- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസാരത്തിനിടെ ശ്വാസംമുട്ടി! 24 മണിക്കൂറിന് ശേഷം ബോധം വന്നപ്പോള്‍ ഞാന്‍ വിനുവിനോട് പറഞ്ഞു എന്നെ ഇപ്പോള്‍ ജീവിപ്പിച്ചത് നീയല്ലെ, എന്നെ ഇനി നോക്കേണ്ടതും തന്റെ കടമ; അന്ന് പക്ഷെ ഒരു കാര്യം മനസിലായി മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട; മരണം മുന്നില്‍ കണ്ട നിമിഷത്തെയും തന്റെ ജീവിതം മാറ്റിയ ദുശീലത്തെക്കുറിച്ച് പറയുമ്പോഴും തനതുശൈലി വിടാത്ത ശ്രീനിവാസന്
സംസാരത്തിനിടെ ശ്വാസംമുട്ടി!
തിരുവനന്തപുരം: ജീവിതത്തെ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ആ ശൈലി ജീവിതത്തിലും തുടരുകയായിരുന്നു ശ്രീനിവാസന്‍.തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച പുകവലിയെന്ന ദുശ്ശീലത്തെക്കുറിച്ച് പലയാവര്‍ത്തി സംസാരിച്ച ശ്രീനിവാസന്‍ ആ സംസാരത്തിലൊക്കെയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തിരുന്നു.ഉപദേശങ്ങള്‍ക്കപ്പുറം കാഴ്ച്ചക്കാരന് മനസിലാകുന്ന ഭാഷയില്‍ രീതിയില്‍ സമൂഹത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ചോദ്യം ചെയ്ത ശ്രീനിവാസന്‍ പുകവലിയെക്കുറിച്ച് പറഞ്ഞത് ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സെല്‍ഫ്ട്രോള്‍ എന്ന നിലയ്ക്കാണ്.തന്റെ അനുഭവം ഇതാണ്.. തന്റെ ജീവിതം കണ്ടല്ലോ.. നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം എന്നതായിരുന്നു ആ രീതി.
ജൈവകൃഷിക്കും വിഷമില്ലാത്ത ഭക്ഷണത്തിനും വേണ്ടി വാദിച്ച ശ്രീനിവാസന് തന്റെ ജീവിതത്തില്‍ ഒരു കാര്യത്തില്‍ മാത്രം പിഴവ് സംഭവിച്ചു, അത് പുകവലിയോടുള്ള അമിതമായ പ്രിയമായിരുന്നു.ഏറെക്കാലമായി ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധമായും അസുഖങ്ങള്‍ ശ്രീനിവാസനെ അലട്ടിയിരുന്നു.തന്റെ രോഗാവസ്ഥയ്ക്ക് പ്രധാന കാരണം അമിതമായ പുകവലിയാണെന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്.വി.എം വിനു സംവിധാനം ചെയ്ത 'കുട്ടിമാമ' എന്ന സിനിമയുടെ ഡബ്ബിങ്ങിന് ഇടയിലാണ് ആദ്യമായി ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ വളരെ മോശമാകുന്നത്. അന്ന് ഡബ്ബിങ്ങിന് ആയി ലാല്‍ സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ ഒരു ശ്വാസം മുട്ടല്‍ പോലെ അനുഭവപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്.പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്.ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാല്‍ ഞാന്‍ വലിച്ചുപോകും,അത്രയ്ക്ക് അഡിക്ഷനുണ്ട്. മറ്റുള്ളവരോട് എനിക്ക് ഒരു ഉപദേശമേയുള്ളൂ, കഴിയുമെങ്കില്‍ പുകവലിക്കാതിരിക്കുക,' എന്നായിരുന്നു ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്.മരണത്തെക്കുറിച്ചും അന്ന് തനത് ശൈലിയില്‍ അദ്ദേഹം പറഞ്ഞു.ഒരു കാര്യം മനസ്സിലായി. മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. ഏതു മണ്ടനും എത്രവേഗം വേണമെങ്കിലും മരിക്കാം.' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ശ്രീനിവാസന്റെ വാക്കുകള്‍
'സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ശ്വാസം മുട്ടല്‍ഉണ്ടായത്. വിനുവാണ് എന്റെ ജീവന്‍ തിരിച്ചുകൊണ്ടുവന്നത്. മരണത്തെ നമ്മള്‍ പര്‍വതീകരിച്ചിട്ട് വലിയൊരു സംഭവമാണെന്ന് വിചാരിക്കേണ്ട ആവശ്യമില്ല.കുട്ടിമാമ എന്ന സിനിമയ്ക്കായി ഡബ്ബിങ് തിയേറ്ററില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ശ്വാസം മുട്ടല്‍ ഉണ്ടായത്.
ശ്വാസം മുട്ടിയപ്പോള്‍ വിനു ഹോസ്പിറ്റലില്‍ പോണോ എന്ന് ചോദിച്ചു.ഹോസ്പിറ്റലില്‍ ഒന്നും പോകേണ്ട എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു.പക്ഷേ ശ്വാസം മുട്ടല്‍ കൂടുതലായി. ഞാന്‍ ഹോസ്പിറ്റലില്‍ പോകേണ്ട എന്ന് പറയുമ്പോഴും വിനു എന്റെ പ്രതിഷേധം അല്ലെങ്കില്‍ നിഷേധം വകവെക്കാതെ വേറെആരൊക്കെയോ കൂടിയിട്ട് എന്നെ നിര്‍ബന്ധമായിട്ട് പിടിച്ചിറക്കി കൊണ്ടുപോയി.അവസാനം കാറില്‍ കയറ്റി തൊട്ടടുത്തുള്ള എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോവുയാണ് ചെയ്തത്. ബൈപ്പാസിലേക്ക് കയറുന്നതിനു മുമ്പുള്ള കാക്കനാട് നിന്ന് വരുന്ന റോഡ് ഉണ്ടല്ലോ... ലാല്‍മീഡിയില്‍ നിന്ന് വരുമ്പോള്‍ ആ റോഡിലൂടെ വാഹനം ഇങ്ങനെ പോകുന്നത് മാത്രമാണ് എന്റെ ഓര്‍മ്മയില്‍ ഉള്ളത്. പിന്നെ എനിക്ക് ബോധമില്ല. ബോധം വരുന്നത് ഏകദേശം 24 മണിക്കൂര്‍ കഴിഞ്ഞിട്ടാ.
അപ്പൊ ഇതിനിടയില്‍ വേണമെങ്കില്‍ മരിച്ചു പോകാം. അപ്പൊ എനിക്ക് ഒരു കാര്യം മനസ്സിലായി മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട, ബോധം പോയ ആ ഘട്ടം തന്നെ വേണെങ്കില്‍ ചില ആള്‍ക്കാര്‍ മരണംവലിയൊരു സംഭവമായിട്ട് എടുക്കുമല്ലോ അതിന്റെയൊന്നുംകാര്യമൊന്നുമില്ല. മരണം എന്ന് പറയുന്നത്ഒഴിവാക്കാന്‍ പറ്റാത്ത നിസ്സാരമായ ഒരു കാര്യമാണെന്ന് വേണമെങ്കില്‍ നമുക്ക് കരുതാവുന്നതാണ്. മരണത്തെ നമ്മള്‍ പര്‍വതീകരിച്ചിട്ട് വലിയൊരു സംഭവമാണെന്ന് വിചാരിക്കേണ്ട ആവശ്യമില്ല. പലരും പേടിക്കില്ലേ അതെന്തിനാണ് പേടിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്. എനിക്ക് പേടിയേതോന്നിയില്ല ഇത്രയേ ഉള്ളല്ലോ മരണം എന്നാണ് തോന്നിയത്.അപ്പോ ഞാന്‍ വിനുവിനോട് പറഞ്ഞത് വിനുവാണ് എന്റെ ജീവന്‍ തിരിച്ചുകൊണ്ടുവന്നത് അതുകൊണ്ട് ഇനി അങ്ങോട്ടുള്ള എന്റെ ജീവിത ചെലവൊക്കെ വിനു വഹിക്കണം.
എന്നെ ജീവിപ്പിച്ച പുള്ളിയല്ലേ അപ്പൊ പിന്നെ ഇനിയുള്ള കാര്യങ്ങള്‍ക്കൊക്കെ പുള്ളി ഉത്തരവാദിയാണ്. സ്വാഭാവികമായുംപുള്ളി മാത്രമാണ് എന്റെ ജനനത്തിന് ഉത്തരവാദി.സാധാരണ മക്കള്‍ ഉണ്ടായി കഴിഞ്ഞാല്‍ അച്ഛനും അമ്മയുമല്ലേ ഉത്തരവാദികള്‍.അതുപോലെ എന്റെ ജീവന്‍ രക്ഷിച്ചത് വിനുവാണ്.അവിടെ വെച്ച് ഞാന്‍ പറഞ്ഞു ഇനിയുള്ള ജീവിതത്തിനുള്ള എല്ലാ ചെലവും വിനു വഹിക്കണം എന്ന്.അത് പുള്ളി ചെയ്യുമോ എന്ന് എനിക്കറിയില്ല.'
ശ്രീനിവാസന്റെ ഈ ദുശ്ശീലത്തെക്കുറിച്ച് മകന്‍ ധ്യാന്‍ ഉള്‍പ്പടെ പലരും നിരവധി തവണ പറഞ്ഞിട്ടുണ്ട്.'അച്ഛന്‍ അലോപ്പതിക്ക് എതിരാണ്, മൈദയ്ക്കും പൊറോട്ടയ്ക്കും എതിരാണ്. എന്നാല്‍ ഇതിനൊക്കെ എതിരാണെങ്കിലും അദ്ദേഹം നന്നായി സിഗരറ്റ് വലിക്കും, അതിന് മാത്രം അദ്ദേഹം എതിരല്ല.' എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ആദര്‍ശങ്ങള്‍ മുറുകെ പിടിക്കുമ്പോഴും പുകവലി എന്ന ശീലത്തിന് മുന്നില്‍ അദ്ദേഹം കീഴടങ്ങിപ്പോയിരുന്നു.
സംവിധായകന്‍ ശാന്തിവിള ദിനേശും ശ്രീനിവാസന്റെ ഈ ശീലത്തെക്കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു. 'ശ്രീനിചേട്ടന്‍ സ്വയം പീഡിപ്പിച്ച് നശിപ്പിച്ചു എന്ന് ഞാന്‍ പറയും. സിഗരറ്റ് വലിക്കരുതെന്ന് നൂറ് തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്. സ്‌ക്രിപ്റ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ പുകയുടെ നടുവിലാണ് അദ്ദേഹം ഇരിക്കുന്നത്. ഒരു സിഗരറ്റില്‍ നിന്ന് അടുത്തത് കത്തിക്കും. ആരോടോ വാശി തീര്‍ക്കുന്നത് പോലെയായിരുന്നു ആ വലി. എഴുത്തിന്റെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണോ അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് അറിയില്ല,' ശാന്തിവിള ദിനേശ് ഓര്‍ക്കുന്നു.
സംവിധായകന്‍ ശാന്തിവിള ദിനേശും ശ്രീനിവാസന്റെ ഈ ശീലത്തെക്കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു. 'ശ്രീനിചേട്ടന്‍ സ്വയം പീഡിപ്പിച്ച് നശിപ്പിച്ചു എന്ന് ഞാന്‍ പറയും. സിഗരറ്റ് വലിക്കരുതെന്ന് നൂറ് തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്. സ്‌ക്രിപ്റ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ പുകയുടെ നടുവിലാണ് അദ്ദേഹം ഇരിക്കുന്നത്. ഒരു സിഗരറ്റില്‍ നിന്ന് അടുത്തത് കത്തിക്കും. ആരോടോ വാശി തീര്‍ക്കുന്നത് പോലെയായിരുന്നു ആ വലി. എഴുത്തിന്റെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണോ അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് അറിയില്ല,' ശാന്തിവിള ദിനേശ് ഓര്‍ക്കുന്നു.




