്‍ ആണ് ഇടയ്ക്കിടെ വന്നു താമസിച്ചിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയപ്പോഴും പത്തനംതിട്ട ജില്ലാ കേന്ദ്രികരിച്ചാണ് ഉണ്ടായിരുന്നത്. യുവജനസംഘടന ഭാരവാഹിത്വവും പത്തനംതിട്ടയിലായിരുന്നു.
2019 ല്‍ അമ്മാവന്‍ മരിച്ചു. ഇതിനിടെ യശോദ എസ്. പിള്ള അസുഖ ബാധിതയായി. ആണ്‍മക്കള്‍ മൂവരും തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ യശോദ ജീവനാംശം കിട്ടാന്‍ ആര്‍ഡിഓയ്ക്ക് കേസ് കൊടുത്തു. അങ്ങനെ അവര്‍ക്ക് ജീവനാംശം ലഭിച്ചു. 2020 ലാണ് ശ്രീനയുടെ പേര് ഇവിടെ റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
അന്ന് ഇതിന് വേണ്ട സഹായം മുഴുവന്‍ ചെയ്തത് സിപിഐ ജില്ലാ നേതൃത്വവും ജില്ലാ സെക്രട്ടറി ആയിരുന്ന എ.പി. ജയനുമാണ്. അന്ന് എതിര്‍ പക്ഷമായിരുന്ന കോണ്‍ഗ്രസ് ശ്രീനക്കെതിരെ വോട്ടര്‍ പട്ടികയെ ചൊല്ലി കളക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ കളക്ടര്‍ ഇത് തള്ളി. അതിനു ശേഷം ശ്രീനാദേവിയും ജില്ലാ സെക്രട്ടറി എ.പി. ജയനുമായി അസ്വാരസ്യം ഉടലെടുത്തു. ശ്രീന നല്‍കിയ പരാതിയിന്മേല്‍ ജയനെതിരെ സംസ്ഥാന നേതൃത്വം നടപടി എടുത്തു. അദ്ദേഹത്തെ തരംതാഴ്ത്തി. ഇതോടെ ശ്രീനായും പാര്‍ട്ടിയുമായി നിരന്തരം പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഒടുക്കം ശ്രീന പാര്‍ട്ടി അംഗത്വവും ജില്ലാ പഞ്ചായത്ത് അംഗത്വവും രാജിവച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പള്ളിക്കല്‍ ഡിവിഷനില്‍ മത്സരിച്ചു വിജയിച്ചു.
2024 ഒക്ടോബര്‍ 18 നു ശ്രീനയുടെ അമ്മാവിയായ യശോദ എസ്. പിള്ള മരണമടഞ്ഞു. തനിക്കെതിരെ നല്‍കിയ പരാതിയില്‍ യശോദയുടെ മക്കള്‍ അവര്‍ മരിച്ച മാസമായി എഴുതിയിരിക്കുന്നത് ഒക്ടോബറിന് പകരം സെപ്തംബര്‍ എന്നാണെന്ന് ശ്രീനാദേവി ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള വീടിന്റെയും വസ്തുവിന്റെയും അവകാശം അവരുടെ നാലുമക്കള്‍ക്കുമായി നേരത്തെ നല്‍കിയിരുന്നു. ഇതില്‍ മകളായ പാര്‍വതിയുടെ വിഹിതത്തില്‍ പകുതി തനിക്കു എഴുതി തന്നുവെന്ന് ശ്രീനാദേവി പറഞ്ഞു. ഇതോടെ ഈ വീടിനു ശ്രീനയ്ക്കും അവകാശമായി. ഈ വിവരം അറിഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരെ നീക്കം തുടങ്ങിയത്.
സിപിഐ നേതാക്കളാണ് ഇതിന് പിന്നിലെന്ന് ശ്രീനാ ആരോപിക്കുന്നു. പരാതി ലഭിച്ചതിന് പ്രകാരം താലൂക് സപ്ലൈ ഓഫീസര്‍ ഹിയറിങ് വിളിച്ചു. താനും സാക്ഷികളും ഹാജരായി തെളിവും മൊഴികളും നല്‍കി. ആ വാര്‍ഡിലെ മുന്‍ അംഗം അടക്കം തന്‍ അവിടെ താമസക്കാരി ആണെന്ന് സാക്ഷ്യപ്പെടുത്തി. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് സിപിഐക്കാര്‍ കൊണ്ടുവന്ന രണ്ട് സാക്ഷികളുടെ മൊഴി പ്രകാരമാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ തീരുമാനം എടുത്ത് തന്റെ പേര് വെട്ടിയത് എന്നാണ് ശ്രീനയുടെ വാദം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. തനിക്ക് കൂടി അവകാശപ്പെട്ട ഏറത്ത് പഞ്ചായത്തിലെ വീട് ഏതാനും പേര്‍ കൈയേറി താമസിക്കുകയാണ്. അതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെന്നും ശ്രീന അറിയിച്ചു.


