തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിനെതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമര്‍ശനങ്ങളെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാദ്ധ്യമങ്ങളെ കാണുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദീര്‍ഘ വീക്ഷണത്തോടെയാണ് 2026-27 ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും 2047ല്‍ രാജ്യം എങ്ങനെയാകണം എന്നതാണ് ബഡ്ജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.'

എയിംസ് വിഷയത്തില്‍ കേരളം എന്ത് ചെയ്‌തെന്ന് പറയണം. ഇലക്ഷന്‍ ഒന്ന് മാറ്റിവച്ചാല്‍ ഇപ്പോള്‍ ഉയരുന്നതെല്ലാം കെട്ടടങ്ങും. ഭാരത സര്‍ക്കാരിന്റെ 2026 27 വര്‍ഷത്തേക്കുള്ള ബഡ്ജറ്റിനെ സംബന്ധിച്ച് രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ നടക്കുന്നു. ബഡ്ജറ്റിന്റെ ഇമ്പാക്ട് കെടുത്തുന്ന രീതിയില്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കെതിരെ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്നു. അതിനാലാണ് ഉത്തരവാദിത്തപ്പെട്ട ഒരു വിശദീകരണം ഈ വിഷയത്തില്‍ നല്‍കുന്നത്.

21-ാംനൂറ്റാണ്ടിലെ രണ്ടാമത്തെ ക്വാട്ടറിലെ ആദ്യ ബഡ്ജറ്റാണിത്. രാജ്യത്തിന്റെ അവകാശികള്‍ക്കായുള്ള ജീവിതരേഖ ഈ ബഡ്ജറ്റില്‍ ഉള്‍പ്പെടുന്നു. വികസിത് ഭാരത് എന്ന് പ്രധാനമന്ത്രി ഇതിനെ വിഭാവനം ചെയ്യുന്നു. 2047 വരെയുള്ള ദീര്‍ഘദൃഷ്ടി. ആരോഗ്യം, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി വിവിധ പ്രായത്തിലുള്ളവര്‍ക്ക് ഉപകാരപ്രഥമാര്‍ന്ന രീതിയില്‍ ബഡ്ജറ്റ് വിലയിരുത്തുന്നു'- സുരേഷ് ഗോപി പറഞ്ഞു.

ബഡ്ജറ്റില്‍ എയിംസ് എവിടെയെന്ന ചോദ്യത്തിന് 2016 ല്‍ പ്രഖ്യാപിച്ചല്ലോയെന്നും സുരേഷ് ഗോപി മറുപടി നല്‍കി. ആലപ്പുഴയില്‍ എയിംസ് വരണമെന്നത് തന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍ അത് നേടിയെടുക്കണം. കേരളത്തില്‍ എയിംസ് വരുമെന്നും വന്നിരിക്കുമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇനിയും സമയമുണ്ട്, സ്ഥലമെടുത്ത് തന്നാല്‍ വന്നിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

'മറ്റേ മോന്‍' വിളിയിലും അദ്ദേഹം വിശദീകരണം നല്‍കി. നിങ്ങള്‍ വ്യാഖ്യാനിച്ചതല്ല താന്‍ ഉദ്ദേശിച്ചതെന്ന് സുരേഷ് ഗോപി. ഉദ്ദേശിച്ചത് മറ്റേ മകന്‍ എന്നായിരുന്നു. ആ സമയത്ത് വിമര്‍ശനം ഉന്നയിച്ച ആളുടെ പേര് കിട്ടാത്തതതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അതിന് മറ്റ് അര്‍ഥങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് ഘട്ടമായതിനല്‍ അതിനെ അങ്ങനെ വ്യാഖ്യാനിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

'സത്യം പറയുകയാണ് നെഞ്ചത്ത് കൈവച്ച്. നിങ്ങള്‍ വ്യാഖ്യാനിച്ച അതല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അന്നേരം അദ്ദേഹത്തിന്റെ പേര് എടുത്ത് പറയാന്‍ തോന്നിയില്ല. മറ്റേ ഇത് പറഞ്ഞ മോന്‍ ഇല്ലേ.. എന്നുളളതേ ഞാന്‍ ഉദ്ദേശിച്ചുള്ളു. എന്റെ അമ്മ സത്യം. നിങ്ങള്‍ എല്ലാം വ്യാഖ്യാനിച്ച് അത് അങ്ങനെ ആക്കി എടുക്കണം. ഇലക്ഷന്‍ വരുന്നതുകൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ ഒരുവിചാരം ഉണ്ടെങ്കില്‍ എനിക്കതില്‍ പരിതപിക്കാന്‍ സാധിക്കില്ല. പുച്ഛത്തോടെ തള്ളുന്നു എന്നൊന്നും പറയുന്നില്ല. അത് നിങ്ങളുടെ അവകാശം'- സുരേഷ് ഗോപി പറഞ്ഞു.